തവളകൾ സർവ്വസാധാരണമാണ്. പല നിറത്തിലും വലുപ്പത്തിലും ഇവയെ കാണപ്പെടുന്നു. എന്നാൽ ഏതെങ്കിലും ജീവികൾ ആക്രമിക്കാനെത്തിയാൽ സാധാരണ തവളകൾ അവിടെ നിന്ന് ഓടി രക്ഷപ്പെടാനാണ് ശ്രമിക്കുക. എന്നാൽ ഈ തവളകൾ ചെയ്യുന്നത് എന്താണെന്ന് അറിയാമോ … ? സ്വന്തം എല്ലൊടിച്ച് ആയുധം ഉണ്ടാക്കുകയാണ് ഇവ ചെയ്യുക. മരണ വേദന സഹിച്ചും എതിരാളിയെ കീഴ്‌പ്പെടുത്താനുള്ള അവസാന ശ്രമമാണ് ഇവ എല്ലുകൾ ഒടിച്ച് പുറം തൊലി തുളച്ച് പുറത്തേക്ക് വരുത്തുന്നത് .
ട്രിക്കോബാട്രാക്കസ് റോബസ്റ്റസ് എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം. മാർവൽ സൂപ്പർ ഹീറോ വുൾവെറിന്റേതിന് സമാനമായ കഴിവുള്ളതിനാൽ വുൾവെറിൻ ഫ്രൊഗ് എന്നും ഇവയ്ക്ക് പേരുണ്ട്. ഇങ്ങനെ ആക്രമിക്കാൻ വരുന്നവരിൽ നിന്ന് രക്ഷപ്പെടാൻ മറ്റു തവളകളും ഈയൊരു മാർഗം പയറ്റാറില്ല എന്നാണ് ഗവേഷകർ പറയുന്നത്.

ആക്രമിക്കപ്പെടുന്ന നേരത്ത് നഖങ്ങളുടെ ഭാഗത്തെ പേശികളിൽ അധികം മർദ്ദം നൽകി ചുരുക്കിയാണ് ഇവ എല്ലുകൾ ഒടിച്ചെടുക്കുന്നത്. എല്ലുകളുടെ അഗ്രഭാഗം നഖം പോലെ കൂർത്ത് വിരലുകൾക്കടിയിലൂടെ വെളിയിലേയ്ക്ക് നീളും. പിടികൂടാൻ എത്തുന്ന ജീവികളുടെ മേലെ ഈ എല്ലുകൾ പ്രയോഗിച്ച് പരിക്കേൽപ്പിച്ച് രക്ഷപ്പെടുകയാണ് ഇവ കണ്ടെത്തുന്ന മാർഗം. എതിരാളി തോറ്റു മടങ്ങുകയോ ഭീഷണി ഒഴിയുകയോ ചെയ്തു കഴിഞ്ഞാൽ ഈ പൊട്ടിയ എല്ലിന്റെ ഭാഗം വീണ്ടും ത്വക്കിനടിയിലേക്ക് മടങ്ങും. അത്ഭുതം എന്തെന്നാൽ വളരെ വേഗത്തിൽ എല്ലുകൾ പൂർവ്വസ്ഥിതിയിൽ ആവും എന്നതാണ്.
ഇവ ഏറ്റവും കൂടുതൽ കണ്ടുവരുന്നത് നിബിഡ വനങ്ങളിലാണ്. അതുകൊണ്ട് തന്നെ ഇവയെ ആഹാരമാക്കാൻ നിരവധി പേരാണ് ഉള്ളത്. ഈ തവളകളുടെ മറ്റൊരു പ്രത്യേകതയാണ് ഇവയിലെ ആൺ വർഗത്തിന് ശരീരത്തിൽ രോമവളർച്ച ഉണ്ടാകുന്നത്.
പ്രജനനകാലം എത്തുന്നതോടെ ഇവയുടെ കാലുകളിലും ശരീരത്തിന്റെ വശങ്ങളിലും രോമങ്ങൾ പോലെ തോന്നിപ്പിക്കുന്ന ഭാഗങ്ങൾ കാണാം. പ്രജനനകാലത്ത് ഇവ വെള്ളത്തിലാണ് ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുക. വെള്ളത്തിൽ നിന്നും ഓക്‌സിജൻ സംഭരിച്ചു വയ്ക്കാൻ ത്വക്ക് വികസിച്ചു നിൽക്കുന്നതാണ് രോമങ്ങളുടെ രൂപത്തിൽ കാണപ്പെടുന്നത്. മുട്ടകൾ സംരക്ഷിക്കാനുള്ള ചുമതലയും ഇവയിലെ ആൺ വർഗത്തിനാണ്.










Discussion about this post