റായ്പൂർ: ഛത്തീസ്ഗഡിൽ വീണ്ടും കമ്യൂണിസ്റ്റ് ഭീകര വേട്ട നടത്തി സുരക്ഷാ സേന. 22 ഭീകരരെ വധിച്ചു. ജവാൻ വീരമൃത്യുവരിച്ചു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി നടത്തിയ ഭീകര വിരുദ്ധ പ്രവർത്തനങ്ങളിലാണ് നിർണായ നേട്ടം കൈവരിച്ചത്.
ബസ്തർ ഡിവിഷനിൽ ആയിരുന്നു പരിശോധന. ബിജാപൂർ, ദന്തേവാഡ ജില്ലകളുടെ അതിർത്തിയിലുള്ള വനമേഖലയിലും, കൻകർ ജില്ലയിലും ആയിരുന്നു പരിശോധന നടത്തിയത്. ഭീകരുടെ സാന്നിദ്ധ്യം ഉള്ളതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു നിർണായക നീക്കം. രാവിലെ ഏഴ് മണിയോടെ സുരക്ഷാ സേനാംഗങ്ങൾ പ്രദേശത്ത് എത്തി. ഇവിടെ തിരച്ചിൽ നടത്തുന്നതിനിടെ കമ്യൂണിസ്റ്റ് ഭീകരർ വെടിയുതിർക്കുകയായിരുന്നു. ശക്തമായി സുരക്ഷാ സേനയും തിരിച്ചടിച്ചതോടെ പ്രദേശത്ത് ഏറ്റുമുട്ടൽ ആരംഭിച്ചു.
മണിക്കൂറുകളോളം ഏറ്റുമുട്ടൽ തുടർന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. വനമേഖലയിൽ നിന്നും 18 മൃതദേഹങ്ങളും കൻകർ ജില്ലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ നാല് മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. കൻകർ ജില്ലയിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് സുരക്ഷാ സേനാംഗത്തിന് ജീവൻ നഷ്ടമായത്. ഡിആർജി സേനാംഗം ആയിരുന്നു വീരമൃത്യു വരിച്ചത്.
ഫെബ്രുവരിയിൽ സുരക്ഷാ സേന നടത്തിയ ഭീകരവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി 31 ഭീകരരെ വധിച്ചിരുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് ഭീകര വേട്ടയായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് സമാനമായ രീതിയിൽ ശക്തമായ ഏറ്റുമുട്ടൽ ഉണ്ടാകുന്നത്. ചത്തീസ്ഗഡിനെ കമ്യൂണിസ്റ്റ് ഭീകര മുക്തമാക്കുകയാണ് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ലക്ഷ്യം. അതിനാൽ വരും ദിവസങ്ങളിലും നിർണായക നീക്കങ്ങൾ സുരക്ഷാ സേനയുടെ ഭാഗത്ത് നിന്നും ഉണ്ടാകും. ഈ വർഷം ഇതുവരെ ഏറ്റുമുട്ടലിൽ 103 കമ്യൂണിസ്റ്റ് ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്.
Discussion about this post