ന്യൂഡൽഹി : ഇനി ഇഷ്ടപ്പെട്ട സ്മാർട്ട്ഫോൺ കയ്യിൽ എത്താൻ നിമിഷങ്ങൾ മാത്രം മതി. ഓൺലൈൻ വഴി ഓർഡർ ചെയ്യുന്ന സ്മാർട്ട് ഫോണുകൾ 10 മിനിറ്റിനുള്ളിൽ വീട്ടിൽ എത്തിച്ചു നൽകുന്ന വമ്പൻ പദ്ധതിയുമായി എത്തിയിരിക്കുകയാണ് സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്. കൂടാതെ സ്മാർട്ട് ഫോണുകൾ വാങ്ങുമ്പോൾ തിരഞ്ഞെടുക്കപ്പെട്ട ബാങ്ക് കാർഡുകൾക്ക് അഞ്ച് ശതമാനം ഡിസ്കൗണ്ടും ലഭിക്കുന്നതായിരിക്കും.
സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് രാജ്യത്തെ 10 പ്രധാന നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ആപ്പിൾ, സാംസങ്, വൺപ്ലസ്, റെഡ്മി എന്നീ കമ്പനികളുടെ സ്മാർട്ട് ഫോണുകൾ ആണ് 10 മിനിറ്റിനുള്ളിൽ ഡെലിവറി ചെയ്യുക. ഐഫോൺ 16ഇ, സാംസങ് ഗാലക്‌സി എം35, വൺപ്ലസ് നോർഡ് സിഇ, വൺപ്ലസ് നോർഡ് സിഇ 4 ലൈറ്റ്, റെഡ്മി 14സി എന്നിവയുൾപ്പെടെയുള്ള ജനപ്രിയ സ്‍മാർട്ട്‌ഫോണുകൾ ഇനി സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് വഴി 10 മിനിറ്റിനുള്ളിൽ തന്നെ ഉപഭോക്താക്കൾക്ക് വീട്ടിൽ എത്തിച്ചു നൽകുന്നതാണ്.
ബാംഗ്ലൂർ, ദില്ലി, മുംബൈ, ചെന്നൈ, ഫരീദാബാദ്, നോയിഡ, ഗുഡ്‍ഗാവ്, കൊൽക്കത്ത, ഹൈദരാബാദ്, പൂനെ എന്നീ നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. വൈകാതെ തന്നെ കൂടുതൽ നഗരങ്ങളിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കും എന്നും സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് അറിയിച്ചു. അതോടൊപ്പം മോട്ടറോള, ഓപ്പോ, വിവോ, റിയൽമി തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള സ്മാർട്ട് ഫോണുകൾ പരമാവധി വേഗത്തിൽ ഡെലിവറി ചെയ്യുമെന്നും സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് വ്യക്തമാക്കുന്നു.










Discussion about this post