വിദേശ ധനസഹായം കൈപ്പറ്റുന്ന മാധ്യമ മുതലാളിമാരേയും തൊഴിലാളികളേയും കുറിച്ച് സർക്കാർ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡോ. കെ. എസ്. രാധാകൃഷ്ണൻ . ആവശ്യപ്പെടുവാൻ കെ. യു. ഡബ്‌ള്യു. ജെയോ വിദേശ ധനസഹായത്താൽ പ്രവർത്തിക്കുന്ന മാധ്യമത്തിലെ കെ. പി. റെജിയോ വിദേശ ധനസഹായം മേടിക്കുന്ന സംഘടനയായ സി പി ഐയുടെ ജനയുഗത്തിലെ സുരേഷ് എടപ്പാളോ തയ്യാറാണോ? എന്ന് അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റ്‌ലൂടെയായിരുന്നു അദ്ദേഹം ചോദ്യം ഉന്നയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
വിദേശ ധനസഹായം കൈപ്പറ്റുന്ന മാധ്യമ മുതലാളിമാരേയും തൊഴിലാളികളേയും കുറിച്ച് സർക്കാർ അന്വേഷണം വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു . ആവശ്യപ്പെടുവാൻ കെ. യു. ഡബ്‌ള്യു. ജെയോ വിദേശ ധനസഹായത്താൽ പ്രവർത്തിക്കുന്ന മാധ്യമത്തിലെ കെ. പി. റെജിയോ വിദേശ ധനസഹായം മേടിക്കുന്ന സംഘടനയായ സി പി ഐയുടെ ജനയുഗത്തിലെ സുരേഷ് എടപ്പാളോ തയ്യാറാണോ?
കേരള യൂണിയൻ ഓഫ് വർക്കിംഗ് ജർണലിസ്റ്റുകൾ ബി. ജെ. പി. സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രനെ വെല്ലുവിളിച്ചുകൊണ്ട് ഒരു പ്രസ്താവന ഇറക്കിയിട്ടുണ്ട്. മാധ്യമ പ്രവർത്തകരും മാധ്യമ സ്ഥാപനങ്ങളും ജോർജ് സോറസ് അടക്കമുള്ളവരിൽ നിന്നും പണം കൈപ്പറ്റി ഇന്ത്യയ്ക്ക് എതിരെ പ്രവർത്തിക്കുന്നുണ്ട് എന്ന് സുരേന്ദ്രൻ ആരോപിച്ചു. മാധ്യമ പ്രവർത്തകരെ ആക്ഷേപിച്ചത് ശരിയല്ല എന്നും ആരെങ്കിലും, സുരേന്ദ്രൻ ആരോപിക്കുന്നതുപോലെ, പണം സ്വീകരിക്കുന്നുണ്ടെങ്കിൽ അവരുടെ പേര് പറയണം എന്നും അവശ്യപ്പെടുന്നു.
കെ. യു. ഡബ്‌ള്യു. ജെ. എന്ന സംഘടനയിലെ അംഗങ്ങൾ അവർ അവകാശപ്പെടുന്നത് പോലെ മഹാന്മാരാണ് എന്നു കരുതാൻ പഴുതില്ല. വിദേശ ധനസഹായം കൈപ്പറ്റി ഇന്ത്യാവിരുദ്ധ പ്രവർത്തനം നടത്തിയ സിദ്ധിഖ് കാപ്പൻ എന്ന പോപ്പുലർ ഫ്രണ്ടുകാരൻ അറസ്റ്റ് ചെയ്യപ്പെട്ടു. അപ്പോൾ, അയാൾക്ക് വേണ്ടി പണപ്പിരിവു നടത്തിയ സംഘടനയല്ലേ കെ. യു. ഡബ്‌ള്യു. ജെ. വിദേശ ധനസഹായം സ്വീകരിച്ച് രാജ്യദ്രോഹം നടത്തിയ ഒരുവനെ രക്ഷിക്കാനായി പ്രകടനം നടത്തിയത് ആരുടെ താല്പര്യം സംരക്ഷിക്കാൻ വേണ്ടിയായിരുന്നു. മാധ്യമ സ്വാതന്ത്ര്യം എന്ന് പറഞ്ഞാൽ രാജ്യദ്രോഹ പ്രവർത്തനം നടത്താനുള്ള അവകാശം എന്നല്ല അർത്ഥം.
