കലാപത്തിലൂടെ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ ബംഗ്ലാദേശിന്റെ ഉറ്റ സുഹൃത്തായ ഇന്ത്യയായിരുന്നു ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനുസിന്റെ ആദ്യ ലക്ഷ്യം. തുടർച്ചയായി ആരോപണങ്ങൾ ഉന്നയിച്ച് ഇന്ത്യയെ കരിവാരിതേയ്ക്കാൻ മുഹമ്മദ് യൂനസ് പലകുറി ശ്രമിച്ചു. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി ഇന്ത്യ നടത്തിയ പോരാട്ടം പോലും വിസ്മരിച്ചുകൊണ്ടായിരുന്നു യൂനസിന്റെ വിഷം തുപ്പൽ. എന്നാൽ പറഞ്ഞതെല്ലാം ഇപ്പോൾ മാറ്റിപ്പറയുകയാണ് അദ്ദേഹം.
കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു യൂനുസിന്റെ മലക്കം മറിച്ചിൽ. ഇന്ത്യയെ ചവിട്ടിമെതിക്കാൻ പടിച്ചപണിപതിനെട്ടും പയറ്റിയ യൂനുസ് അയൽരാജ്യവുമായുള്ള ചങ്ങാത്തം അനിവാര്യമാണെന്നാണ് പറയുന്നത്. ഇതല്ലാതെ വേറെ വഴിയില്ലെന്നും അഭിമുഖത്തിനിടെ അദ്ദേഹം അഭിപ്രായപ്പെടുന്നു. പെട്ടെന്നുള്ള ഈ നിലപാട് മാറ്റം ഏവരെയും അമ്പരപ്പിച്ചിട്ടുണ്ട്
ഇന്ത്യയുമായുള്ള തെറ്റിദ്ധാരണ മാറ്റാനുള്ള ശ്രമത്തിലാണ് ബംഗ്ലാദേശ് എന്നായിരുന്നു യൂനുസ് മാദ്ധ്യമത്തോട് പറഞ്ഞത്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധത്തിൽ യാതൊരു വിള്ളലും ഉണ്ടയിട്ടില്ല. ഭാവിയിലും ഇതേ പോലെ തുടരുമെന്ന വാഗ്ദാനവും ശുപാപ്തി വിശ്വാസവും യൂനസ് പങ്കുവയ്ക്കുന്നുണ്ട്. ചരിത്രപരമായും രാഷ്ട്രീയപരമായും സാമ്പത്തികപരമായും ബംഗ്ലാദേശും ഇന്ത്യയും ബന്ധപ്പെട്ട് കിടക്കുന്നു. ചില കുപ്രചാരണങ്ങളുടെ ഫലമായി രാജ്യങ്ങൾ തമ്മിൽ അസ്വാരസ്യവും തെറ്റിദ്ധാരണയും ഉണ്ടായെങ്കിലും അത് പരിഹരിക്കാൻ ബംഗ്ലാദേശ് ശ്രമിക്കുകയാണെന്നും അദ്ദേഹം പറയുന്നു. അടുത്ത മാസം തായ്ലന്റിൽ നടക്കുന്ന ബിംമ്സ്ടെക് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യൂനുസ് കൂടിക്കാഴ്ച നടത്താനിരിക്കെയാണ് പരാമർശം എന്നതാണ് ശ്രദ്ധേയം.
ഇന്ത്യയെ ശത്രുപക്ഷത്ത് നിർത്തിയിരുന്ന ബംഗ്ലാദേശിന്റെ നിലപാട് ഒരു സുപ്രഭാതത്തിൽ മാറിമറഞ്ഞതല്ല. ഇന്ത്യയുമായുള്ള പിണക്കം നിലവിലെ സാഹചര്യത്തിൽ അത്രയ്ക്ക് ഗുണം ചെയ്യില്ലെന്ന് ബംഗ്ലാദേശിന് മനസിലായിട്ടുണ്ട്. ഇതാണ് ചുടവുമാറ്റത്തിന് പിന്നിൽ.
