ഡല്‍ഹി: വനിതാ ദിനത്തില്‍ ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ നടത്തിയ പ്രസംഗത്തിനെതിരെ യുവമോര്‍ച്ച പരാതി നല്‍കി. കനയ്യയുടേത് രാജ്യദ്രോഹകരമായ പ്രസംഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുവമോര്‍ച്ച പരാതി നല്‍കിയിരിക്കുന്നത്.
നിലവിലെ കേസില്‍ നടപടികള്‍ തുടരുന്ന അവസരത്തില്‍ കനയ്യ വിദ്യാര്‍ഥികളോട് ഇന്ത്യയ്‌ക്കെതിരെ വളരെ മോശമായി സംസാരിച്ചു. സൈനികരെ കശ്മീരി സ്ത്രീകളെ പീഡിപ്പിക്കുന്നവരെന്ന് വിളിച്ചുവെന്നും യുവമോര്‍ച്ച പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
വനിതാ ദിനത്തില്‍ സായുധ സേനയ്ക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കിക്കൊണ്ടുള്ള അഫ്‌സ്പ നിയമത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് കനയ്യ കുമാര്‍ സൈന്യത്തിനെതിരെ വിവാദ പരാമര്‍ശം നടത്തിയത്. ഞങ്ങളുടെ പ്രതിഷേധം അവസാനിപ്പിക്കാന്‍ നിങ്ങള്‍ ശ്രമിച്ചോളൂ. എന്നാല്‍ ഞങ്ങള്‍ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ക്കെതിരായ പോരാട്ടം തുടര്‍ന്നു കൊണ്ടേയിരിക്കും. അഫ്‌സ്പയ്‌ക്കെതിരെ ഞങ്ങള്‍ ശബ്ദമുയര്‍ത്തും. സൈനികരോട് ഞങ്ങള്‍ക്ക് ഒരുപാട് ബഹുമാനമുണ്ട്. എന്നാലും കശ്മീരിലെ സ്ത്രീകളെ സൈനികള്‍ ബലാത്സംഗപ്പെടുത്തുന്നുവെന്നത് സത്യമാണ്’- എന്നാണ് കനയ്യ പ്രസംഗത്തില്‍ പറഞ്ഞത്.
ഗുജറാത്തില്‍ സ്ത്രീകളെ കൊല്ലുക മാത്രമായിരുന്നില്ല, ആദ്യം അവരെ പീഡിപ്പിക്കുകയായിരുന്നു ചെയ്തതെന്ന് കനയ്യ ചൂണ്ടിക്കാട്ടി. ഈ പരമാര്‍ശം രാജ്യദ്രോഹപരമാണെന്ന് ചൂണ്ടിക്കാട്ടി യുവമോര്‍ച്ച വസന്ത് വിഹാര്‍ പൊലീസ് സ്റ്റേഷനെ സമീപിക്കുകയായിരുന്നു. കനയ്യയ്ക്കും ജെഎന്‍യു പ്രൊഫസര്‍ നിവേദിത മേനോനുമെതിരെയാണ് പരാതി.
Discussion about this post