ടി സംഘടന ഇപ്പോൾ പ്രവർത്തിക്കുന്നത് ഇടതുപക്ഷ കക്ഷികളുടെ താല്പര്യ സംരക്ഷണത്തിന് വേണ്ടിയല്ലേ? പിണറായി വിജയനും മാർക്‌സിസ്റ്റ് പാർട്ടി നേതാക്കളും മാധ്യമ പ്രവർത്തകരെ ആട്ടിയോടിച്ചപ്പോൾ, അതിന് എതിരെ, നിങ്ങൾ എന്തു ചെയ്തു? മാധ്യമ സ്വാതന്ത്ര്യം എന്നാൽ മാധ്യമ പ്രവർത്തകർ, അവരുടെ സങ്കുചിത താല്പര്യത്തിന് അനുസൃതമായി, പ്രകടിപ്പിക്കുന്ന പക്ഷപാതപരമായ അസത്യപ്രചരണം എന്നല്ല അർത്ഥം.
പ്രകടമായി ഒരു രാഷ്ട്രിയ പക്ഷം ചേരുകയും അതിന് എതിരെ നിൽക്കുന്നവരെ പുലഭ്യം പറയുകയും ചെയ്യുന്നവരെ മാധ്യമ പ്രവർത്തകർ എന്നാണോ രാഷ്ട്രീയ പ്രവർത്തകർ എന്നാണോ വിശേഷിപ്പിക്കേണ്ടത്? വിദേശ ധനസഹായം കൈപ്പറ്റി പണിയെടുക്കുന്നവർ എല്ലാ വിഭാഗങ്ങളിലും ഉണ്ടെന്ന് കെ. പി. റജിയും സുരേഷ് എടപ്പാളും ചേർന്നു പ്രസിദ്ധീകരിച്ച പത്രക്കുറിപ്പിൽ പറയുന്നു. എല്ലാ വിഭാഗങ്ങളും എന്നു പറയുമ്പോൾ അതിൽ പത്രപ്രവർത്തക വിഭാഗവും ഉൾപ്പെടുമല്ലോ? അപ്പോൾ, നിങ്ങൾ കുറ്റം സമ്മതിച്ചു കഴിഞ്ഞു. ഇനി കുറ്റവാളികൾ ആരെന്ന് കൂടി പറഞ്ഞാൽ മതി. എല്ലാ വിഭാഗവും വിദേശ ധനം വാങ്ങിക്കുന്നു. പിന്നെ ഞങ്ങളെ മാത്രം എന്തിന് ഒറ്റപ്പെടുത്തുന്നു എന്നാണ് ചോദ്യമെങ്കിൽ, എല്ലാവരും കക്കുന്നു. എന്നാൽ, എല്ലാ കള്ളന്മാരേയും പിടിക്കാതെ തന്നെ മാത്രം എന്തിന് പിടിക്കുന്നു എന്ന് പണ്ടൊരു കള്ളൻ ചോദിച്ചിരുന്നു. മാധ്യമ പ്രവർത്തകർക്കും അതേ യുക്തി മാത്രമാണുള്ളത് എന്ന് വരുന്നത് നാണക്കേടാണ്.
