ലഖ്‌നൗ : ക്ഷേത്ര ഭണ്ഡാരം എണ്ണുന്നതിനിടയിൽ പണം മോഷ്ടിച്ച ബാങ്ക് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ വൃന്ദാവനിലെ ബങ്കെ ബിഹാരി ക്ഷേത്രത്തിൽ ആണ് ഭണ്ഡാരത്തിൽ നിന്നും പണം മോഷ്ടിക്കപ്പെട്ടത്. ഭണ്ഡാര വരുമാനം എണ്ണുന്നതിന് നിയോഗിക്കപ്പെട്ടിരുന്ന ബാങ്ക് ഉദ്യോഗസ്ഥൻ തന്നെയാണ് മോഷണത്തിന് അറസ്റ്റിലായത്.
കാനറ ബാങ്ക് ഉദ്യോഗസ്ഥനായ അഭിനവ് സക്‌സേനയാണ് ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്നും പണം മോഷ്ടിക്കുന്നതിനിടയിൽ പിടയിലായത്. എല്ലാ മാസങ്ങളിലും രണ്ടോ മൂന്നോ ദിവസങ്ങളിൽ ആയാണ് ബങ്കെ ബിഹാരി ക്ഷേത്രത്തിലെ പതിനഞ്ചോളം വരുന്ന ഭണ്ഡാരങ്ങൾ തുറന്ന് സംഭാവന എണ്ണിത്തിട്ടപ്പെടുത്താറുള്ളത്. ഈ ഉദ്യമത്തിനായി കാനറ ബാങ്കിൽ നിന്നും നിയോഗിക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥൻ ആയിരുന്നു അഭിനവ് സക്‌സേന. എണ്ണിത്തിട്ടപ്പെടുത്തിയ പണത്തിന്റെ കെട്ടുകളിൽ ചിലത് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് ഇയാൾ ക്ഷേത്രത്തിൽ നിന്നും കടത്തിയിരുന്നത്.
കാനറ ബാങ്കിന്റെ മഥുര ശാഖയിലെ ഉദ്യോഗസ്ഥനാണ് അഭിനവ് സക്സേന. ക്ഷേത്ര സുരക്ഷാ സംഘം ആണ് ഇയാളുടെ മോഷണം കണ്ടെത്തിയത്. തുടർന്ന് പോലീസിന്റെയും ഭക്തജനങ്ങളുടെയും സാന്നിധ്യത്തിൽ ഇയാളെ പരിശോധിച്ചപ്പോൾ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 1,28,600 രൂപ കണ്ടെത്തി. തുടർന്ന് പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോൾ കഴിഞ്ഞദിവസം ഇതേ രീതിയിൽ 8,55,300 രൂപ മോഷ്ടിച്ചതായി ഇയാൾ വെളിപ്പെടുത്തി. ഇയാൾ താമസിച്ചിരുന്ന ഫ്ലാറ്റിൽ പരിശോധന നടത്തിയ പോലീസ് മോഷ്ടിച്ച മുഴുവൻ തുകയും കണ്ടെടുത്തിട്ടുണ്ട്.
Discussion about this post