ഇതൊരു വേഷമല്ല. ഇതൊരു ബിംബമാണ്. ഈ രാഷ്ട്രത്തിൻ്റെ സംസ്കൃതിയുടെ, ചെറുത്ത് നിൽപ്പിൻ്റെ, സത്യത്തിൻ്റെ ബിംബം.
സി ശങ്കരൻ നായർ ആയുധമുപയോഗിച്ചല്ല പോരാടിയത് . ആത്മാവിൽ നിന്നുയരുന്ന തീജ്ജ്വാലകൾ കൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്തത്തിനെതിരെ നിയമം കൊണ്ട് അദ്ദേഹം അടരാടി. ഈ ഏപ്രിൽ പതിനെട്ടിന് അവരൊരിക്കലും പാഠപുസ്തകങ്ങളിൽ പഠിപ്പിക്കാത്ത ആ കോടതി വ്യവഹാരം നിങ്ങൾക്ക് മുന്നിലെത്തിക്കുന്നു.
കഥകളി വേഷത്തിൽ നിൽക്കുന്ന ചിത്രം പങ്കുവച്ച ശേഷം ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ ഫെയിസ്ബുക്കിൽ കു റിച്ചതാണിത്. സർ ചേറ്റൂർ ശങ്കരൻ നായരുടെ ജീവിതകഥ പറയുന്ന കേസരി ചാപ്റ്റർ 2 എന്ന ചലച്ചിത്രത്തിൻ്റെ പരസ്യമായാണ് ഈ കുറിപ്പ് പങ്ക് വച്ചത്.
കേസരി ചാപ്റ്റർ 2 പ്രഖ്യാപിക്കപ്പെട്ടതോടെ വീണ്ടും ചർച്ചയാവുകയാണ് സർ ചേറ്റൂർ ശങ്കരൻ നായർ എന്ന ധീരനായ മലയാളിയുടെ ജീവിതം. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ അധ്യക്ഷ പദവിയിലെത്തിയ ഏക മലയാളിയും ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നെറികേടുകൾക്കെതിരെ ശക്തമായി പോരാടിയ നിയമജ്ഞനും ദേശസ്നേഹിയുമായിരുന്നു അദ്ദേഹം. 1919-ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ തുടർന്ന് വൈസ്രോയിയുടെ എക്സിക്യൂട്ടിവ് കൌൺസിലിൽ നിന്ന് അദ്ദേഹം രാജിവച്ചു. അതിനു ശേഷം ജാലിയൻവാലാബാഗ് സംഭവത്തിന്റെ ഉത്തരവാദിയായ ജനറൽ മൈക്കിൾ ഡയറിനെതിരെയും, ക്രൂരമായ ബ്രിട്ടീഷ് പട്ടാള നിയമത്തിനെതിരെയും അദ്ദേഹം ഇംഗ്ലണ്ടിൽ ചെന്ന് കേസ് വാദിക്കുകയുണ്ടായി. ബ്രിട്ടീഷ് സാമ്രാജ്യത്തത്തിനെതിരെ നടത്തിയ ധീരമായ നിയമപോരാട്ടമാണ് പുതിയ സിനിമയുടെ ഇതിവൃത്തം എന്നാണ് സൂചന.
ആരാണ് സർ സി. ശങ്കരൻ നായർ?
1857 ജൂലൈ 15ന് പാലക്കാട് ജില്ലയിലെ മങ്കരയിലെ ചേറ്റൂർ തറവാട്ടിലാണ് ശങ്കരൻ നായരുടെ ജനനം. കോഴിക്കോടും മദ്രാസിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 1879-ൽ നിയമബിരുദം നേടി. അഭിഭാഷകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് മദ്രാസ് നിയമസഭാംഗം, മദ്രാസ് ഹൈക്കോടതി ജഡ്ജി, വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗം തുടങ്ങി നിരവധി ഉന്നത പദവികൾ അദ്ദേഹം വഹിച്ചു. അദ്ദേഹത്തിൻ്റെ സേവനങ്ങളെ മാനിച്ച് ബ്രിട്ടീഷ് സർക്കാർ 1904-ൽ ‘കമാൻഡർ ഓഫ് ഇന്ത്യൻ എമ്പയർ’ ബഹുമതിയും 1912-ൽ ‘സർ’ പദവിയും നൽകി ആദരിച്ചു.
കോൺഗ്രസ് അധ്യക്ഷനായ മലയാളി
1897-ൽ അമരാവതിയിൽ വെച്ചുനടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ വാർഷിക സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചതോടെയാണ് ശങ്കരൻ നായർ ദേശീയ ശ്രദ്ധ നേടുന്നത്. ഈ പദവിയിലെത്തുന്ന ആദ്യത്തെയും അവസാനത്തേയും മലയാളിയാണ് അദ്ദേഹം. ബ്രിട്ടീഷ് വിദേശ മേധാവിത്വത്തെ നിശിതമായി വിമർശിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ അധ്യക്ഷ പ്രസംഗം ചരിത്രപരമായിരുന്നു. ഇന്ത്യക്ക് പുത്രികാരാജ്യ പദവിയോടുകൂടിയ സ്വയംഭരണം (Self-Government for India with Dominion Status) വേണമെന്ന് അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടു. ഇത് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഒരു നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു.
