ന്യൂയോർക്ക് : മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ ഹുസൈൻ റാണയെ ഇന്ത്യക്ക് കൈമാറിയതിനെ നീതിയുടെ ദിനം എന്ന് വിശേഷിപ്പിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇന്ത്യയും യുഎസും ഒരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമാണ് ഇപ്പോൾ സംഭവിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 26/11 ആക്രമണത്തിന്റെ ഇരകളിൽ ഉൾപ്പെട്ട ആറ് അമേരിക്കക്കാർക്ക് ഇനിയാണ് ശരിയായ നീതി ലഭിക്കുന്നത് എന്നും അദ്ദേഹം സൂചിപ്പിച്ചു.
“2008 ലെ മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തതിൽ പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുള്ളതിനാൽ കുറ്റം ചുമത്തുന്നതിനായി തഹാവൂർ ഹുസൈൻ റാണയെ ഞങ്ങൾ ഇന്ത്യയിലേക്ക് നാടുകടത്തി. ഈ ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ട 6 അമേരിക്കക്കാർ ഉൾപ്പെടെ 166 പേർക്ക് നീതി ലഭിക്കാൻ ഇന്ത്യയുമായി ചേർന്ന് ഞങ്ങൾ വളരെക്കാലമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ആ ദിവസം വന്നതിൽ എനിക്ക് സന്തോഷമുണ്ട്” എന്ന് മാർക്കോ റൂബിയോ തന്റെ എക്സ് പോസ്റ്റിൽ കുറിച്ചു.
ഇന്ത്യയിലെത്തിച്ച തഹാവൂർ ഹുസൈൻ റാണയെ ദേശീയ അന്വേഷണ ഏജൻസി ഔദ്യോഗികമായി അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു മാർക്കോ റൂബിയോയുടെ ഈ പ്രതികരണം. യുണൈറ്റഡ് സ്റ്റേറ്റ്സ് നീതി ന്യായ വകുപ്പും റാണയെ ഇന്ത്യയ്ക്ക് കൈമാറിയതിന് സ്വാഗതം ചെയ്തു. 6 അമേരിക്കൻ പൗരന്മാരെ ഹീനമായി കൊലപ്പെടുത്തിയ റാണയെ അമേരിക്കയിൽ നിന്നും നാടുകടത്തിയതിൽ സന്തോഷമുണ്ടെന്ന് യു എസ് നീതിന്യായ വകുപ്പിന്റെ വക്താവ് നിക്കോൾ നവാസ് ഓക്സ്മാൻ വ്യക്തമാക്കി.
Discussion about this post