മൃഗസംരക്ഷണത്തിനോട് തോന്നിയ താത്പര്യം; മികവിന് അനന്ത് അംബാനിക്ക് അംഗീകാരം; വൻതാരയ്ക്ക് ‘പ്രാണി മിത്ര’ ദേശീയ പുരസ്‌കാരം

Published by
Brave India Desk

ന്യൂഡൽഹി: മൃഗസംരക്ഷണത്തിലെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന ബഹുമതിയായ ‘പ്രാണി മിത്ര’ ദേശീയ പുരസ്‌കാരം നേടി ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വൻതാര. ‘കോർപ്പറേറ്റ്’ വിഭാഗത്തിലാണ് കേന്ദ്ര സർക്കാർ നൽകുന്ന ഈ അംഗീകാരം വൻതാര സ്വന്തമാക്കിയത്. ആനകളുടെ രക്ഷാപ്രവർത്തനം, ചികിത്സ, ജീവിതകാലം മുഴുവനുമുള്ള പരിചരണം എന്നിവയ്ക്കായി സമർപ്പിക്കപ്പെട്ട വൻതാരയുടെ കീഴിലുള്ള രാധേ കൃഷ്ണ ടെമ്പിൾ എലിഫന്റ് വെൽഫെയർ ട്രസ്റ്റ് (ആർകെടിഇഡബ്ല്യുടി) എന്ന സംഘടനയുടെ അസാധാരണമായ സംഭാവനകളെ ഈ പുരസ്‌കാരം അംഗീകരിക്കുന്നു. ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന സഹമന്ത്രി പുരസ്‌കാരം സമ്മാനിച്ചു.

240ലധികം രക്ഷപ്പെടുത്തിയ ആനകൾക്ക് ചങ്ങലകളില്ലാത്തതും സുരക്ഷിതവും സമ്പന്നവുമായ അന്തരീക്ഷം നൽകുന്നതാണ് വൻതാരയുടെ അത്യാധുനിക എലിഫന്റ് കെയർ സെന്റർ. സർക്കസുകളിൽ നിന്ന് രക്ഷപ്പെടുത്തി കൊണ്ടുവന്ന 30 ആനകൾ, തടിവ്യവസായത്തിൽ നിന്ന് കൊണ്ടുവന്ന 100ലധികം ആനകൾ സവാരി, തെരുവ് യാചകവൃത്തി തുടങ്ങിയ ചൂഷണപരമായ പ്രവർത്തികളിൽ നിന്ന് രക്ഷപ്പെടുത്തിയ മറ്റ് ആനകളും ഉൾപ്പെടുന്നു. വർഷങ്ങളായി അവഗണനയ്ക്കും ദുരുപയോഗത്തിനും വിധേയരായിട്ടുള്ള ാനകളാണ് ഇവയിൽ പലതും.

ലോകോത്തര മൃഗവൈദ്യ ചികിത്സയും അനുകമ്പയുള്ള പരിചരണവും ആണ് വൻതാരയിൽ നിന്നും ഈ ആനകൾക്ക് ലഭിക്കുന്നത്. 998 ഏക്കർ വനത്തിൽ ആനകളെ സ്വതന്ത്രമായി സഞ്ചരിക്കാനും സാമൂഹികമായി ഇടപഴകാനും പ്രകൃതിദത്തമായ പെരുമാറ്റങ്ങളിൽ ഏർപ്പെടാനും ഈ കേന്ദ്രം ആനകളെ അനുവദിക്കുന്നു. ഈ വനത്തിൽ ഭക്ഷണം സ്വയം തന്നെ തേടാനും ചെളിയും പൊടിയും ഉപയോഗിച്ച് പ്രകൃതിദത്തമായ കുളങ്ങളിൽ കുളിക്കാനും മറ്റ് വിനോദങ്ങങ്ങൾക്കുമെല്ലാം സാധിക്കുന്നു.

‘ഇന്ത്യയിലെ മൃഗങ്ങളെ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമായി ജീവിതം ഉഴിഞ്ഞുവെച്ച എണ്ണമറ്റ വ്യക്തികൾക്കുള്ള ആദരമാണ് ഈ പുരസ്‌കാരം. വൻതാരയിൽ, മൃഗങ്ങളെ സേവിക്കുന്നത് ഒരു കടമ മാത്രമല്ല, അത് ഞങ്ങളുടെ ധർമ്മവും സേവയുമാണ്. അനുകമ്പയിലും ഉത്തരവാദിത്തത്തിലും ആഴത്തിൽ വേരൂന്നിയ പ്രതിബദ്ധതയാണത്’- പുരസ്‌കാരം സ്വീകരിച്ച ശേഷം വൻതാരയുടെ സിഇഒ വിവാൻ കരണി വ്യക്തമാക്കി.

Share
Leave a Comment