പുരാണത്തിലെ യയാതിയുടെ കഥകേൾക്കാത്തവരായി അധികമാരും കാണില്ല. ശുക്രാചാര്യരുടെ മകളും തന്റെ ആദ്യ ഭാര്യയുമായ ദേവയാനി അറിയാതെ അസുരരാജാവായ വൃഷപർവന്റെ മകൾ ശർമിഷ്ഠയെ വിവാഹം കഴിച്ചതിന് ശുക്രാചാര്യരുടെ ശാപം ഏൽക്കേണ്ടി വന്ന വേദപണ്ഡിതനായിരുന്ന രാജാവ്. മകളെ ചതിച്ച് മറ്റൊരു വിവാഹം ചെയ്ത ശുക്രാചാര്യർ വെറുതെയിരിക്കുമോ? യയാതിയുടെ യൗവ്വനം നഷ്ടപ്പെടട്ടെയെന്ന് അദ്ദേഹം ശപിച്ചു. ശാപമോക്ഷം കേണ മരുമകന് അദ്ദേഹം രക്ഷപ്പെടാനുള്ള വഴിയും ഉപദേശിച്ചു നൽകി. ആരെങ്കിലും അവരുടെ യൗവനം യയാതിയുമായി വെച്ചുമാറുവാൻ തയ്യാറാവുകയാണെങ്കിൽ യയാതിക്ക് തന്റെ യൗവനം തിരികെ ലഭിക്കും എന്നായിരുന്നു അത്. ഇതിന് പിന്നാലെ യയാതി മക്കളെ വിളിച്ച് അവരുടെ യൗവനം നൽകുവാൻ ആവശ്യപ്പെട്ടു. എന്നാൽ വാർദ്ധക്യത്തിലിരിക്കുന്ന പിതാവിന് യൗവനം വച്ചുമാറാൻ പുരു എന്ന മകൻ മാത്രമേ തയ്യാറായുള്ളൂ. പുരുവിന്റെ യൗവനം യയാതിക്ക് ലഭിച്ചു. യയാതിയുടെ കാലശേഷം പുരു രാജ്യവും ഭരിച്ചു. ഇത് പുരാണകഥ.
എന്നാൽ ഈ 21ാം നൂറ്റാണ്ടിലും യയാതിയെ പോലെ മകനോട് യൗവനം ചോദിച്ചുവാങ്ങിയ ഒരാളുണ്ട്. രാജാവൊന്നമല്ല, പക്ഷേ പണം കൊണ്ട് അമ്മാനമാടുന്ന ഒരു വേദനിക്കുന്ന കോടീശ്വരൻ. പേര് ബ്രയാൻ ജോൺസൻ. അമേരിക്കൻ സംരംഭകനും വെഞ്ച്വർ ക്യാപിറ്റലിസ്റ്റും എഴുത്തുകാരനുമായ ഇയാൾ ഇടയ്ക്കിടെ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ പുതിയ മതത്തിന് രൂപം കൊടുക്കുകയാണ് താനെന്ന് പറയുകയാണ് ബ്രയാൻ ജോൺസൺ. കൃത്രിമബുദ്ധിയുടെ അസാധാരണ വളർച്ചയ്ക്കിടെ മനുഷ്യരാശിയെ രക്ഷിക്കാനായാണ് മതം ആരംഭിക്കുന്നതെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. മരിക്കാതിരിക്കുക എന്നതാണ് ഏറ്റവും വലിയ ലക്ഷ്യമെന്നും ആ ലക്ഷ്യത്തിലേക്ക് നമ്മൾ സഞ്ചരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കുറിച്ചു. പ്രിയപ്പെട്ട മനുഷ്യരെ, ഞാൻ ഒരു മതം കെട്ടിപ്പടുക്കുകയാണ്. ഒരു നിമിഷം നിൽക്കൂ, നിങ്ങൾ എന്താണ് പറയാൻ പോകുന്നതെന്ന് എനിക്കറിയാം. ആദ്യം, എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് മനസ്സിലാക്കുക. മരണത്തെ അതിജീവിക്കുക എന്നത് ചരിത്രത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രത്യയശാസ്ത്രമായി മാറിമാറിക്കഴിഞ്ഞു. അത് മനുഷ്യവർഗത്തെ രക്ഷിക്കുന്നു. നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും കൂടുതൽ ഗംഭീരമായ ഒന്നിന് തുടക്കമിടുന്നു. അത് അനിവാര്യമാണ്. ഒരേയൊരു ചോദ്യം മാത്രം, നിങ്ങൾ ഈ ആശയത്തിലേക്ക് വളരെ നേരത്തെ തന്നെ കടന്നു വരാൻ ആഗ്രഹിക്കുന്നവരാണോ അതോ വൈകി വരാൻ ആഗ്രഹിക്കുന്നവരാണോ? കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഞാൻ അതിനുള്ള ശ്രമത്തിലായിരുന്നു. കൃത്യസമയത്ത് ഉറങ്ങുക, ദിവസവും വ്യായാമം ചെയ്യുക, പോഷകാഹാരം കഴിക്കുക. ശരീരത്തിലെ എല്ലാ അവയവങ്ങളും നിരീക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക. വിഷവസ്തുക്കളെ ഇല്ലാതാക്കുക, സമ്മർദ്ദം കുറയ്ക്കുക, കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം കഴിയുക. ഇതൊക്കെയായിരുന്നു ഞാൻ ചെയ്തു വന്നിരുന്നത്. ഇത് മൂലം ലോകചരിത്രത്തിൽ തന്നെ ഏറ്റവും പതിയെ പ്രായമാകുന്ന വ്യക്തിയായി ഞാൻ മാറി. ശാസ്ത്രവും പിന്തുടർന്നുവന്ന പ്രോട്ടോകോളുകളുമാണ് ഇതിന് എന്നെ സഹായിച്ചത് എന്നായിരുന്നു ബ്രയാന്റെ പോസ്റ്റ്. കുറിപ്പിന്റെ അവസാനത്തിൽ ഒരു ലിങ്കും അദ്ദേഹം ചേർത്തിട്ടുണ്ട്. തൻറെ ആശയത്തിൻറെ ഭാഗമാകാൻ ആഗ്രഹിക്കുന്നവരോട് ആ ലിങ്കിൽ ക്ലിക്ക് ചെയ്യാനും അദ്ദേഹം ആവശ്യപ്പെടുന്നു. ‘ഡോണ്ട് ഡൈ’ എന്നാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്ന ആപ്പിന് നൽകിയിരിക്കുന്ന പേര്. മരിക്കാൻ ആഗ്രഹിക്കാത്ത പൗരന്മാർ ആകാൻ ആഗ്രഹിക്കുന്നവർ ഈ ആപ്പിലൂടെ പരസ്പരം കണ്ടുമുട്ടി ഒരു കമ്മ്യൂണിറ്റിയായി മാറണമെന്നാണ് ഇദ്ദേഹത്തിൻറെ ആവശ്യം. അങ്ങനെ അതിനെ ഒരു ആഗോള പ്രസ്ഥാനമാക്കി മാറ്റണമെന്നും ബ്രയാൻ ജോൺസൺ ആവശ്യപ്പെടുന്നു.
