കാഠ്മണ്ഡു : നേപ്പാളിൽ രാജഭരണം തിരികെ കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ട് ജനക്കൂട്ടം തെരുവിലിറങ്ങി. വെള്ളിയാഴ്ച കാഠ്മണ്ഡുവിന്റെ പല ഭാഗങ്ങളിലും രാജവാഴ്ച അനുകൂലികൾ പ്രതിഷേധങ്ങൾ നടത്തി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ നേപ്പാൾ പോലീസ് കണ്ണീർ വാതകവും ജലപീരങ്കിയും ഉപയോഗിച്ചു. കാഠ്മണ്ഡു ഉൾപ്പെടെ നേപ്പാളിലെ മൂന്ന് സ്ഥലങ്ങളിൽ കർഫ്യൂ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
രാജവാഴ്ചയെ പിന്തുണയ്ക്കുന്നവരും റിപ്പബ്ലിക് അനുകൂലികളും തമ്മിൽ ഏറ്റുമുട്ടിയതോടെ വലിയ പ്രക്ഷുബ്ധാവസ്ഥയാണ് നേപ്പാളിൽ ഉണ്ടായിരിക്കുന്നത്. നേപ്പാൾ പോലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചെങ്കിലും ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കഴിഞ്ഞിട്ടില്ല. 2008 ൽ നിർത്തലാക്കപ്പെട്ട നേപ്പാളിലെ രാജവാഴ്ച പുനഃസ്ഥാപിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
നേപ്പാളിന്റെ ദേശീയ പതാകയും മുൻ രാജാവ് ഗ്യാനേന്ദ്ര ബിർ ബിക്രം ഷായുടെ ചിത്രങ്ങളുമേന്തിയാണ് പ്രതിഷേധക്കാർ പ്രകടനം നടത്തുന്നത്. ഇവരെ തടയുന്നതിനായി റിപ്പബ്ലിക് അനുകൂലികൾ രംഗത്ത് എത്തിയതോടെ വലിയ സംഘർഷാവസ്ഥ രൂപപ്പെടുകയായിരുന്നു. സംഘർഷത്തിലും ആക്രമണങ്ങളിലും നിരവധി വീടുകൾക്കും പൊതുമുതലുകൾക്കും നാശമുണ്ടായി. നേപ്പാളിലെ നിലവിലെ സർക്കാർ വലിയ അഴിമതിയാണ് നടത്തുന്നത് എന്നാണ് രാജവാഴ്ച ആനുകൂലികൾ അഭിപ്രായപ്പെടുന്നത്.
ഒരു ആഴ്ചയ്ക്കുള്ളിൽ സർക്കാർ തങ്ങളുമായി ഒരു കരാറിലെത്തിയില്ലെങ്കിൽ രാജഭരണം പുനഃസ്ഥാപിക്കുന്നതിനായി പ്രതിഷേധം ശക്തമാക്കുമെന്ന് നേപ്പാളിലെ രാജവാഴ്ച അനുകൂലികൾ പ്രഖ്യാപിച്ചിട്ടുണ്ട്. രാജഭരണം തിരികെ കൊണ്ടുവരുന്നതിനായി ജനങ്ങൾ ചേർന്ന് ജോയിന്റ് പീപ്പിൾസ് മൂവ്‌മെന്റ് കമ്മിറ്റി എന്നൊരു പുതിയ സംഘടനയും നേപ്പാളിൽ രൂപീകരിച്ചിട്ടുണ്ട്.
2008ലാണ് നേപ്പാളിലെ രാഷ്ട്രീയ പാർട്ടികൾ ഒരു പാർലമെന്ററി പ്രഖ്യാപനത്തിലൂടെ 240 വർഷം പഴക്കമുള്ള രാജവാഴ്ച അവസാനിപ്പിച്ചത്. തുടർന്ന് ഹിന്ദു രാജ്യമായിരുന്ന നേപ്പാൾ മതേതര, ഫെഡറൽ, ജനാധിപത്യ റിപ്പബ്ലിക്കാക്കി മാറി.
Discussion about this post