യൂനുസ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ ബംഗ്ലാദേശിന്റെ വിദേശ നിക്ഷേപത്തിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതുൾപ്പെടെ വിവിധ പ്രതിസന്ധികൾ രാജ്യം ഇന്ന് നേരിടുന്നുണ്ട്. വ്യാപാര രംഗത്ത് ബംഗ്ലാദേശിനോട് നന്നായി സഹകരിക്കുന്ന രാജ്യമാണ് ഇന്ത്യ. കലാപവും തുടർന്നുള്ള പ്രശ്നങ്ങളും ഇതിലും മാറ്റമുണ്ടാക്കി. നിലവിൽ ബംഗ്ലാദേശിന്റെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഇരു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രബന്ധം ഉലഞ്ഞു. കലാപത്തിൽ ബംഗ്ലാദേശിനെ പിന്തുണച്ചിരുന്നവർ ഇതിന് പിന്നാലെ രാജ്യത്തെ തിരിഞ്ഞു നോക്കാതെയായി. ബംഗ്ലാദേശികൾക്കിടയിൽ ഇന്ത്യൻ വിസയുടെ ആവശ്യം വർദ്ധിച്ചുവന്നത് മറ്റൊരു പ്രതിസന്ധിയായി. ഇതോടെയാണ് ഇന്ത്യയുമായുള്ള സഹകരണത്തെക്കുറിച്ച് മുഹമ്മദ് യൂനുസ് ചിന്തിച്ചു തുടങ്ങിയത്.
ഇതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി മോദി നടത്തിയ കൂടിക്കാഴ്ച യൂനുസിൽ ഈ ചിന്ത കൂടുതൽ ശക്തമാക്കി. ബംഗ്ലാദേശിന്റെ കാര്യം ഇന്ത്യയ്ക്ക് തീരുമാനിക്കാം എന്നായിരുന്നു ട്രംപ് സ്വീകരിച്ച നിലപാട്. നേരത്തെ തന്നെ ബംഗ്ലാദേശിന് നൽകിയിരുന്ന സഹായം അമേരിക്ക നിർത്തിയിരുന്നു. ഈ സാഹചര്യത്തിൽ യൂനുസിന് ഇന്ത്യയെ അല്ലാതെ മറ്റൊരു രാജ്യത്തെയും ആശ്രയിക്കാനില്ല. ഇതും യൂനുസിന്റെ കണ്ണ് തുറപ്പിച്ചു. അതുവരെ ഇന്ത്യയ്ക്കെതിരെ മുന്നറിയിപ്പുകൾ മാത്രം നൽകിയിരുന്ന യൂനുസ് ഇതോടെ സ്നേഹം പ്രകടമാക്കുകയായിരുന്നു.
അതിർത്തി സുരക്ഷ, പ്രതിരോധം, ഗതാഗതം, സാമ്പത്തികം, വ്യാപാരം, ഊർജ്ജം, വികസനം, സാംസ്‌കാരികം തുടങ്ങി സർവ്വ മേഖലകളിലും ഇന്ത്യയുടെ പങ്കാളിത്തം ബംഗ്ലാദേശിന് ആവശ്യമാണ്. ഇക്കാര്യത്തിൽ മുൻ ഷെയ്ഖ് ഹസീന സർക്കാരിന് ഉത്തമ ബോദ്ധ്യമുണ്ടായിരുന്നു. അതുകൊണ്ട് ഇന്ത്യയെ എന്നും ചേർത്ത് നിർത്തി. ഇതേ നിലപാടാണ് നിലനിൽപ്പിന് ആവശ്യമെന്ന് തിരിച്ചറിഞ്ഞ യൂനുസിൽ നിന്നും ഇനിയും ഇന്ത്യയെ ഒപ്പം നിർത്താനുള്ള പ്രതികരണങ്ങളും നീക്കങ്ങളും പ്രതീക്ഷിക്കാം.
Discussion about this post