മുംബൈ: നാഗ്പൂർ കലാപത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടികൾ തുടർന്ന് പോലീസ്. 14 പേരെ കൂടി പിടികൂടി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നൂറ് കടന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 105 പേരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. ഇപ്പോൾ അറസ്റ്റിലായ 14 പേരിൽ 10 പേരിൽ പ്രായപൂർത്തിയാകാത്തവരാണെന്ന് പോലീസ് അറിയിച്ചു.
സംഭവത്തിൽ കണ്ടാൽ അറിയാവുന്ന 150 ലധികം പേർക്കെതിരെയാണ് പോലീസ് കേസ് എടുത്തിരുന്നത്. പ്രദേശവാസികളുടെ സഹായത്തോടെ മറ്റുള്ളവരെ പിടികൂടുന്നതിനുള്ള ശ്രമവും പോലീസ് തുടരുകയാണ്. സംഭവത്തിൽ പുതുതായി മൂന്ന് എഫ്‌ഐആർ കൂടി രജിസ്റ്റർ ചെയ്തിരുന്നു. വരും ദിവസങ്ങളിലും കുറ്റക്കാർക്കെതിരെ നടപടി തുടരും.
മാർച്ച് 17ന് ആയിരുന്നു നാഗ്പൂരിൽ സംഘർഷം ഉണ്ടായത്. അനധികൃതമായി സ്ഥാപിച്ച ഔറംഗസേബിന്റെ ഖബർ പൊളിച്ച് നീക്കണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. ഇതിനിടെ ഖുർ ആൻ കത്തിച്ചെന്ന വ്യാജ വാർത്ത പുറത്തുവന്നതോടെയായിരുന്നു സംഘർഷങ്ങൾ ആരംഭിച്ചത്. ഇതോടെ ഒരു സംഘം ആളുകൾ എത്തി പ്രതിഷേധക്കാർക്ക് നേരെ കല്ലെറിഞ്ഞു. ഈ ആക്രമണത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത്. പോലീസുകാർക്കുൾപ്പെടെ പരിക്കേൽക്കുന്ന സാഹചര്യം ഉണ്ടായി. ചുരുങ്ങിയ സമയം കൊണ്ടുതന്നെ പ്രദേശത്ത് കലാപം ഉടലെടുക്കുകയായിരുന്നു. വളരെ പാടുപെട്ടായിരുന്നു പോലീസ് അനിഷ്ടസംഭവങ്ങൾ ഒഴിവാക്കിയത്.
സംഭവത്തിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ രാഷ്ട്രീയ നേതാവ് ഫഹീം ഖാൻ ആണ് കലാപത്തിന് കാരണക്കാരൻ എന്ന് വ്യക്തമായി. ഇയാൾ നടത്തിയ പ്രസംഗം ആയിരുന്നു നാഗ്പൂരിൽ പിന്നീട് നടന്ന അക്രമ സംഭവങ്ങൾക്ക് കാരണം ആയത്.
Discussion about this post