ഇംഫാൽ : വഖഫ് ഭേദഗതി നിയമത്തിന്റെ പേരിൽ മണിപ്പൂരിൽ അക്രമം. വഖഫ് ഭേദഗതി നിയമത്തെ പിന്തുണച്ച മണിപ്പൂരിലെ ബിജെപി നേതാവിന്റെ വീടിന് മുസ്ലിം വിഭാഗം തീയിട്ടു. ബിജെപി ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് അസ്കർ അലിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വഖഫ് ഭേദഗതി നിയമത്തെ പിന്തുണച്ചുകൊണ്ട് അസ്കർ അലി സമൂഹമാധ്യമങ്ങളിൽ ഒരു പോസ്റ്റ് ഇട്ടിരുന്നതാണ് മുസ്ലിം വിഭാഗത്തെ പ്രകോപിപ്പിച്ചത്.
ഞായറാഴ്ച രാത്രി തൗബൽ ജില്ലയിലെ ലിലോങ്ങിൽ സ്ഥിതിചെയ്യുന്ന അസ്കർ അലിയുടെ വീടിന് ഏതാനും പേർ ചേർന്ന് തീയിടുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വഖഫ് ഭേദഗതി ബിൽ പാസായതിന് പിന്നാലെ മണിപ്പൂരിൽ നിരവധി ആക്രമണ സംഭവങ്ങളാണ് അരങ്ങേറുന്നത്. ഇതോടെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ സുരക്ഷ കർശനമാക്കുന്നതിനായി അധിക സേനയെ വിന്യസിച്ചിട്ടുണ്ട്.
കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമമായതോടെ ഞായറാഴ്ച ഇംഫാൽ താഴ്‌വരയുടെ പല ഭാഗങ്ങളിലും പ്രതിഷേധങ്ങൾ നടന്നു. ലിലോങ്ങിൽ ദേശീയ പാത 102-ൽ ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ട് 5,000-ത്തിലധികം ആളുകൾ പങ്കെടുത്ത ഒരു റാലിയും പ്രതിഷേധക്കാർ നടത്തിയിരുന്നു. തൗബാലിലെ ഇറോങ് ചെസബ ഉൾപ്പെടെ ചില പ്രദേശങ്ങളിൽ പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Discussion about this post