45കാരനായ ബ്രയാൻ കൗമാരക്കാരനായ തന്റെ മകന്റെ രക്തം സ്വീകരിച്ചുകൊണ്ടാണ് യൗവനത്തിലേക്ക് തിരികെ പോകാനുള്ള യാത്ര ആരംഭിച്ചത്. ബയോ ഹാക്കിംഗ് എന്ന പ്രക്രിയയിലൂടെ 47 കാരന് 18 കാരൻ ആവാനാണ് ആഗ്രഹം. ഇതിനായി വർഷത്തിൽ 16 കോടി രൂപയാണ് അദ്ദേഹം ചെലവഴിക്കുന്നത്. പ്രായം കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് പ്രോജക്ട് ബ്ലൂ പ്രിന്റ് എന്നാണ് അദ്ദേഹം നൽകിയിരിക്കുന്ന പേര്. 30 ഡോക്ടർമാരടങ്ങിയ സംഘത്തിനെയാണ് ബ്രയാൻ 20 ലക്ഷം ഡോളർ ചെലവിൽ പ്രോജക്ട് ബ്ലൂപ്രിന്റിനായി നിയോഗിച്ചിരിക്കുന്നത്. തലച്ചോർ, ഹൃദയം, ശ്വാസകോശം, കരൾ, വൃക്കകൾ, ടെൻഡനുകൾ, പല്ലുകൾ, ചർമ്മം, മുടി, മൂത്രസഞ്ചി, ലിംഗം, മലദ്വാരം ഉൾപ്പെടെയുള്ള അവയവങ്ങളുടെയും പ്രായം 18 വയസ്സാക്കി മാറ്റാനാണ് ബ്രയാന്റെ ശ്രമം.
ഇതിനിടെ മകന്റെ ശരീരത്തിൽ നിന്ന് പ്ലാസ്മ ശേഖരിക്കുന്നത് നിർത്തിയെന്നും തന്റെ ശരീരത്തിന് ആവശ്യമായ പ്ലാസ്മ സെല്ലുകൾ ലഭിച്ചുവെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു. പതിനാറുകാരനായ മകൻ ടാൽമേജ്നെയും 70 -കാരനായ പിതാവ് റിച്ചാർഡിനെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു മൾട്ടി ജനറേഷൻ പ്ലാസ്മ എക്സ്ചേഞ്ച് പരീക്ഷണമായിരുന്നു ഇദ്ദേഹം നടത്തിയിരുന്നത്. മകൻറെ പ്ലാസ്മ സ്വന്തം ശരീരത്തിലേക്ക് സ്വീകരിക്കുമ്പോൾ സ്വന്തം ശരീരത്തിൽ നിന്നും എടുക്കുന്ന പ്ലാസ്മ പിതാവിന്റെ ശരീരത്തിലായിരുന്നു കുത്തിവയ്ക്കുന്നത്. ശാസ്ത്രത്തിന്റെ പരമാവധി സാധ്യതകളെ പ്രയോജനപ്പെടുത്തി മരിക്കാതിരിക്കാനാണ് താൻ ശ്രമിക്കുന്നതെന്നാണ് ബ്രയാൻ ട്രെയിലറിൽ പറയുന്നത്. പ്ലാസ്മ ട്രാൻസ്ഫ്യൂഷൻസ്, ഫാറ്റ് ട്രാൻസ്ഫർ എന്നിവയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തിയാണിത്. ദിവസവും അമ്പതിലധികം മരുന്നുകൾ കഴിക്കുന്നുണ്ടെന്നും ബ്രയാൻ പറയുന്നു. എന്തായാലും ബ്രയാന്റെ മരിക്കാതിരിക്കാനുള്ള പരിശ്രമങ്ങളോടൊപ്പം പുതിയ മതം രൂപീകരിച്ച് ആളെക്കൂട്ടാനുള്ള തയ്യാറെടുപ്പം ലോകം ഏറെ കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്.
Discussion about this post