സൗദി അറേബ്യയിലെ കിംഗ് അബ്ദുൾ അസീസ് സർവ്വകലാശാലയിൽ, ആഗോള ഇസ്ലാമികവൽക്കരണം ലക്ഷ്യമാക്കി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സംഘടനയുണ്ട്. അവരുടെ ധനസഹായം സ്വീകരിച്ചുകൊണ്ട് ആരംഭിച്ച പത്രമാണ് മാധ്യമം. അവരുടെ ടി. വി. ചാനലാണ് മീഡിയവൺ. ഈ രണ്ട് സ്ഥാപനങ്ങളുടേയും മുതലാളിമാർ ജമാഅത്തെ ഇസ്ലാമിയാണ്. മാധ്യമത്തിൽ ജോലി ചെയ്യുന്ന നിങ്ങളുടെ സംസ്ഥാന പ്രസിഡണ്ടിന് ഇക്കാര്യങ്ങൾ നന്നായി അറിയാവുന്ന കാര്യവുമാണ്. വിദേശധനം സ്വീകരിച്ചുകൊണ്ട് രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്ന സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. നിങ്ങളുടെ സെക്രട്ടറി സുരേഷ് ഇടപ്പാൾ സിപിഐക്കാരനാണ്. 1925 മുതൽ വിദേശധന സഹായം മേടിച്ചു പ്രവർത്തിക്കുന്ന സംഘടനയാണ് സി പി ഐ. അവരുടെ പത്രത്തിൽ പ്രവർത്തിക്കുന്ന സുരേഷ് ഇടപ്പാളിന് വിദേശസഹായം വരുന്ന വഴി അറിയില്ലെങ്കിൽ, അവ വരുന്ന വഴി അറിയാനായി ബിനോയ് വിശ്വത്തോട് ചോദിച്ചാൽ മതി. ബിനോയ് വിശ്വം പറഞ്ഞില്ലെങ്കിൽ ഡി രാജയോട് ചോദിച്ചാലും മതി.
ജോർജ് സോറസ് എന്ന ജനദ്രോഹിയുടെ ധനസഹായം കൈപ്പറ്റി പ്രവർത്തിക്കുന്ന മാധ്യമുതലാളിമാരുടെയും അവരുടെ പിണിയാളുകളായ മാധ്യമപ്രവർത്തകരുടേയും പേര് വിവരം ഇതിനകം തന്നെ പുറത്തു വന്നു കഴിഞ്ഞു. ആ പേരുകാരിൽ മലയാളികൾ ഉണ്ട്. അക്കാര്യത്തിലും നിങ്ങൾക്ക് തർക്കമുണ്ടോ?
മലയാള മാധ്യമപ്രവർത്തകർ പാതിവില സ്‌കൂട്ടർ തട്ടിപ്പിൽ വരെ പങ്കാളികളാണ് എന്ന വസ്തുതയും വെളിയിൽ വന്നു കഴിഞ്ഞു. ഇതൊന്നുമറിയാത്ത നിഷ്‌കളങ്കരാണ് കേരളത്തിലെ മാധ്യമപ്രവർത്തകർ എന്നാണ് പത്രപ്രവർത്തക യൂണിയൻ പറയുന്നത്. നിങ്ങൾ അങ്ങനെ നിഷ്‌കളങ്കരല്ല എന്നാണ് പൊതുവിശ്വാസം. അത് മാറ്റിയെടുക്കണമെങ്കിൽ സ്വതന്ത്രമായ അന്വേഷണം നടത്താൻ നിങ്ങൾ സർക്കാരിനെ സമീപിക്കണം. വിദേശധനസഹായം കൈപ്പറ്റുന്ന മാധ്യമ മുതലാളിമാരേയും തൊഴിലാളികളേയും കുറിച്ച് സർക്കാർ അന്വേഷണം നടത്തിയാൽ തെളിവുകൾ നൽകാൻ തയ്യാറാണ്.
അങ്ങനെ ഒരു അന്വേഷണം വേണമെന്ന് പറയാൻ നിങ്ങൾ തയ്യാറാണോ? അങ്ങനെ ഒരു അന്വേഷണം നടത്തിയാൽ മാത്രമേ കപ്പലിന് അകത്ത് കഴിയുന്ന കള്ളന്മാരെ കണ്ടെത്താൻ കഴിയൂ. (ഡോ. കെ. എസ്. രാധാകൃഷ്ണൻ)
Discussion about this post