ലഖ്‌നൗ : ഈദ് ആഘോഷ പരിപാടികൾക്കിടയിൽ രണ്ടു മുസ്ലിം വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലും സംഘർഷവും. ഉത്തർപ്രദേശിലെ വിവിധ ഭാഗങ്ങളിൽ ഈദ് ആഘോഷത്തിന് ഇടയിൽ സംഘർഷം ഉണ്ടായി. ആഘോഷ പ്രകടനത്തിൽ പലസ്തീൻ പതാകയേന്തി പ്രകടനം നടത്തിയത് ഉൾപ്പെടെയുള്ള സംഭവങ്ങളും ഉത്തർപ്രദേശിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മീററ്റ്, ഹാപൂർ, സഹാറൻപൂർ, മൊറാദാബാദ് എന്നിവിടങ്ങളിൽ ആണ് പ്രധാനമായും സംഘർഷമുണ്ടായത്. മീററ്റിലെ സിവൽഖാസ് പട്ടണത്തിൽ മുസ്ലീം സമുദായത്തിലെ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ അക്രമാസക്തമായ ഏറ്റുമുട്ടൽ നടന്നു. ആദ്യം കുട്ടികൾ തമ്മിലുണ്ടായ തർക്കം പിന്നീട് മുതിർന്നവർ ഏറ്റെടുക്കുകയായിരുന്നു. സംഘർഷാവസ്ഥയിലേക്ക് നീങ്ങിയതോടെ പരസ്പരം കയ്യേറ്റവും വെടിവെപ്പും ഉണ്ടായി. വെടിവെപ്പിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്.
ഹാപൂരിൽ ഈദ് പ്രാർത്ഥനയ്ക്കിടെ മുസ്ലിം വിഭാഗവും പോലീസും തമ്മിൽ സംഘർഷം ഉണ്ടായി. പള്ളിയിൽ പ്രാർത്ഥനയ്ക്കായി എത്തിയ വിശ്വാസികൾ പോലീസ് ബാരിക്കേഡുകൾ തകർത്തതാണ് സംഘർഷത്തിന് തുടക്കമിട്ടത്. സഹാറൻപൂരിൽ, ഈദ് പ്രാർത്ഥനകൾക്ക് ശേഷം, ചിലർ പലസ്തീൻ പതാക വീശുകയും മറ്റു ചിലർ കൈകളിൽ കറുത്ത ബാൻഡുകൾ ധരിച്ച് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തത് പോലീസുമായി സംഘർഷത്തിന് കാരണമായി. നിലവിൽ എല്ലാ മേഖലയിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയെന്നാണ് ഉത്തർപ്രദേശ് പോലീസ് വ്യക്തമാക്കുന്നത്.
Discussion about this post