600 രൂപയ്ക്ക് കൊല്‍ക്കത്ത-ചെന്നൈ യാത്ര; അതും മൂന്നു മണിക്കൂറിനുള്ളില്‍, പദ്ധതി ഇങ്ങനെ

Published by
Brave India Desk

ചെന്നൈ: വെറും മൂന്ന് മണിക്കൂറിനുള്ളില്‍ കൊല്‍ക്കത്തയില്‍ നിന്ന് ചെന്നൈയിലേക്ക് യാത്ര ചെയ്താലോ. അതും 600 രൂപയ്ക്ക്. അതിശയകരമായി തോന്നുന്നുണ്ടോ എന്നാല്‍ സംഭവം സത്യമാണ്. കുറഞ്ഞ ചെലവിലുള്ള ദീര്‍ഘദൂര യാത്രകള്‍ അതിവിദൂരമല്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഐ.ഐ.ടി മദ്രാസും സ്റ്റാര്‍ട്ടപ്പ് കമ്പനിയായ വാട്ടര്‍ഫ്‌ളൈ ടെക്‌നോളജീസുമാണ് ഇത്തരമൊരു സ്വപ്ന പദ്ധതിയുമായി രംഗത്തു വന്നിരിക്കുന്നത്. നിലവില്‍ പദ്ധതി പ്രാരംഭ ഘട്ടത്തിലാണെങ്കിലും മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനായ ആനന്ദ് മഹീന്ദ്രയടക്കം ഈ പദ്ധതിയെ അഭിനന്ദിച്ച് രംഗത്തുവന്നു.

 

ചെന്നൈയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന 20 സീറ്റര്‍ ഇലക്ട്രിക് സീ ഗ്ലൈഡറുകള്‍ വികസിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2026 ല്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്ന് കേശവ് ചൗധരി അറിയിച്ചു ഗ്രൗണ്ട് ഇഫക്റ്റ് എന്ന പ്രതിഭാസത്തിലൂടെയാണ് സീ ഗ്ലൈഡറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കാറിന്റെ മാതൃകയില്‍ രൂപകല്‍പന ചെയ്തിട്ടുള്ള വാഹനം ജലോപരിതലത്തില്‍ നിന്ന് നാല് മീറ്റര്‍ ഉയരത്തില്‍ പറക്കുമെന്നും അതുവഴി ഗ്രൗണ്ട് ഇഫക്റ്റ് പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളത്തില്‍ നിന്നാണ് ഇവ ടേക്ക് ഓഫ് ചെയ്യുന്നത്. കൊല്‍ക്കത്തയില്‍ നിന്ന് ചെന്നൈയിലേക്കുള്ള ദൂരം 1,600 കിലോമീറ്ററിലധികം വരും. വിമാനങ്ങള്‍ കൊല്‍ക്കത്തയില്‍ നിന്ന് ചെന്നൈയിലേക്ക് പറക്കാന്‍ 2.5 മുതല്‍ മൂന്ന് ടണ്‍ വരെ ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനം ഉപയോഗിക്കുന്നു.

ഇതിന് ഒരു കിലോലിറ്ററിന് ഏകദേശം 95,000 രൂപ ചിലവാകും. വാട്ടര്‍ഫ്‌ളൈയുടെ സീഗ്ലൈഡറിന് ഈ ചെലവ് ഗണ്യമായി കുറക്കാന്‍ കഴിയും. വിംഗ്-ഇന്‍-ഗ്രൗണ്ട് ക്രാഫ്റ്റുകള്‍ എന്നാണ് ഈ ഇലക്ട്രിക് സീ-ഗ്ലൈഡറുകള്‍ അറിയപ്പെടുന്നത്. പദ്ധതിക്ക് ഐ.ഐ.ടി മദ്രാസ് സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ പ്രതിരോധ മേഖലയില്‍ നിന്ന് കൂടുതല്‍ ധനസഹായം സ്വരൂപിക്കാനും കമ്പനി ശ്രമിക്കുന്നുണ്ട്.

Enter

 

Share
Leave a Comment

Recent News