കോല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിക്കെതിരേ ബിജെപി സ്ഥാനാര്‍ഥിയായി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അനന്തരവനായ ചന്ദ്രകുമാര്‍ ബോസ് മത്സരിക്കും. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.
ഭവാനിപൂര്‍ മണ്ഡലത്തില്‍ നിന്നാകും മമത ബാനര്‍ജി മത്സരിക്കുക. പശ്ചിമബംഗാളില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സമയമായെന്നും അത് ബിജെപിക്ക് മാത്രമേ കൊണ്ടുവരാന്‍ കഴിയൂവെന്നും ചന്ദ്രകുമാര്‍ ബോസ് പറഞ്ഞു. ഇത് തന്റെ പോരാട്ടമല്ലെന്നും ബംഗാളിലെ വികസനത്തിനായുളള പോരാട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
34 വര്‍ഷങ്ങളായി ബംഗാളില്‍ ഇടതുപക്ഷം ആയിരുന്നു ഭരിച്ചത്. പിന്നീട് ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിച്ചു. അങ്ങനെയാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ അധികാരത്തിലേറ്റിയത്. എന്നാല്‍ മുന്‍ സര്‍ക്കാരുകളെപ്പോലെയാണ് തൃണമൂല്‍ എന്നാണ് ഇപ്പോള്‍ ജനങ്ങളുടെ പരാതിയെന്ന് ചന്ദ്രകുമാര്‍ ബോസ് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തേക്ക് ഒരു നിക്ഷേപവും വരുന്നില്ല. ഫാക്ടറികള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും ചന്ദ്രകുമാര്‍ ബോസ് കുറ്റപ്പെടുത്തി.
ചന്ദ്രകുമാര്‍ ബോസ് 2016ല്‍ ആണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. സുഭാഷ് ചന്ദ്രബോസിനെക്കുറിച്ചുള്ള രേഖകള്‍ സര്‍ക്കാര്‍ പുറത്തുവിട്ട ചടങ്ങില്‍ ചന്ദ്രകുമാര്‍ ബോസ് പങ്കെടുത്ത സര്‍ക്കാരിന്റെ സുതാര്യതയെ അഭിനന്ദിച്ചിരുന്നു.
Discussion about this post