ന്യൂഡൽഹി: രാജ്യസഭയിൽ തൃണമൂൽ എംപിയോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജനങ്ങൾ വിജയിപ്പിച്ചതിനെ തുടർന്നാണ് താനിവിടെ എത്തിയതെന്നും അല്ലാതെ ആരുടെയും കൃപകൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു. തൃണമൂൽ എംപി സാകേത് ഖോഗലെയുടെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആഭ്യന്തരമന്ത്രിയുടെ കീഴിലുള്ള കേന്ദ്ര ഏജൻസികൾ മമത സർക്കാരിനെ മനപ്പൂർവ്വം വേട്ടയാടി എന്നായിരുന്നു സാകേത് ഖോഗലെ രാജ്യസഭയിൽ ഉന്നയിച്ചത്. ഉടൻ തന്നെ മറുപടിയുമായി അമിത് ഷാ രംഗത്ത് എത്തി. സാകേത് ചോദ്യങ്ങൾ മുഴുവൻ ചോദിച്ചു കഴിഞ്ഞാൽ താൻ ഉത്തരം പറയാം എന്നായിരുന്നു ഇതിനോട് അമിത് ഷാ പറഞ്ഞത്. ഉടൻ തന്നെ കേന്ദ്ര ആഭ്യമന്തര മന്ത്രി തന്റെ ചോദ്യങ്ങളെ ഭയക്കുന്നുവെന്ന് സാകേത് പറഞ്ഞു. ഇതോടെ അമിത് ഷാ പരാമർശം കടുപ്പിക്കുകയായിരുന്നു.
‘ എനിക്ക് ആരെയും ഭയമില്ല. ഭയക്കേണ്ട കാര്യവും ഇല്ല. കാരണം ഞാൻ ആരുടെയും ഔദാര്യം കൊണ്ട് അല്ല ഇവിടെ ഇരിക്കുന്നത്. തിരഞ്ഞെടുപ്പിൽ വിജയിച്ചാണ്. ആരുടെയും ആശയങ്ങളെ എതിർക്കുന്നതിനും വേണ്ടിയല്ല ഇവിടെ ഇരിക്കുന്നത്. മറിച്ച് ജനങ്ങൾക്ക് നന്മ ചെയ്യാനാണ്. സാകേതിനെ തൃണമൂൽ കോൺഗ്രസാണ് ഇങ്ങോട്ട് അയച്ചത് ‘ എന്നും അമിത് ഷാ പറഞ്ഞു.
സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും നിർദ്ദേശ പ്രകാരം ആണ് കലാപം ഉണ്ടാക്കിയവർക്കെതിരെ കേസ് എടുത്തത്. നിങ്ങൾ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ നിങ്ങളുടെ പ്രവർത്തകർ ഓരോന്നായി കൊല്ലപ്പെടാൻ ആരംഭിച്ചു. ഹൈക്കോടതിയിൽ പരാതികൾ എത്തി. ഇത് പ്രകാരം ആണ് കേസ് എടുത്തത്. തൃണമൂൽ കോൺഗ്രസ് കോടതി നടപടികൾ അനുസരിക്കാറില്ലേ എന്നും അമിത് ഷാ ചോദിച്ചു.
Discussion about this post