ഡാവോസ് വേൾഡ് ഇക്കണോമിക് ഫോറത്തിൽ ഗാന്ധി കുടുംബത്തിനെതിരെ ആഞ്ഞടിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. കോൺഗ്രസ് നേതൃത്വത്തിലെ ഉൾപ്പോരും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വധ്രയും തമ്മിലുള്ള ഭിന്നതയും തുറന്നുകാട്ടിയാണ് ഹിമന്ത തന്റെ ഡാവോസ് അരങ്ങേറ്റം കുറിച്ചത്. ഗാന്ധി കുടുംബം ലോകത്തിലെ തന്നെ ഏറ്റവും വലിയ പരാജയമാണെന്നും തന്നെപ്പോലുള്ള നേതാക്കൾ അവരുടെ കുടുംബ വഴക്കിന്റെ ഇരകളാണെന്നും അദ്ദേഹം പരിഹസിച്ചു.
വയനാട് എംപി കൂടിയായ പ്രിയങ്ക ഗാന്ധിക്ക് നിലവിൽ അസമിലെ തിരഞ്ഞെടുപ്പ് സമിതിയുടെ ചുമതല നൽകിയതിനെ ഹിമന്ത രൂക്ഷമായി വിമർശിച്ചു. കേരള രാഷ്ട്രീയത്തിൽ പ്രിയങ്ക ഇടപെടുന്നത് രാഹുൽ ഗാന്ധിക്ക് താൽപ്പര്യമില്ലാത്തതുകൊണ്ടാണ് അവരെ അസമിലേക്ക് ‘നാടുകടത്തിയത്’ എന്ന് അദ്ദേഹം ആരോപിച്ചു. “രാഹുലിന് പ്രിയങ്കയെ കേരളത്തിൽ വേണ്ട. ഞാൻ 22 വർഷം കോൺഗ്രസിൽ പ്രവർത്തിച്ചയാളാണ്, എനിക്ക് പാർട്ടിക്കുള്ളിലെ വിവരങ്ങൾ അറിയാം. കെ.സി. വേണുഗോപാലും സംഘവും നയിക്കുന്ന അച്ചുതണ്ടിനെ ശല്യം ചെയ്യാൻ രാഹുൽ ആഗ്രഹിക്കുന്നില്ല. പ്രിയങ്ക ഈ അച്ചുതണ്ടിന് പുറത്താണ്. അതുകൊണ്ടാണ് കേരളത്തിൽ നിന്നുള്ള എംപിയായിട്ടും പ്രിയങ്കയെ അസമിലേക്ക് അയച്ചത്. ഇതിനെ മറ്റൊരു രീതിയിൽ എങ്ങനെ വ്യാഖ്യാനിക്കും?” ഹിമന്ത ചോദിച്ചു.
ഗാന്ധി കുടുംബത്തെ “ലോകത്തിലെ ഏറ്റവും വലിയ ഫ്ലോപ്പ് ഫാമിലി” എന്ന് വിശേഷിപ്പിച്ച അദ്ദേഹം, കഠിനാധ്വാനത്തിലൂടെ വളർന്നുവന്ന തന്റെ കുടുംബം അവരേക്കാൾ എത്രയോ മികച്ചതാണെന്നും കൂട്ടിച്ചേർത്തു. ദേശീയ സുരക്ഷയെയും അസമിന്റെ തനിമയെയും കുറിച്ചും മുഖ്യമന്ത്രി വാചാലനായി. സംസ്ഥാനത്തെ മാറിക്കൊണ്ടിരിക്കുന്ന ജനസംഖ്യാ കണക്കുകൾ വലിയ ആശങ്കയാണെന്നും അസമീസ് ജനതയുടെ സ്വത്വവും ദേശീയ സുരക്ഷയും സംരക്ഷിക്കാൻ തങ്ങൾ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
അസമിനെ വെറുമൊരു ഹൈഡ്രോകാർബൺ വ്യവസായ കേന്ദ്രം എന്നതിലുപരി ഒരു സെമികണ്ടക്ടർ ഹബ്ബാക്കി മാറ്റാനാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. “ഇന്ത്യ വൈവിധ്യമാർന്ന രാജ്യമാണ്. എല്ലാ സംസ്ഥാനങ്ങളെയും ഒരേപോലെ പരിഗണിക്കണം. രാജ്യത്തിന്റെ ഒരു ഭാഗം മാത്രം വികസിക്കുകയും മറുഭാഗം പിന്നിലാകുകയും ചെയ്താൽ രാജ്യം തകരും,” അദ്ദേഹം ഓർമ്മിപ്പിച്ചു. അയൽരാജ്യങ്ങളുമായുള്ള അതിർത്തി പങ്കിടുന്ന അസം പോലുള്ള തന്ത്രപ്രധാനമായ സംസ്ഥാനങ്ങളുടെ വികസനം ഭാരതത്തിന്റെ അഖണ്ഡതയ്ക്ക് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം അടിവരയിട്ടു.












Discussion about this post