മരണത്തിനും ജീവിതത്തിനും നൂൽപ്പാലവും കടന്ന് സുനിത വില്യംസും ബുച്ച് വിൽമോറും ഇതാ ഭൂമിയിൽ തിരികെ എത്തിയിരിക്കുകയാണ്. കേവലം ഒരാഴ്ചത്തെ ദൗത്യത്തിന് പോയ ഇരുവർക്കും നിലം തൊടാനായത് ഒമ്പത് മാസത്തെ കാത്തിരിപ്പിന് ശേഷം. സ്‌പേസ് എക്‌സിന്റെ ഫ്രീം ഡ്രാഗണലാണ് സംഘം തിരിച്ചെത്തിയത്. ഇത്രയധികം നാളുകൾ ഭൂമി വിട്ട് ബഹിരാകാശത്ത് ജീവിച്ചതിനാൽ തന്നെ വലിയ ആരോഗ്യപ്രശ്‌നങ്ങളാണ് നേരിടേണ്ടി വരിക. സംഘാംഗങ്ങളെയെല്ലാം സ്‌ട്രെക്ചറിലും വീൽചെയറിലുമായാണ് കപ്പലിലേക്ക് കയറ്റിയത് പോലും. ശരീരം പഴയസ്ഥിതിയിലേക്ക് എത്താൻ തന്നെ മാസങ്ങൾ എടുക്കും. തീരക്കടലിൽ ലാൻഡ് ചെയ്ത സുനിതയെയും ബുച്ചിനെയും ടെക്‌സസിലെ ഹൂസ്റ്റണിലിലുള്ള നാസയുടെ ജോൺസൺ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നത്. ഒമ്പതുമാസം മൈക്രോഗ്രാവിറ്റിയിൽ കഴിഞ്ഞ ഇവർക്ക് ഭൂമിയിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടുന്നതിനുള്ള പരിശീലനവും പിന്തുണയും ഉറപ്പാക്കും.
ഗുരുത്വാകർഷണമില്ലാത്ത അവസ്ഥയിൽ ജീവിക്കുന്നതിനാൽ അവരുടെ കൈകാലുകളിലെ പേശികൾ ക്ഷയിച്ചിട്ടുണ്ടാകും. എല്ലുകൾക്ക് ബലക്ഷയം, ഉറക്കമില്ലായ്മ, മൂത്രത്തിൽ കല്ല്, അണുബാധ (ബഹിരാകാശജീവിതം യാത്രികരുടെ പ്രതിരോധശേഷി കുറയ്ക്കും), മാനസികസമ്മർദം, തലകറക്കം, മന്ദത, ശരീരത്തിന്റെ തുലനനിലയിൽ പ്രശ്നം, ബേബിഫീറ്റ് (പാദത്തിന്റെ അടിവശത്തെ ചർമം നേർത്തുപോകുന്നത്) തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുമുണ്ടാകും. സീറോ ഗ്രാവിറ്റി, മൈക്രോ ഗ്രാവിറ്റി എന്നീ പ്രതിഭാസങ്ങൾ നമ്മുടെ ശരീരത്തിലെ എല്ലുകളുടെ സാന്ദ്രത, രക്തയോട്ടത്തിന്റെ വേഗം, മെറ്റബോളിസം റേറ്റ്, റേഡിയേഷൻ റിസ്‌ക് എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങൾ മാറ്റിമറിക്കും.ബഹിരാകാശയാത്രികരുടെ നട്ടെല്ല് നീളുന്നതിനനുസരിച്ച് ബഹിരാകാശത്ത് രണ്ട് ഇഞ്ച് ഉയരം കൂടും. പക്ഷേ ഭൂമിയിൽ തിരിച്ചെത്തിക്കഴിഞ്ഞാൽ ഈ താൽക്കാലിക ഉയര വർദ്ധനവ് അപ്രത്യക്ഷമാകും, പലപ്പോഴും ഇത് നടുവേദനയ്ക്കും കാരണമാകും.
ബഹിരാകാശ യാത്രികർക്കായി 16 ലെയറുകളുള്ള , ഒറ്റനോട്ടത്തിൽ പേടകം പോലെ തോന്നിക്കുന്ന വസ്ത്രം തയ്യാറാക്കിയിട്ടുണ്ടെങ്കിലും ഒരു ദിവസം ചെലവിടുന്നത് ഒരു ചെസ്റ്റ് എക്‌സ്‌റേ എടുക്കുന്നതിനു തുല്യമാണ്.ഒമ്പത് മാസത്തിനുള്ളിൽ സുനിത വില്യംസിന് ഏകദേശം 270 ചെസ്റ്റ് എക്‌സ്-റേകൾക്ക് തുല്യമായ റേഡിയേഷൻ അളവ് ഏൽക്കേണ്ടി വന്നിട്ടുണ്ടാകുമെന്നാണ് കണക്കുകൂട്ടലുകൾ സൂചിപ്പിക്കുന്നത്‌മൈക്രോഗ്രാവിറ്റിയിൽ, ഗുരുത്വാകർഷണ വലിവ് ഇല്ല, ഇത് ദ്രാവകങ്ങൾ തലയിലേക്ക് മുകളിലേക്ക് നീങ്ങാൻ കാരണമാകുന്നു. ശരീരദ്രവങ്ങളെല്ലാം തലയിലേക്ക് കേന്ദ്രീകരിക്കുന്നതോടെ മൂക്കടഞ്ഞ സ്ഥിതിവിശേഷം ഉടലെടുക്കും. ഇതോടെ ഗന്ധം അറിയാനുള്ള ശേഷി തടസപ്പെടും. തൽഫലമായി ഭക്ഷണത്തിൻറേതടക്കം രുചിയും മണവും തിരിച്ചറിയാൻ കഴിയില്ലെന്നതാണ് മറ്റൊരു വെല്ലുവിളി.
