വംശനാശഭീഷണി നേരിടുന്ന ഇന്ത്യൻ കഴുകന്മാരുടെ എണ്ണം മുൻവർഷങ്ങളെ അപേക്ഷിച്ച് വർദ്ധിച്ചു വരുന്നതിന്റെ ആശ്വാസത്തിലാണ് ഇന്ന് രാജ്യം. ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും വിവിധ വനമേഖലകളിൽ അടുത്തിടെയായി നൂറോളം വരുന്ന കഴുകൻ കൂട്ടങ്ങളെ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ ഒമ്പത് കഴുകൻ ഇനങ്ങളിൽ നാലെണ്ണം ആണ് IUCN വംശനാശഭീഷണി നേരിടുന്ന ജീവികളുടെ റെഡ് ലിസ്റ്റിൽ , ‘തീവ്രമായി വംശനാശഭീഷണി നേരിടുന്ന’ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. ഒരുകാലത്ത് ഇന്ത്യയിൽ ലക്ഷക്കണക്കിന് കണ്ടിരുന്ന ഈ കഴുകന്മാരുടെ ഇന്നത്തെ ഈ ദുരവസ്ഥയ്ക്ക് കാരണമായത് ഒരു വെറ്റിനറി മരുന്നാണ്.
1980-കളിൽ ഏകദേശം നാല് കോടി കഴുകന്മാരുടെ ആവാസ കേന്ദ്രമായിരുന്നു ഇന്ത്യ. എന്നാൽ 2007 ആയപ്പോഴേക്കും ഇന്ത്യയിലെ കഴുകന്മാരുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയായി കുറഞ്ഞു. കഴുകന്മാർ കൂട്ടത്തോടെ ചത്തൊടുങ്ങിയതിന് ഒരു പ്രധാന കാരണം നോൺ-സ്റ്റിറോയിഡൽ ആന്റി-ഇൻഫ്ലമേറ്ററി വെറ്ററിനറി മരുന്നായ ഡൈക്ലോഫെനാക് ആണെന്ന് കണ്ടെത്തപ്പെട്ടിട്ടുണ്ട്. വളർത്തു മൃഗങ്ങൾക്ക് വെറ്റിനറി ക്ലിനിക്കുകളിൽ നിന്നും നൽകുന്ന ഈ മരുന്ന് കഴുകന്മാർക്ക് വിഷകരമായി മാറുകയായിരുന്നു.
മനുഷ്യരുടെ അശ്രദ്ധയും ആവാസ വ്യവസ്ഥയിലെ ഇടപെടലും തന്നെയാണ് കഴുകന്മാരുടെ ദുരിതത്തിന് കാരണമായത്. വേദനയ്ക്കും നീർവീക്കത്തിനും ഉപയോഗിക്കുന്ന നോൺ-സ്റ്റിറോയിഡൽ ആന്റി-ഇൻഫ്ലമേറ്ററി മരുന്നായ ഡൈക്ലോഫെനാക് ഉപയോഗിച്ച് ചികിത്സിച്ചിരുന്ന മൃഗങ്ങളുടെ ശവശരീരങ്ങൾ കൃത്യമായി മറവ് ചെയ്യാതെ അലക്ഷ്യമായി ഉപേക്ഷിച്ചിരുന്നതാണ് കഴുകന്മാർക്ക് ഹാനികരമായി മാറിയത്. ഈ ശവശരീരങ്ങൾ കഴുകന്മാർ ഭക്ഷിച്ചതിലൂടെ ഡൈക്ലോഫെനാക് അവയുടെ ശരീരത്തിൽ എത്തിച്ചേരുകയായിരുന്നു. ഇന്ത്യൻ കഴുകന്മാരുടെ വംശനാശത്തിലേക്ക് തന്നെ വഴി വച്ചത് ഈ കാരണമായിരുന്നു.
ഇന്ത്യൻ കഴുകന്മാരുടെ പുനരുജ്ജീവനത്തിനായി വ്യാപകമായ ബോധവൽക്കരണ പരിപാടികൾ ആയിരുന്നു സംഘടിപ്പിക്കപ്പെട്ടിരുന്നത്. കഴുകന്മാരുടെ എണ്ണത്തിൽ കുറവ് വന്നത് രാജ്യത്തെ വനങ്ങളുടെ മൊത്തത്തിലുള്ള ആവാസവ്യവസ്ഥയെ പോലും തകർക്കുന്നതായിരുന്നു. കഴുകന്മാർ നേരത്തെ കാണപ്പെട്ടിരുന്ന മേഖലകളിലും അവശേഷിക്കുന്ന മേഖലകളിലും മൃഗസംരക്ഷണ പരിപാടികൾ വഴി ജനങ്ങൾക്ക് കൃത്യമായ ബോധവൽക്കരണം നൽകി.
ഫാർമസിസ്റ്റുകൾക്കും മൃഗഡോക്ടർമാർക്കും വേണ്ടിയുള്ള ബോധവൽക്കരണ പരിപാടികളും കൃത്യമായി നടത്തി. ഇന്ത്യയിൽ മൃഗ ചികിത്സയ്ക്കായി പ്രത്യേകിച്ചും കന്നുകാലികളുടെ വേദനസംഹാരിയായി ഉപയോഗിക്കുന്ന മരുന്നുകളിൽ നിമെസുലൈഡ്, ഡൈക്ലോഫെനാക്, കെറ്റോപ്രോഫെൻ, അസെക്ലോഫെനാക് എന്നിവ മറ്റു ജീവജാലങ്ങൾക്ക് വളരെയധികം ഭീഷണിയായി പ്രവർത്തിക്കുന്നതായി ജനങ്ങളെ ബോധ്യപ്പെടുത്താൻ ഈ ബോധവൽക്കരണ പരിപാടികളിലൂടെ കഴിഞ്ഞു. നിലവിൽ മൃഗചികിത്സയിൽ ഈ മരുന്നുകൾ നിരോധിക്കപ്പെട്ടിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾ നിലവിൽ കഴുകന്മാരുടെ എണ്ണം വർധിക്കുന്നതിന് കാരണമായിട്ടുണ്ട് എന്നാണ് സൂചന. രാജ്യത്തെ ഏറ്റവും വലിയ പാരിസ്ഥിതിക കേന്ദ്രങ്ങളിലൊന്നായ നീലഗിരി ബയോസ്ഫിയർ റിസർവിലും മധ്യപ്രദേശിലെയും മറ്റുമുള്ള ചില റിസർവ് വനങ്ങളിലും അടുത്തകാലത്തായി വലിയ കഴുകൻ കൂട്ടങ്ങളെ കണ്ടെത്തിയത് പ്രത്യാശക്ക് വക നൽകുന്നതാണെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.
Discussion about this post