വീടുകളെ മനോഹരമാക്കുന്നതിൽ മുറ്റവും പൂന്തോട്ടവും എല്ലാം വലിയ പങ്കുവഹിക്കുന്നുണ്ട്. നിറയെ ചെടികളും പൂക്കളും ഉള്ള മുറ്റം ആരാണ് ഇഷ്ടപ്പെടാത്തത്?. എന്നാൽ ഇക്കാര്യത്തിൽ ഏറ്റവും വലിയ വില്ലൻ ആകുന്നത് മുറ്റത്തും പറമ്പിലും എല്ലാം അതിഥികളായി എത്തുന്ന പാമ്പുകളാണ്. നമ്മളിൽ ഭൂരിഭാഗവും പാമ്പുകളെ പേടിയുള്ളവരാണ്. അതിനാൽ തന്നെ വീടിനു പരിസരത്തു നിന്നും പാമ്പുകളെ അകറ്റിനിർത്താനായി പല വിദ്യകളും നമ്മൾ പ്രയോഗിക്കാറുണ്ട്. എന്നാൽ വീട്ടുമുറ്റത്ത് നടുന്ന ചില പ്രത്യേക ചെടികൾ കൊണ്ട് പാമ്പിനെ ഓടിക്കാൻ കഴിഞ്ഞാലോ? അങ്ങനെ പാമ്പിനെ തുരത്തുന്ന ഏതാനും ചെടികൾ പരിചയപ്പെടാം.
ശക്തവും തീവ്രവുമായ ഗന്ധമുള്ള ചെടികളാണ് പാമ്പുകളെ അകറ്റിനിർത്താനുള്ള ഏറ്റവും മികച്ച വഴി. അത്തരത്തിൽ തീവ്ര ഗന്ധമുള്ള ചില ചെടികൾ വീട്ടുമുറ്റത്തും പറമ്പിലും എല്ലാം നടുന്നത് വഴി വീടിന്റെ പരിസരത്തേക്ക് പോലും പാമ്പുകൾ കയറി വരില്ല. നമ്മുടെ കാലാവസ്ഥയും ലഭ്യതയും എല്ലാം അനുസരിച്ച് ഇതിന് ആവശ്യമായ ചെടികൾ തിരഞ്ഞെടുക്കാവുന്നതാണ്. പാമ്പുകളെ അകറ്റി നിർത്താൻ സഹായിക്കുന്ന ചെടികൾ ഇവയാണ്,
ചെണ്ടുമല്ലി / ജമന്തി
വീട്ടുമുറ്റത്തെ പൂന്തോട്ടത്തിന് ഭംഗി പകരാൻ മാത്രമല്ല, പാമ്പുകളെ ഓടിക്കാനും ചെണ്ടുമല്ലി / ജമന്തി ചെടികൾക്ക് കഴിയും.
ചെണ്ടുമല്ലിയുടെയും ജമന്തിയുടേയും പൂക്കൾക്ക് ശക്തമായ ഗന്ധമാണുള്ളത്. ഈ ഗന്ധം പാമ്പുകൾക്ക് അസഹനീയമാണ്. അതിനാൽ തന്നെ ഈ ചെടികൾ ഉള്ള പ്രദേശത്തേക്ക് പരമാവധി പാമ്പുകൾ വരാതിരിക്കാൻ ശ്രമിക്കും.
നാരകം
ശക്തവും തീവ്രവുമായ ഗന്ധമുള്ള ഇലകളാണ് നാരകത്തിന്റെ ഒരു സവിശേഷത. നാരകത്തിന്റെ ഇലകളിൽ നിന്നുള്ള ഈ മണം പാമ്പുകളെ പരിസരത്തു നിന്നും അകറ്റി നിർത്തും. വീട്ടുപറമ്പിൽ നാരകച്ചെടികൾ ഉണ്ടാകുന്നത് പാമ്പ് ശല്യത്തിനുള്ള ഒരു ഉത്തമ പരിഹാരമാണ്.
വെളുത്തുള്ളി
വെളുത്തുള്ളിയുടെ രൂക്ഷ ഗന്ധം പാമ്പുകൾക്ക് വലിയ വെറുപ്പുള്ള ഒന്നാണ്. അതിനാൽ തന്നെ വെളുത്തുള്ളി ചെടികൾ നിൽക്കുന്ന പ്രദേശത്തേക്ക് പാമ്പുകൾ അടുക്കാറില്ല. അടുക്കളത്തോട്ടത്തിൽ അല്പം വെളുത്തുള്ളി നട്ടാൽ പാമ്പുകളെ അകറ്റി നിർത്താം.
ലെമൺഗ്രാസ്
തീവ്ര ഗന്ധമുള്ള ഒരു ചെടിയാണ് ലെമൺ ഗ്രാസ്. തെക്ക് കിഴക്കൻ ഏഷ്യയിൽ പല വിഭവങ്ങൾക്കും രുചി കൂട്ടാനായി ലെമൺ ഗ്രാസ് ഉപയോഗിക്കാറുണ്ട്. പുൽത്തൈലം ഉണ്ടാക്കാനും ലെമൺ ഗ്രാസ് ആണ് ഉപയോഗിക്കുന്നത്. ഈ ചെടിയുടെ തീവ്രമായ മണം പാമ്പുകൾക്ക് അസഹനീയമാണ്.
തുളസി
വിശുദ്ധ സസ്യമായി കണക്കാക്കപ്പെടുന്ന തുളസിക്ക് ധാരാളം ഔഷധഗുണങ്ങൾ ഉണ്ടെന്ന് നമുക്കറിയാം. എന്നാൽ തുളസിയുടെ മണം പാമ്പുകൾക്ക് സഹിക്കാൻ കഴിയാത്തതാണ്. മുറ്റത്ത് ധാരാളം തുളസി ഉണ്ടെങ്കിൽ നിങ്ങൾക്ക് പാമ്പിന്റെ ശല്യം അനുഭവിക്കേണ്ടി വരില്ല.










Discussion about this post