ഇത്രയേറെ കഷ്ടപ്പാടും ദുരിതവും സഹിച്ച ഇവർക്ക്, ജീവൻ പണയം വച്ചിട്ടുള്ള യാത്രയ്ക്കായി ഓവർ ടൈം സാലറി ലഭിക്കുമോയെന്നും പലർക്കും സംശയം ഉണ്ടാവും. ബഹിരാകാശയാത്രികർക്ക് ഓവർടൈം സാലറിയില്ലെന്നും പതിവ് ശമ്പളം മാത്രമാണ് ലഭിക്കുന്നതെന്നുമാണ് നാസയിൽ നിന്നും വിരമിച്ച മുൻ ബഹിരാകാശ യാത്രികയായ കാഡി കോൾമാൻ പറയുന്നത്. ഗതാഗതം, താമസം, ഭക്ഷണം എന്നിവയുടെ ചെലവ് നാസ വഹിക്കുന്നു. കൂടാതെ ആകസ്മികമായി സംഭവിക്കുന്നവയ്ക്ക് ഒരു ചെറിയ ദൈനംദിന അലവൻസുമുണ്ട്. പ്രതിദിനം 4 ഡോളർ. അതായത് 347 രൂപ മാത്രം! അതല്ലാതെ ‘സ്‌പേസ്’ ആയതുകൊണ്ട് പ്രത്യേകിച്ച് ‘അലവൻസ്’ ഒന്നുമില്ല. ഈ കണക്ക് പ്രകാരം 287 ദിവസത്തിലധികം ബഹിരാകാശത്ത് ചെലവഴിച്ചതിന് സുനിതയ്ക്കും ബുച്ച് വിൽമോറിനും ലഭിക്കുക 1,148 ഡോളർ (ഏകദേശം ഒരു ലക്ഷം രൂപ) മാത്രമായിരിക്കുമെന്ന് അദ്ദേഹം പറയുന്നു.
എന്നാൽ ജനറൽ ഷെഡ്യൂൾ (ജിഎസ്) സമ്പ്രദായത്തിന് കീഴിലുള്ള ഫെഡറൽ ജീവനക്കാരാണ് സുനിത വില്യംസും ബുച്ച് വിൽമോറും. അതിനാൽ തന്നെ ഈ വിഭാഗത്തിലെ ജീവനക്കാർക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന ശമ്പളമായിരിക്കും ഇരുവർക്കും ലഭിക്കുക. ഇരുവരും ഉൾപ്പെടുന്ന ജിഎസ്-15 ശമ്പള ഗ്രേഡിന് കീഴിലുള്ള സർക്കാർ ജീവനക്കാർക്ക് വാർഷിക അടിസ്ഥാന ശമ്പളം 125,133 ഡോളർ മുതൽ 162,672 ഡോളർ വരെയാണ്. അതായത് ഏകദേശം 1.08 കോടി രൂപ – 1.41 കോടി രൂപ. ദൗത്യം നീണ്ടുപോയതിനാൽ അത്രയും ദിവസത്തെ ആനുപാതിക ശമ്പളം കൂടെ ലഭിക്കും, 93,850 മുതൽ 122,004 ഡോളർ വരെ. അതായത് ഏകദേശം 81 ലക്ഷം രൂപ മുതൽ 1.05 കോടി രൂപ വരെ. ഇതിനോടൊപ്പം നേരത്തെ സൂചിപ്പിച്ച ഏകദേശം ഒരു ലക്ഷം രൂപ കൂടി കൂട്ടിയാൽ ദൗത്യത്തിലൂടെയുള്ള ആകെ വരുമാനം 94,998 ഡോളർ മുതൽ 123,152 ഡോളർ വരെയായിരിക്കും. അതായത് ഏകദേശം 82 ലക്ഷം രൂപ – 1.06 കോടി രൂപ. ശമ്പളത്തിന് പുറമേ, നാസയിലെ ബഹിരാകാശയാത്രികർക്ക് സമഗ്ര ആരോഗ്യ ഇൻഷുറൻസ്, അഡ്വാൻസ്ഡ് മിഷൻ പരിശീലനം, മാനസിക പിന്തുണ, യാത്രാ അലവൻസുകൾ എന്നിവ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ലഭിക്കുകയും ചെയ്യും.
ഫെഡറൽ മാർഷലായ ഭർത്താവ് മൈക്കൽ ജെ വില്യംസിനൊപ്പം ടെക്‌സസിലെ ഹൂസ്റ്റണിൽ താമസിക്കുന്ന സുനിത വില്യംസിൻറെ ആസ്തി ഏകദേശം 5 മില്യൺ ഡോളർ (41.5 കോടി രൂപ) ആണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
Discussion about this post