ബാങ്കുകളുടെ എടിഎം ഇന്റർചേഞ്ച് ഫീസ് വർദ്ധിപ്പിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തീരുമാനിച്ചു. മെയ് 1 മുതൽ പുതിയ നിരക്ക് നിലവിൽ വരും. ഹോം ബാങ്ക് എടിഎമ്മിൽ നിന്നല്ലാതെ മറ്റു ബാങ്കുകളുടെ എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചാൽ സർവ്വീസ് ചാർജ് കൂടും എന്നാണ് തീരുമാനം.
ഒരു പ്രത്യേക ബാങ്കിലെ ഒരു ഉപഭോക്താവ് മറ്റൊരു ബാങ്കിന്റെ എടിഎം ഉപയോഗിച്ച് ഏതെങ്കിലും ഇടപാട് നടത്തുമ്പോഴാണ് ഇന്റർചേഞ്ച് ഫീസ് ഈടാക്കുന്നത്. അതായത് നിങ്ങൾ സ്വന്തം ബാങ്കിന്റേതല്ലാത്ത മറ്റൊരു എടിഎമ്മിൽ നിന്നും സാമ്പത്തികമോ സാമ്പത്തികേതരമോ ആയ ഏത് ഇടപാട് നടത്തിയാലും നിങ്ങളുടെ ബാങ്ക് എടിഎം ഉടമസ്ഥരായ ബാങ്കിന് ഒരു നിശ്ചിത ഫീസ് നൽകേണ്ടതുണ്ട്. ഇത്തരത്തിൽ ബാങ്ക് നൽകേണ്ടി വരുന്ന ഫീസ് ആണ് എടിഎം ഇന്റർചേഞ്ച് ഫീസ്.
സ്വന്തം ബാങ്കിന്റെ എടിഎമ്മിൽ പണമില്ലെങ്കിൽ മറ്റൊരു ബാങ്കിന്റെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോൾ, 17 രൂപയാണ് നിലവിൽ സർവ്വീസ് ചാർജ് നൽകേണ്ടി വരുന്നത്. പുതിയ നിരക്ക് പ്രകാരം അത് 19 രൂപയായി ഉയരും. മറ്റൊരു ബാങ്കിന്റെ എടിഎമ്മിൽ നിന്ന് ബാലൻസ് പരിശോധിക്കുന്നതിന് ഒരാൾക്ക് 6 രൂപയാണ് നിലവിൽ നൽകേണ്ടി വരുന്നത്. ഇനി മുതൽ അത് ഏഴ് രൂപയായി വര്‍ദ്ധിപ്പിക്കും.
ഇടപാട് പരിധി കടന്നാലുടൻ സർവ്വീസ് ചാർജ് അടയ്ക്കേണ്ടി വരും. സൗജന്യ ഇടപാട് പരിധി കവിഞ്ഞാൽ മാത്രമേ എടിഎമ്മിൽ നിന്ന് ഇടപാട് ഫീസ് ഈടാക്കൂ. മെട്രോപൊളിറ്റൻ നഗരങ്ങളിൽ, ഹോം ബാങ്ക് ഒഴികെയുള്ള മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്നുള്ള സൗജന്യ ഇടപാടുകളുടെ പരിധി 5 ആയി നിശ്ചയിച്ചിട്ടുണ്ട്. അതേസമയം മെട്രോ നഗരങ്ങൾ ഒഴികെയുള്ള നഗരങ്ങളിൽ സൗജന്യ ഇടപാടുകളുടെ പരിധി മൂന്നായി നിശ്ചയിച്ചിട്ടുണ്ട്.
ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും എടിഎം സൗകര്യങ്ങൾ നൽകുന്നതിനായി എടിഎം പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റം ആക്ട് 2007 പ്രകാരം ഈ സ്ഥലങ്ങളിൽ വൈറ്റ് ലേബൽ എടിഎമ്മുകൾ സ്ഥാപിക്കാൻ ആർബിഐ അംഗീകാരം നൽകിയിട്ടുണ്ട്. അതിൽ ഒരു ബാങ്കിന്റെയും ബോർഡ് സ്ഥാപിക്കില്ല. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഈ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാം. ഇതോടൊപ്പം, ബിൽ പേയ്‌മെന്റ്, മിനി സ്റ്റേറ്റ്‌മെന്റ്, ചെക്ക് ബുക്ക് അഭ്യർത്ഥന, ക്യാഷ് ഡെപ്പോസിറ്റ് തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്.
പ്രതിമാസമുള്ള പരിധി കഴിഞ്ഞും ഇടപാടുകൾ നടത്തുമ്പോൾ മാത്രമാണ് ഉപഭോക്താക്കൾക്ക് ഇന്റർചേഞ്ച് ഫീസ് നൽകേണ്ടി വരിക. അതിനാൽ തന്നെ ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം എടിഎമ്മുകളിൽ നിന്നും ചെറിയ തുക പലതവണയായി എടുക്കാതെ, പ്രതിമാസം ആവശ്യമുള്ള തുക ഒന്നോ രണ്ടോ തവണയായി പിൻവലിക്കുക എന്നുള്ളതാണ്. നിലവിൽ യുപിഐ ഇടപാടുകൾ വലിയതോതിൽ വർദ്ധിക്കുകയും എടിഎം ഇടപാടുകൾ കുറയുകയും ചെയ്തിട്ടുള്ള സാഹചര്യത്തിൽ എടിഎം ഇന്റർചേഞ്ച് ഫീസ് ഈടാക്കപ്പെടുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട് എന്നാണ് ബാങ്കിംഗ് രംഗത്തുനിന്നുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത്.











Discussion about this post