ന്യൂഡൽഹി : യാക്കോബായ സഭയുടെ അദ്ധ്യക്ഷനായി ജോസഫ് മാർ ഗ്രിഗോറിയോസ് സ്ഥാനമേൽക്കുന്ന ചടങ്ങിലെ കെ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് പ്രത്യേക ക്ഷണം. ലെബനനിൽ നടക്കുന്ന സ്ഥാനാരോഹണ ചടങ്ങിലേക്ക് ആണ് സുരേഷ് ഗോപിയെ ക്ഷണിച്ചിട്ടുള്ളത്. പാത്രിയർക്കീസ് ബാവ ആണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ചടങ്ങിലേക്ക് പ്രത്യേകമായി ക്ഷണിച്ചത്.
കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയെന്ന നിലയിൽ സുരേഷ് ഗോപിയുടെ സാന്നിദ്ധ്യം ചടങ്ങിന് ആദരമാകുമെന്ന് പാത്രിയർക്കീസ് ബാവ നൽകിയ ഔദ്യോഗിക ക്ഷണപത്രത്തിൽ വ്യക്തമാക്കുന്നു. യാക്കോബായ സഭയുടെ പുതിയ അധ്യക്ഷന്റെ സ്ഥാനാരോഹണച്ചടങ്ങിൽ കേന്ദ്രസർക്കാർ നിശ്ചയിച്ച പ്രതിനിധി സംഘം പങ്കെടുക്കുന്നതാണ്. എന്നാൽ ഈ സംഘത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇല്ലാത്തതിനാൽ ആണ് പാത്രിയർക്കീസ് ബാവ അദ്ദേഹത്തെ പ്രത്യേകമായി ക്ഷണിച്ചിരിക്കുന്നത്.
യാക്കോബായ സഭയുടെ അദ്ധ്യക്ഷനായി ജോസഫ് മാർ ഗ്രിഗോറിയോസ് സ്ഥാനമേൽക്കുന്ന ചടങ്ങിൽ കേന്ദ്രത്തിന്റെ പ്രതിനിധി സംഘവും കേരളത്തിന്റെ പ്രതിനിധി സംഘവും പങ്കെടുക്കുന്നതായിരിക്കും. മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ ഉള്ള സംഘത്തെയാണ് സംസ്ഥാന സർക്കാർ ചടങ്ങിനായി അയയ്ക്കുന്നത്. ബിജെപി നേതാക്കളായ വി മുരളീധരൻ, ഷോൺ ജോർജ്ജ്, അൽഫോൺസ് കണ്ണന്താനം കോൺഗ്രസ് എം പി ബെന്നി ബെഹനാൻ എന്നിവരാണ് കേന്ദ്രസർക്കാർ നിശ്ചയിച്ച പ്രതിനിധി സംഘത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇവരോടൊപ്പം സഭയുടെ പ്രത്യേക ക്ഷണിതാവായി സുരേഷ് ഗോപിയും ലെബനനിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുത്തേക്കും എന്നാണ് സൂചന.
Discussion about this post