കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തിന്റെ പേരില്‍ ബംഗാളില്‍ സി.പി.എമ്മും സി.പി.ഐയും ഇടയുന്നു.കോണ്‍ഗ്രസ്സും ഇടതുമുന്നണിയും ധാരണയായെന്ന് സി പി എംന്റെ ഭാഗത്തു നിന്നു പ്രഖ്യപനമുണ്ടായിരുന്നു.മുന്നണി അധ്യക്ഷന്‍ ബിമന്‍ ബോസാണ് ഇക്കാര്യം വ്യക്തമാക്കിയത്.അതേസമയം സഖ്യത്തെ കുറിച്ച് അറിവില്ലെന്നും കോണ്‍ഗ്രസ്സുമായി തങ്ങള്‍ ധാരണയുണ്ടാക്കിയിട്ടില്ലെന്നും സി.പി.ഐ വ്യക്തമാക്കി.സി.പി.ഐ. ജനറല്‍സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡിയാണ് സി പി ഐ നിലപാട് വ്യക്തമാക്കിയത്.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നണിയുടെ ആദ്യസ്ഥാനാര്ഥിപ്പട്ടിക പ്രഖ്യാപിക്കുമ്പോഴാണ് കോണ്‍ഗ്രസ്സുമായി ധാരണയുണ്ടാക്കിയെന്ന് ബോസ് അറിയിച്ചത്. എന്നാല്‍, ഇത് മുന്നണിയോ, സഖ്യമോ അല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ്സിനുവേണ്ടി ഇടതുമുന്നണി പ്രചാരണം നടത്തില്ല. വേദി പങ്കിടുകയുമില്ല.”ഞങ്ങളുടെ അറിവനുസരിച്ച് ഇടതുമുന്നണിയും കോണ്‍ഗ്രസ്സും തമ്മില്‍ ചര്‍ച്ചകളൊന്നും നടക്കുന്നില്ല. ഇടതുമുന്നണിയുടെ ഭാഗമായാണ് ഞങ്ങള്‍ മത്സരിക്കുന്നത്. സ്വാഭാവികമായും കോണ്‍ഗ്രസ്സുമായി ഒരു സീറ്റിലും സഖ്യമില്ല. ഒരു സീറ്റിലും കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കുന്നില്ല. ഒരിടത്തും കോണ്‍ഗ്രസ് ഞങ്ങളെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നുമില്ല” സുധാകര്‍ റെഡ്ഡി പറഞ്ഞു.
294 സീറ്റുകളില്‍ 116ലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ഇടതുമുന്നണി പ്രഖ്യാപിച്ചത്. ഇതില്‍ 68 പുതുമുഖങ്ങളും 16 സ്ത്രീകളുമുണ്ട്. ഈ ഘട്ടത്തില്‍ മുന്നണി മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.39 ശതമാനം സീറ്റുകളിലേക്കു മാത്രം ഇടതുമുന്നണി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത് കോണ്‍ഗ്രസ്സുമായി ചര്‍ച്ച നടക്കുന്നതിന്റെ സൂചനയായാണ് വിലയിരുത്തുന്നത്. കോണ്‍ഗ്രസ്സിന്റെ ശക്തികേന്ദ്രങ്ങളായി കരുതുന്ന മാള്‍ഡ, മുര്‍ഷിദാബാദ് എന്നിവിടങ്ങളിലെ 34 സീറ്റുകളില്‍ നാലെണ്ണത്തില്മാത്രമാണ് ഇടതുമുന്നണി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
Discussion about this post