ന്യൂഡൽഹി: ചോദ്യം ചെയ്യലിൽ നിർണായക വെളിപ്പെടുത്തലുകൾ നടത്തി മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂർ റാണ.പാകിസ്താൻ സൈനിക യൂണിഫോമിനോട് കടുത്ത ആരാധനയുള്ള റാണ കടുത്ത ഇന്ത്യാവിരുദ്ധതയും ചോദ്യം ചെയ്യലിൽ പ്രകടിപ്പിച്ചു.
സാജിദ് മിർ, മേജർ ഇഖ്ബാൽ തുടങ്ങിയ ഭീകരരെ സന്ദർശിക്കുമ്പോൾ സൈനിക യൂണിഫോം ആണ് റാണ ധരിക്കാറുള്ളത്. വിരമിച്ചതിന് ശേഷവും പാക് ആർമിയുമായും ഐഎസ്ഐയുമായും ബന്ധമുണ്ടായിരുന്നു. ലഷ്‌കർ- ഇ- ത്വയിബ, ഹർകത്-ഉൽ- ജിഹാദ്-അൽ-ഇസ്‌ളാമി എന്നിവയുടെ ക്യാമ്പുകളും പതിവായി സന്ദർശിച്ചിരുന്നു. പിതാവ് റാണ വാലി മൊഹമ്മദ് സ്‌കൂൾ പ്രിൻസിപ്പാൽ ആയിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ റാണ വെളിപ്പെടുത്തി. രണ്ട് സഹോദരന്മാരിൽ ഒരാൾ പാക് സൈന്യത്തിൽ സൈക്യാട്രിസ്റ്റ് ആയി പ്രവർത്തിക്കുന്നു, മറ്റെയാൾ മാദ്ധ്യമപ്രവർത്തകനും. റാണയുടെ ഭാര്യ ഡോക്ടറാണ്.
പ്രത്യേകമായി ഒരുക്കിയിരിക്കുന്ന എൻഐഎ ആസ്ഥാനത്തെ സെല്ലിൽ 12 അംഗ സംഘമെത്തിയാണ് തഹാവൂർ റാണയെ ചോദ്യം ചെയ്യുന്നത്. ഈ പ്രത്യേക അന്വേഷണ സംഘത്തിന് പുറമേ റാണയെ കാണുന്നതിനോ സംസാരിക്കുന്നതിനോ മറ്റാർക്കും അനുവാദമില്ല. 24 മണിക്കൂറും നിരീക്ഷിക്കുന്നതിനായി സെല്ലിൽ പ്രത്യേകം ക്യാമറകൾ സജ്ജമാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ മൂന്നുമണിക്കൂറാണ് അന്വേഷണസംഘം റാണയെ ചോദ്യം ചെയ്തത് പ്രാഥമിക വിവരങ്ങളാണ് തേടിയത്.
Discussion about this post