മലയാളത്തിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് എമ്പുരാൻ. വലിയ താരനിരയോടെ വമ്പൻ സർപ്രൈസുകൾ ഒരുക്കി തിയേറ്ററുകളിലെത്തുന്ന ചിത്രം മികച്ചദൃശ്യവിരുന്നാകുമെന്നതിൽ സംശയമില്ല. ചിത്രത്തിന്റെ ട്രെയിലർ കൂടി എത്തിയതോടെ അഭ്യൂഹങ്ങളും പ്രവചനങ്ങളും ഡീകോഡിംഗുകളും ശക്തിപ്പെട്ടുകഴിഞ്ഞു. ഏറ്റവും പ്രധാനം ആരാണ് വില്ലൻ എന്നുള്ളത് തന്നെയാണ്. സ്റ്റീഫൻ നെടുമ്പള്ളിയെന്ന എബ്രഹാം ഖുറേഷിയെന്ന അന്താരാഷ്ട്ര സംഘത്തലവനോട് മുട്ടാൻ കെൽപ്പുള്ള വില്ലനാര് എന്നതാണ് ചോദ്യം. ട്രെയിലറിലും പടം റിലീസ് അനൗൺസ്‌മെന്റ് പോസ്റ്ററിലും വില്ലന്റെ മുഖം വ്യക്തമാക്കുന്നില്ല. ഏതോ നടന്റെ ബാക്ക് ഷോട്ട് മാത്രമാണുള്ളത്. ഫസ്റ്റ് ഗ്ലാൻസിൽ വെള്ള ഷട്ടിൽ ഡ്രാഗൺ ചിഹ്നമാണെങ്കിൽ, ട്രെയിലറിൽ ബ്ലാക്ക് കോട്ടിന് പിറകിൽ ഡ്രാഗൺ ചിഹ്നമായി മാറിയെന്ന് മാത്രം. ബാക്ക് ഷോട്ട് ചൂണ്ടിക്കാട്ടി മമ്മൂട്ടി മുതൽ ഫഹദ് വരെയുള്ള താരങ്ങളെയും പ്രതിനായകസ്ഥാനത്ത് ഊഹിക്കുന്നവരുണ്ട്. വില്ലൻ ആരായാലും ഒന്നൊന്നര വില്ലനാകുമെന്നതിൽ സംശയമില്ല. കാരണം ആ ഡ്രാഗൺ ചിഹ്നം തന്നെയാണ്. ജപ്പാനിലെ ക്രൈം സിൻഡിക്കേറ്റ് ആയ യക്കൂസ ഗ്യാങിനെ സൂചിപ്പിക്കുന്നതാണ് ഈ ഡ്രാഗൺ ചിഹ്നം എന്നാണ് ഒരു വ്യാഖ്യാനം.ലൂസിഫർ സിനിമ ആരംഭിക്കുമ്പോൾ കാണിക്കുന്ന പത്ര കട്ടിങുകളിൽ ഖുറെഷി അബ്റാം ലോകത്തിലെ വിവിധ സിൻഡിക്കേറ്റുകളെ നേരിടുന്നതായി സൂചനകൾ നൽകുന്നുണ്ട്. എന്താണ് ഈ യാക്കൂസ ഗ്യാങ് എന്ന് പരിശോധിക്കാം.
ജപ്പാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന നിഗൂഢ ക്രൈം സിൻഡിക്കേറ്റാണ് യക്കൂസ ഗ്യാങ്. ഗാക്കുദോ, വയലൻസ് ഗ്രൂപ്പ് എന്നീ പേരുകളിലും ഈ സംഘം അറിയപ്പെടുന്നുണ്ട്. 17 -ാം നൂറ്റാണ്ടിലാണ് യാക്കുസ സംഘം സ്ഥാപിതമായതെന്നാണ് വിശ്വാസം. ഇന്ന് ലോകത്ത് നിലനിൽക്കുന്നവയിൽ ഏറ്റവും വലിയ കുറ്റകൃത്യസംഘടനകളിൽ ഒന്നാണ് യാക്കുസ. ഭീഷണിപ്പെടുത്തി പണം വാങ്ങൽ, നിയമ വിരുദ്ധ ചൂതാട്ടം, ലൈംഗിക തൊഴിൽ, കള്ളക്കടത്ത്, മയക്കുമരുന്ന് എന്നിവയാണ് യാക്കുസ സംഘത്തിന്റെ പ്രധാന വരുമാന മേഖലകൾ.
1963-ൽ യാക്കൂസ അംഗങ്ങളുടെ മൊതതം എണ്ണം 184,100 ആയിരുന്നു. എന്നാൽ നിലവിൽ യാക്കൂസയിൽ 10,400 അംഗങ്ങളും 10,000 അർദ്ധ അംഗങ്ങളും മാത്രമേ ഉള്ളുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. യുവതലമുറയിൽപ്പെട്ടവർ സംഘടനയിൽ ചേരാൻ താൽപ്പര്യം കാണിക്കാത്തതിനാലാണ് അംഗങ്ങളുടെ എണ്ണം കുറയുന്നത്. നിലവിൽ യാക്കൂസയിൽ ഉള്ളവരുടെ ശരാശരി പ്രായം 54.2 വയസാണ്. അതേസമയം മോഹൻ ലാലിന്റെ അബ്രഹാം ഖുറേഷി തന്നെയാവും യാക്കൂസ ഗ്യാങ്ങിന്റെ തലവെന്നും വ്യാഖ്യാനമുണ്ട്. മുൻപ് പുറത്തിറങ്ങിയ പോസ്റ്റർ തന്നെയാണ് ഇതിനുള്ള കാരണം. യാക്കൂസെ ഗ്യാങിലെ ഗോഡ്ഫാദർ കറുത്ത കർട്ടന് പുറകിലാണ് നിൽക്കുക. ഇയാൾ ‘കുറോമാകു’ എന്ന പേരിലാണ് അറിയപ്പെടുക. ഇത്തരത്തിൽ ഉള്ള ഒരു കർട്ടനും അതിനു പുറകിൽ നിൽക്കുന്ന മോഹൻലാലിനെയും പോസ്റ്ററിൽ കാണാൻ കഴിയുന്നുണ്ട്
സമൂഹത്തിൽ അടിച്ചമർത്തപ്പെട്ടിരുന്ന ന്യൂനപക്ഷങ്ങൾക്ക് വേണ്ടി സംസാരിക്കാനും പ്രതിരോധിക്കാനും ഉണ്ടാക്കിയ ഒരു ഘടനയായും ചരിത്രത്തിൽ യാക്കൂസിനെ കാണാം. പിന്നീട് കാലക്രമേണ അവ മോശം അവസ്ഥയിലേക്ക് പോവുകയായിരുന്നു.ലൂസിഫറിൽ സ്റ്റീഫൻ പതിനെട്ട് വർഷത്തോളം നാടുവിട്ട് താമസിക്കുന്നുണ്ട്. അനാഥനായ സ്റ്റീഫനെ ഏതെങ്കിലും യാക്കൂസ് അംഗം മകനായി സ്വീകരിച്ചിരുന്നോ എന്ന ചോദ്യവും ഉയരുന്നുണ്ട്. എന്തായലും എല്ലാത്തിന്റെയും ഉത്തരത്തിനായി ഇനി 7 സുന്ദരരാത്രികളുടെ മാത്രം കാത്തിരിപ്പേ ഉള്ളൂ എന്ന ആശ്വാസത്തിലാണ് ആരാധകർ.
Discussion about this post