ജാലിയൻ വാലാബാഗും ധീരമായ രാജിയും
സർ സി. ശങ്കരൻ നായരുടെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ഏടുകളിലൊന്ന് 1919-ലെ ജാലിയൻ വാലാബാഗ് സംഭവമാണ്. അമൃത്സറിലെ ജാലിയൻ വാലാബാഗിൽ സമാധാനപരമായി യോഗം ചേർന്ന നിരായുധരായ നൂറുകണക്കിന് ഇന്ത്യക്കാരെ ബ്രിട്ടീഷ് സൈന്യം ദയാരഹിതമായി വെടിവെച്ചുകൊന്ന ആ സംഭവം ഇന്ത്യൻ മനസാക്ഷിയെ ഞെട്ടിച്ചു. ഈ ക്രൂരതയിൽ പ്രതിഷേധിച്ച്, ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും ഉന്നതമായ പദവികളിലൊന്നായ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിലെ അംഗത്വം അദ്ദേഹം വലിച്ചെറിഞ്ഞു. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറാൻ ഈ രാജി കാരണമായി. അധികാരത്തിന്റെ ഭാഗമായി നിൽക്കുമ്പോഴും സ്വന്തം ജനതയോട് കാണിക്കുന്ന അനീതിക്കെതിരെ പ്രതികരിക്കാനുള്ള അദ്ദേഹത്തിന്റെ ആർജ്ജവം അസാമാന്യമായിരുന്നു.
ബ്രിട്ടനെതിരെ നിയമയുദ്ധം
വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ നിന്ന് രാജിവെക്കുക മാത്രമല്ല ശങ്കരൻ നായർ ചെയ്തത്. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ ജനറൽ റെജിനാൾഡ് ഡയറിനെതിരെയും പഞ്ചാബിൽ നടപ്പാക്കിയ ക്രൂരമായ പട്ടാള നിയമത്തിനെതിരെയും നിയമനടപടികൾക്കായി അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോയി കൊടതിയിൽ കേസു കൊടുത്തു. അവിടെ ബ്രിട്ടീഷ് അധികാരികൾക്കെതിരെ അദ്ദേഹം ശക്തമായി വാദിച്ചു. അക്കാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഹൃദയഭൂമിയിൽ ചെന്ന് അവരുടെ ഭരണകൂട ഭീകരതയെ നിയമപരമായി ചോദ്യം ചെയ്യാൻ അദ്ദേഹം കാണിച്ച ധൈര്യം അദ്ദേഹത്തിന്റെ അചഞ്ചലമായ ദേശസ്നേഹത്തിന്റെ തെളിവാണ്. ‘കേസരി ചാപ്റ്റർ 2’ ഈ സംഭവവികാസങ്ങളെയാവും പ്രധാനമായും പിന്തുടരുന്നത് എന്ന് കരുതപ്പെടുന്നു. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെയുള്ള ഒരു മലയാളിയുടെ ഈ ഒറ്റയാൾ പോരാട്ടത്തിന്റെ കഥ അധികമാർക്കും അറിയില്ല.
ഗാന്ധിജിയോടുള്ള വിയോജിപ്പും അവസാനകാലവും
ഗാന്ധിജിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചപ്പോൾ, ശങ്കരൻ നായർക്ക് അതിനോട് യോജിക്കാൻ കഴിഞ്ഞില്ല. നിയമലംഘന സമരങ്ങളേക്കാൾ ഭരണഘടനാപരമായ മാർഗ്ഗങ്ങളിലൂടെ സ്വാതന്ത്ര്യം നേടുന്നതിലായിരുന്നു അദ്ദേഹത്തിന് വിശ്വാസം. ഗാന്ധിയൻ സമരരീതികളെ വിമർശിച്ചുകൊണ്ട് അദ്ദേഹം ‘ഗാന്ധി ആൻഡ് അനാർക്കി’ (Gandhi and Anarchy) എന്ന പുസ്തകമെഴുതി. ഇത് കോൺഗ്രസിൽ നിന്ന് അദ്ദേഹത്തെ അകറ്റി. എങ്കിലും, സൈമൺ കമ്മീഷനുമായി സഹകരിക്കാനുള്ള ഇന്ത്യൻ സെൻട്രൽ കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നുകൊണ്ട് ഇന്ത്യയുടെ പുത്രികാരാജ്യ പദവിക്കുവേണ്ടി അദ്ദേഹം തുടർന്നും വാദിച്ചു. 1934 ഏപ്രിൽ 24-ന് ഒരു കാർ അപകടത്തെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ കാരണം 76 ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.
ഓർമ്മിക്കപ്പെടേണ്ട ജീവിതം
സർ സി. ശങ്കരൻ നായരുടെ ജീവിതം ധീരതയുടെയും നീതിബോധത്തിന്റെയും ദേശസ്നേഹത്തിന്റെയും പ്രതീകമാണ്. ബ്രിട്ടീഷ് ഭരണത്തിന്റെ ഉന്നത പദവികളിലിരിക്കുമ്പോഴും സ്വന്തം രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി നിലകൊള്ളാൻ അദ്ദേഹം മടിച്ചില്ല. ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്കെതിരെ അദ്ദേഹം നടത്തിയ പ്രതികരണവും തുടർന്നുള്ള നിയമപോരാട്ടവും ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ തിളക്കമുള്ള അധ്യായങ്ങളാണ്. അക്ഷയ് കുമാർ നായകനാകുന്ന ‘കേസരി ചാപ്റ്റർ 2’ എന്ന സിനിമയിലൂടെ സർ സി. ശങ്കരൻ നായരുടെ ഈ ധീരമായ പോരാട്ടങ്ങൾ കൂടുതൽ പേരിലേക്ക് എത്തുമെന്നും അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് പുതുജീവൻ ലഭിക്കുമെന്നും പ്രതീക്ഷിക്കാം.
Discussion about this post