മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാഗ്പൂരിൽ. ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കും. ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തും. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ആദ്യമായിട്ടാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്.
രാവിലെ ആർഎസ്എസ് ആസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി ഡോ.കെ.ബി ഹെഡ്‌ഗേവാറിന്റെ സ്മാരകം സന്ദർശിക്കും. ദീക്ഷഭൂമിയിൽ എത്തി ഡോ. ബി ആർ അംബേദ്കറിന് ആദരവർപ്പിക്കും. ഗുഡി പദ്വ ഉത്സവത്തിന്റെ ഭാഗമായി സംഘപ്രവർത്തകർ സംഘടിപ്പിക്കുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. മോഹൻ ഭാഗവതുമായുള്ള കൂടിക്കാഴ്ചയിൽ വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ചയാകുമെന്നാണ് റിപ്പോർട്ട്.
നാഗ്പൂരിലെ പ്രമുഖ സൂപ്പർ-സ്‌പെഷ്യാലിറ്റി ഒഫ്താൽമിക് കെയർ ആയ മാധവ് നേത്രാലയ ഐ ഇൻസ്റ്റിറ്റ്യൂട്ട് ആന്റ് റിസർച്ച് സെന്ററിന്റെ പുതിയ കെട്ടിടത്തിന് പ്രധാനമന്ത്രി തറക്കല്ലിടും. മാധവ് നേത്രാലയ പ്രീമിയം സെന്റർ എന്നാണ് പുതിയ കെട്ടിടത്തിന് പേര് നൽകിയിരിക്കുന്നത്. ആർഎസ്എസ് നേതാവ് ഗോൾവൽക്കറുടെ സ്മരണക്കായി സ്ഥാപിച്ചതാണ് മാധവ് നേത്രാലയ ഐ ഇൻസ്റ്റിറ്റ്യൂട്ട് ആന്റ് റിസർച്ച് സെന്റർ.
Discussion about this post