കേന്ദ്രം വടിയെടുത്തു; സംഘർഷങ്ങൾക്ക് അയവ്; സമാധാനത്തിന്റെ പാതയിൽ മണിപ്പൂർ

Published by
Brave India Desk

കേന്ദ്രം വടിയെടുത്തതോടെ മണിപ്പൂർ സമാധാനത്തിന്റെ പാതയിലേക്ക് . രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിന് ശേഷം സംസ്ഥാനത്ത് ഇതുവരെ കാര്യമായ അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കലാപത്തിനിടെ കൊള്ളയടിച്ച ആയുധങ്ങൾ തിരികെ ഏൽപ്പിക്കണമെന്ന ലഫ്. ഗവർണർ അജയ് ഭല്ലയുടെ അന്ത്യശാസനം തീവ്രവാദ ഗ്രൂപ്പുകളെ ഭയപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ച കൊണ്ട് നല്ലൊരു ശതമാനം ആയുധങ്ങൾ കലാപകാരികൾ തിരികെ ഏൽപ്പിച്ചുവെന്നാണ് കണക്കുകൾ. തിരിച്ചേൽപ്പിക്കാനുള്ള കാലാവധി ഗവർണർ നീട്ടി നൽകിയ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിലും കൂടുതൽ ആയുധങ്ങൾ തിരികെയെത്തും.

സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി ശക്തമായ നടപടികൾ തുടരുകയാണ് കേന്ദ്രം. വിവിധ സ്ഥലങ്ങളിൽ കേന്ദ്രസേന നടത്തിയ പരിശോധനയിൽ വൻ ആയുധ ശേഖരം പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്തെ സായുധ ഗ്രൂപ്പുകൾക്കെതിരെയും കടുത്ത നടപടിയാണ് തുടരുന്നത്. ഇതിനോടകം തന്നെ സായുധ സംഘങ്ങളിലെ നിരവധി പേരെ അറസ്റ്റ് ചെയ്തു. തങ്ങളുടെ ഉദ്ദേശ്യങ്ങളൊന്നും ഇനി നടക്കില്ലെന്ന മുന്നറിയിപ്പാണ് ഭീകരവാദ ശക്തികൾക്ക് ഈ നടപടികൾ നൽകുന്നത്.

ഒരു ഹൈക്കോടതി വിധിയ്ക്ക് പിന്നാലെ ആയിരുന്നു മണിപ്പൂരിൽ രാജ്യത്തെ ഞെട്ടിക്കുന്ന സംഭവ വികാസങ്ങൾ അരങ്ങേറിയത്. കയ്യിൽ കിട്ടിയ ആയുധങ്ങളുമായി ജനങ്ങൾ തെരുവിലിറങ്ങിയതോടെ സംസ്ഥാനത്ത് അശാന്തിയുടെ തീ ആളിക്കത്തി. മണിപ്പൂരിലെ മെയ്തി വിഭാഗത്തിന് പട്ടിക വർഗ്ഗ പദവി നൽകാൻ ഹൈക്കോടതി നിർദ്ദേശം നൽകിയതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. ഇതിനെ എതിർത്ത് കുക്കി വിഭാഗം രംഗത്ത് എത്തി. ഇരുവിഭാഗങ്ങളും തെരുവിൽ ഏറ്റുമുട്ടിയതോടെ മണിപ്പൂരിന്റെ മണ്ണിൽ രക്തം ചിന്തി. 140 ലധികം ആളുകൾ ആയിരുന്നു രണ്ടര വർഷത്തിലധികമായി തുടർന്ന സംഘർഷത്തിൽ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജീവൻ ഭയന്ന് 40,000 ഓളം പേരായിരുന്നു പലായനം ചെയ്തത്. നൂറ് കണക്കിന് സ്ത്രീകൾ കൂട്ടബലാത്സംഗത്തിന് ഇരയായി. അയ്യായിരത്തോളം വീടുകൾ കലാപകാരികൾ ചുട്ടുകരിച്ചു.

ക്രമസമാധാനം ഉറപ്പുവരുത്താനുള്ള ബിരേൻ സിംഗ് സർക്കാരിന്റെ ശ്രമങ്ങളെയെല്ലാം വിഫലമാക്കി കൊണ്ടായിരുന്നു ഇരു ഗോത്രവിഭാഗങ്ങളും സംസ്ഥാനത്ത് ഏറ്റുമുട്ടിയത്. പോലീസ് സേനയെക്കാൾ അംഗബലമുള്ള ഇവർ ആയുധങ്ങൾ കൊള്ളയടിച്ചതോടെ സ്ഥിതി രൂക്ഷമായി. കേന്ദ്രസേനയെ ഇറക്കിയായിരുന്നു സംസ്ഥാന സർക്കാർ ഇത് നേരിട്ടത്. 2023 മെയ് മൂന്നിന് ആയിരുന്നു സംസ്ഥാനത്ത് ഗോത്രവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം ആരംഭിച്ചത്. ശക്തമായ ശ്രമങ്ങൾക്കൊടുവിൽ നിരവധി തവണ സംഘർഷത്തിന് അയവുവന്നു. എങ്കിലും അടിയ്ക്കടി പൊട്ടിപ്പുറപ്പെടുന്ന സംഘർഷങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകളെ വലച്ചു.

മുഖ്യമന്ത്രിയായ ബിരേൺ സിംഗിനെ തത്സ്ഥാനത്ത് നിന്നും മാറ്റി ആയിരുന്നു കേന്ദ്രസർക്കാർ സംസ്ഥാനത്ത് നിർണായ നീക്കം നടത്തിയത്. അദ്ദേഹത്തിനൊരു പകരക്കാരൻ ഉണ്ടാകുന്നതിന് മുൻപേ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. ഇതിലൂടെ സംസ്ഥാനത്തെ കൈപ്പിടിയിൽ ഒതുക്കിയ കേന്ദ്രസർക്കാർ കൂടുതൽ കേന്ദ്രസേനയെയും സംസ്ഥാനത്ത് വിന്യസിച്ചു. ഇതോടെ കലാപത്തിന് അന്ത്യം കുറിയ്ക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങൾക്ക് കരുത്ത് വർദ്ധിച്ചു. ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള തർക്കം മതപരമാക്കി നേട്ടം കൊയ്യാനുള്ള ശ്രമങ്ങൾ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നടന്നിരുന്നു. ഇത്തരം നീക്കങ്ങൾക്കും മണിപൂരിൽ വന്ന സമാധാനം തടയിടുകയാണ്.

ഭാരതത്തിന്റെ രത്‌നം എന്നാണ് മണിപ്പൂർ അറിയപ്പെടുന്നത്. ഭൂമിശാസ്ത്രപരമായും അല്ലാതെയുമുള്ള നിരവധി സവിശേഷതകളാണ് ഈ വിശേഷണം മണിപ്പൂരിന് നേടിക്കൊടുത്തിരിക്കുന്നത്. അങ്ങനെയിരിക്കെ കേവലം സംഘർഷങ്ങളുടെയോ അക്രമത്തിന്റെയോ പേരിലല്ല മണിപ്പൂരിനെ ലോകം അറിയേണ്ടത് എന്ന ശക്തമായ തീരുമാനത്തിലാണ് അധികൃതർ. മണിപ്പൂരിനെ അതിന്റെ പഴയ പ്രതാപത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നതിന് വേണ്ടി ആയിരിക്കും ഇനി കേന്ദ്രത്തിന്റെ ഓരോ നീക്കവും.

Share
Leave a Comment

Recent News