പട്ന : വഖഫ് ബില്ലുമായി ബന്ധപ്പെട്ട നിലപാട് വ്യക്തമാക്കി ആർജെഡി നേതാവ് തേജസ്വി യാദവ്. ഞങ്ങൾ അധികാരത്തിലെത്തുന്ന നിമിഷം വഖഫ് ബിൽ ചവറ്റുകുട്ടയിലെറിയുമെന്നാണ് തേജസ്വി യാദവ് പ്രതികരിച്ചത്. വഖഫ് ബിൽ ഭരണഘടന വിരുദ്ധമാണ് എന്നും പട്‌നയിലെ പാർട്ടി ഓഫീസിൽ നടന്ന പത്രസമ്മേളനത്തിൽ തേജസ്വി യാദവ് വ്യക്തമാക്കി.
ധ്രുവീകരണ രാഷ്ട്രീയം കളിച്ച് രാജ്യത്തെ വിഭജിക്കാൻ ബിജെപി ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെയും തേജസ്വി യാദവ് വിമർശനമുന്നയിച്ചു. തിരഞ്ഞെടുപ്പ് വരെ നിതീഷ് കുമാറിനെ ബിജെപി കൂടെ നിർത്തും. അതിനുശേഷം എന്ത് സംഭവിക്കുമെന്ന് ഞങ്ങൾക്കും ബീഹാറിലെ ജനങ്ങൾക്കും നന്നായി അറിയാം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബിജെപിയിലെ ആളുകൾ 100 ശതമാനം ഭരണഘടനാ വിരുദ്ധരാണ്. അവർ എല്ലായ്പ്പോഴും ഭരണഘടനയെ ആക്രമിച്ചു കൊണ്ടിരിക്കുന്നു. വഖഫ് ബിൽ പോലും അതിന്റെ ഭാഗമാണ്. ഇപ്പോൾ ജനതാദൾ യുണൈറ്റഡും ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ സെല്ലായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് എന്നും തേജസ്വി യാദവ് കുറ്റപ്പെടുത്തി.
Discussion about this post