മൂന്ന് യുഎസ് സംസ്ഥാനങ്ങൾക്ക് വൈദ്യുതി സർചാർജ് ഏർപ്പെടുത്താനുള്ള ഒന്റാറിയോയുടെ തീരുമാനത്തിന് തിരിച്ചടി നൽകാൻ തീരുമാനമെടുത്ത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതിനു മറുപടിയായ കനേഡിയൻ അലുമിനിയം, സ്റ്റീൽ എന്നിവയ്ക്കുള്ള നിലവിലെ ഇറക്കുമതി തീരുവ ഇരട്ടിയാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.
“കാനഡയിൽ നിന്ന് യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് ഇറക്കുമതിചെയ്യുന്ന എല്ലാ സ്റ്റീൽ അലുമിനിയും ഉത്പന്നങ്ങൾക്കും 25% തീരുവ വർദ്ധിപ്പിക്കുമെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. 25% അധിക തീരുവ ഈടാക്കി 50% ലേക്ക് ഉയർത്താനാണ് തീരുമാനം. ഉടൻ തന്നെ ഇക്കാര്യം നടപ്പിലാക്കാൻ ഞാൻ എന്റെ വാണിജ്യ സെക്രട്ടറിയോട് നിർദ്ദേശിച്ചിട്ടുണ്ട്,” ട്രംപ് വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും ഉയർന്ന തീരുവയുള്ള രാജ്യങ്ങളിലൊന്നാണ് കാനഡ. വിവിധ യുഎസ് പാലുൽപ്പന്നങ്ങൾക്ക് “250% മുതൽ 390% വരെ” കാനഡ ചുമത്തിയ താരിഫ് ഉടൻ തന്നെ ഉപേക്ഷിക്കാൻ തയ്യാറാവണം എന്നും യുഎസ് പ്രസിഡണ്ട് കാനഡയോട് ആവശ്യപ്പെട്ടു. വളരെക്കാലമായി അതിരുകടന്ന രീതിയിലേക്കാണ് അത് പൊയ്ക്കൊണ്ടിരിക്കുന്നതെന്നും ടൊണാൾഡ് ട്രംപ് കൂട്ടിച്ചേർത്തു.
മൂന്ന് യുഎസ് സംസ്ഥാനങ്ങൾക്കാണ് ഒന്റാറിയോ പ്രവിശ്യ വൈദ്യുതി സർചാർജ് ഏർപ്പെടുത്തിയത്. ഇറക്കുമതി താരിഫ് ദുരുപയോഗം ചെയ്യുന്ന രാജ്യമാണ് കാനഡ എന്നും ട്രംപ് വിശേഷിപ്പിച്ചു. തന്റെ രാജ്യത്തിന് കനേഡിയൻ ഊർജ്ജം ആവശ്യമില്ലെന്നും ട്രംപ് വ്യക്തമാക്കി.
“വളരെക്കാലമായി നിലനിൽക്കുന്ന തീരുവകൾ കാനഡ ഒഴിവാക്കിയില്ലെങ്കിൽ, ഏപ്രിൽ 2-ന് യുഎസിലേക്ക് വരുന്ന കാറുകളുടെ തീരുവ ഗണ്യമായി വർദ്ധിപ്പിക്കും, ഇതോടെ കാനഡയിലെ ഓട്ടോമൊബൈൽ നിർമ്മാണ ബിസിനസ്സ് എന്നെന്നേക്കുമായി അടച്ചുപൂട്ടും” യുഎസ് പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. ഭീഷണി നേരിടുന്ന പ്രദേശത്ത് വൈദ്യുതി വിതരണത്തിന് ദേശീയ അടിയന്തരാവസ്ഥ ഉടൻ പ്രഖ്യാപിക്കും. കാനഡയുടെ ഭീഷണി ലഘൂകരിക്കാൻ യുഎസിന് അക്കാര്യം വളരെ പെട്ടെന്ന് ചെയ്യാൻ സാധിക്കുമെന്നും ട്രംപ് പറഞ്ഞു.
ഒന്റാറിയോയുടെ വൈദ്യുതി താരിഫ് വർദ്ധിപ്പിക്കാനുള്ള നീക്കം മിനസോട്ട, ന്യൂയോർക്ക്, മിഷിഗൺ എന്നിവിടങ്ങളിൽ താമസിക്കുന്ന ഏകദേശം 1.5 ദശലക്ഷം അമേരിക്കൻ ഉപഭോക്താക്കളെയാണ് ബാധിക്കുന്നത്. വൈദ്യുതി കയറ്റുമതി താരിഫ് 25% വർദ്ധിപ്പിക്കുമെന്ന് ഒന്റാറിയോ തീരുമാനിച്ചതിന് പിന്നാലെയാണ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. പുതുക്കിയ വൈദ്യുതി നിരക്ക് ഉടൻ പ്രാബല്യത്തിൽ വരും.അമേരിക്ക കൂടുതൽ സംഘർഷത്തിലേക്ക് നീങ്ങിയാൽ, വൈദ്യുതി പൂർണ്ണമായും വിച്ഛേദിക്കാൻ മടിക്കില്ലെന്നാണ് ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് ഭീഷണിപ്പെടുത്തിയത്.
Discussion about this post