ന്യൂഡൽഹി : കുടിയേറ്റ ബിൽ ലോക്സഭയിൽ പാസായി . രാജ്യത്തിന്റെ സുരക്ഷയും സമ്പദ് വ്യവസ്ഥയും ആരോഗ്യ മേഖലയും കൂടുതൽ മെച്ചപ്പെടാൻ സഹായിക്കുന്ന ബില്ലാണിതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയിൽ പറഞ്ഞു.
ബിസിനസ്, വിദ്യാഭ്യാസം, നിക്ഷേപം എന്നിവയ്ക്കായി വിദേശികളെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. എന്നാൽ രാജ്യത്തിന് ഭീഷണിയാകുന്ന ഏതൊരാൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നൽകി. ലോക്സഭയിൽ 2025 ലെ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്ക് മറുപടിയായാണ് ഇക്കാര്യം അമിത് ഷാ വ്യക്തമാക്കിയത്.
‘ഇന്ത്യ ഒരു ധർമ്മശാലയല്ല. ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നവരെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല. രാജ്യത്തിന്റെ വികസനത്തിന് സംഭാവന നൽകാൻ ആരെങ്കിലും രാജ്യത്തേക്ക് വന്നാൽ, അവർക്ക് എപ്പോഴും സ്വാഗതം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആസാമിൽ നിന്നും ഇപ്പോൾ പശ്ചിമ ബംഗാളിൽ നിന്നും ആധാർ കാർഡുകളുടെയും വോട്ടർ കാർഡുകളുടെയും അടിസ്ഥാനത്തിൽ റോഹിംഗ്യകളെയും ബംഗ്ലാദേശികളെയും ഇന്ത്യയിലേക്ക് പ്രവേശിക്കാൻ അനുവദിച്ചതിന് തൃണമൂൽ കോൺഗ്രസിനെയും (ടിഎംസി) മുൻ കേന്ദ്ര സർക്കാരിനെയും അദ്ദേഹം വിമർശിച്ചു. ബംഗ്ലാദേശികളോ റോഹിംഗ്യകളോ നുഴഞ്ഞുകയറുമ്പോൾ അവർക്ക് ആരാണ് ആധാർ കാർഡുകൾ നൽകുന്നത്? പിടിക്കപ്പെട്ട ബംഗ്ലാദേശികളിൽ ഭൂരിഭാഗത്തിനും 24 പർഗാനകളുടെ (പശ്ചിമ ബംഗാളിലെ ഒരു ജില്ല) ആധാർ കാർഡുകളും വോട്ടർ കാർഡുകളുമുണ്ട്,’ അദ്ദേഹം പറഞ്ഞു.
‘ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള അതിർത്തി 2,216 കിലോമീറ്റർ നീളമുള്ളതാണ്. അതിൽ 1,653 കിലോമീറ്ററിൽ വേലി കെട്ടൽ പൂർത്തിയായി. ശേഷിക്കുന്ന 563 കിലോമീറ്ററിൽ 112 കിലോമീറ്ററിൽ ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങൾ കാരണം വേലി കെട്ടൽ സാധ്യമല്ല. എന്നാൽ ബംഗാൾ സർക്കാർ ഭൂമി വിട്ടുകൊടുക്കാത്തതിനാൽ 412 കിലോമീറ്ററിൽ വേലി കെട്ടൽ അപൂർണ്ണമാണ്,’ അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഇത് വളരെ പ്രധാനമാണ്. കുടിയേറ്റം ഒരു ഒറ്റപ്പെട്ട വിഷയമല്ല, മറിച്ച് അത് വിവിധ വിഷയങ്ങളുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് പ്രധാന പ്രശ്‌നം. ഇന്ത്യ സന്ദർശിക്കുന്ന എല്ലാവരെയും, അവർ എന്തിനാണ് ഇന്ത്യ സന്ദർശിക്കുന്നത്, എത്ര കാലം ഇന്ത്യയിൽ താമസിക്കാൻ ആഗ്രഹിക്കുന്നു എന്നതിനെയും സൂക്ഷ്മമായി നിരീക്ഷിക്കാൻ ബിൽ ഉറപ്പാക്കും. ഇന്ത്യ സന്ദർശിക്കുന്ന ഓരോ വിദേശിയുടെയും വിശദാംശങ്ങൾ അറിയേണ്ടത് അത്യാവശ്യമാണ് എന്ന് അമിത് ഷാ പറഞ്ഞു.
എന്താണ് കുടിയേറ്റ ബിൽ
വ്യാജ പാസ്പോർട്ടോ വിസയോ ഉപയോഗിച്ച് ഇന്ത്യയിലേക്ക് പ്രവേശിക്കുകയോ രാജ്യത്ത് താമസിക്കുകയോ പുറത്തുകടക്കുകയോ ചെയ്താൽ ഏഴ് വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കുമെന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥകളിൽ ഒന്ന്. ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന ആരെയും സൂക്ഷ്മമായി നിരീക്ഷിക്കാനും ബിൽ വ്യവസ്ഥ ചെയ്യുന്നു.
ഹോട്ടലുകൾ, സർവകലാശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, നഴ്‌സിംഗ് ഹോമുകൾ എന്നിവ വിദേശികളെക്കുറിച്ചുള്ള വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് നിർദ്ദിഷ്ട നിയമനിർമ്മാണം നിർബന്ധമാക്കുന്നു. ഇത് കാലാവധി കഴിഞ്ഞ വിദേശികളെ ട്രാക്ക് ചെയ്യുന്നതിന് സഹായകമാകും. സാധുവായ പാസ്പോർട്ടോ വിസ പോലുള്ള യാത്രാ രേഖയോ ഇല്ലാതെ ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന ഏതൊരു വിദേശിക്കും നിയമം ലംഘിച്ചാൽ അഞ്ച് വർഷം വരെ തടവോ 5 ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കുമെന്ന് ഇത് വ്യവസ്ഥ ചെയ്യുന്നു.
നിലവിൽ, വിദേശികളും കുടിയേറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളെ നിയന്ത്രിക്കുന്നത് നാല് നിയമങ്ങളാണ്: 1920 ലെ പാസ്പോർട്ട് (ഇന്ത്യയിലേക്കുള്ള പ്രവേശനം) നിയമം; 1939 ലെ വിദേശികളുടെ രജിസ്‌ട്രേഷൻ നിയമം; 1946 ലെ വിദേശികളുടെ നിയമം; 2000 ലെ ഇമിഗ്രേഷൻ (കാരിയേഴ്‌സ് ലയബിലിറ്റി) നിയമം. ഈ നിയമങ്ങൾ റദ്ദാക്കാൻ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.
Discussion about this post