വാഷിംഗ്ടൺ: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരത്തർക്കം കൂടുതൽ രൂക്ഷമാക്കി ഡൊണാൾഡ് ട്രംപ്. ചൈനയിൽ നിന്ന് അമേരിക്കയിലേക്കുള്ള ഇറക്കുമതികൾക്ക് 245% വരെ പുതിയ നികുതി ചുമത്തിക്കൊണ്ടുള്ള പ്രഖ്യാപനമാണ് ട്രംപ് ഭരണകൂടം നടത്തിയിരിക്കുന്നത്. ബീജിംഗിൻ്റെ സമീപകാല കയറ്റുമതി നിയന്ത്രണങ്ങൾക്കും തിരിച്ചടി നികുതികൾക്കുമുള്ള പ്രതികരണമായാണ് ഈ നടപടിയെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
“ചൈനയുടെ തിരിച്ചടി നടപടികളുടെ ഫലമായി അമേരിക്കയിലേക്കുള്ള ഇറക്കുമതിക്ക് 245% വരെ നികുതി നേരിടേണ്ടിവരും,” ട്രംപിൻ്റെ “അമേരിക്ക ഫസ്റ്റ് ട്രേഡ് പോളിസി”യുടെ ഭാഗമായാണ് ഈ നീക്കമെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിൽ വ്യക്തമാക്കി.
സൈനിക, വ്യോമയാന, സെമികണ്ടക്ടർ വ്യവസായങ്ങൾക്ക് നിർണായകമായ ഗാലിയം, ജർമേനിയം, ആൻ്റിമണി തുടങ്ങിയ സുപ്രധാന മൂലകങ്ങളുടെ വ്യാപാരം ചൈന മനഃപൂർവം നിയന്ത്രിക്കുന്നതായി അമേരിക്ക ആരോപിച്ചു. പല വ്യവസായങ്ങൾക്കും അത്യാവശ്യമായ ഈ അസംസ്കൃത വസ്തുക്കളുടെ വിതരണം തടസ്സപ്പെടുത്തുന്നതിനായി ആറ് ഹെവി റെയർ എർത്ത് ലോഹങ്ങളുടെയും റെയർ എർത്ത് കാന്തങ്ങളുടെയും കയറ്റുമതി ചൈന അടുത്തിടെ നിർത്തിവച്ചിരുന്നു. ഈ നടപടിക്ക് എതിരെയാണ് പുതിയ നികുതി പ്രഖ്യാപനമെന്നാണ് വൈറ്റ് ഹൗസ് വാർത്താക്കുറിപ്പിൽ പറയുന്നത്.
പരസ്പരമുള്ള നികുതിയുദ്ധങ്ങളുടെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ച ചൈന അമേരിക്കൻ ഉൽപ്പന്നങ്ങളുടെ നികുതി 125% ആയി ഉയർത്തിയിരുന്നു. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 90 ദിവസത്തേക്ക് അധിക നികുതി ഒഴിവാക്കിക്കൊണ്ട് പ്രസിഡൻ്റ് ട്രംപ് ചൈനീസ് ഇറക്കുമതികളുടെ നികുതി145% ആയി ഉയർത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ചൈനയുടെ ഈ നീക്കം.
പുതിയ നികുതികളുടെ വ്യാപകമായ വ്യാപ്തി ഉണ്ടായിരുന്നിട്ടും, നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വ്യാപാര ചർച്ചകൾ കാരണം മറ്റ് രാജ്യങ്ങൾക്ക് ഇളവ് നൽകിയിട്ടുണ്ടെന്ന് ഭരണകൂടം വ്യക്തമാക്കി. “75-ലധികം രാജ്യങ്ങൾ ഇതിനോടകം പുതിയ വ്യാപാര കരാറുകളെക്കുറിച്ച് ചർച്ച ചെയ്യാൻ സമീപിച്ചിട്ടുണ്ട്,” വൈറ്റ് ഹൗസ് പറഞ്ഞു. “ഈ ചർച്ചകൾ നടക്കുന്നതിനാൽ, വ്യക്തിഗതമായ ഉയർന്ന നികുതികൾ നിലവിൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. തിരിച്ചടി നടത്തിയ ചൈനയുടേത് ഒഴികെ.” വാർത്താക്കുറിപ്പിൽ പറയുന്നു.
തന്ത്രപരമായ വിഭവങ്ങളുടെ ഇറക്കുമതിയെക്കുറിച്ച് ദേശീയ സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചതായും വൈറ്റ് ഹൗസ് വെളിപ്പെടുത്തി. നൂതന ഉൽപ്പാദനത്തിനും പ്രതിരോധ സാങ്കേതിക വിദ്യകൾക്കും നിർണായകമായ വിദേശ അസംസ്കൃത വസ്തുക്കളെ അമേരിക്ക ആശ്രയിക്കുന്നതിനെക്കുറിച്ച് നേരത്തേ തന്നെ അമേരിക്കൻ ഭരണകൂടത്തിന് ആശങ്കകൾ ഉണ്ടായിരുന്നു. സൈനിക, പ്രതിരോധ മേഖലയിൽ ഉപയോഗിക്കുന്ന പല അസംസ്കൃത വസ്തുക്കളും ചൈനയിൽ നിന്നാണ് അമേരിക്ക ഇ റക്കുമതി ചെയ്തിരുന്നത്. ഇത് മനസ്സിലാക്കി ഈ അസംസ്കൃത വസ്തുക്കൾ അമേരിക്കക്ക് നൽകുന്നതിൽ ഒളിഞ്ഞും തെളിഞ്ഞും പല നിയന്ത്രണങ്ങളും ചൈന നടപ്പിലാക്കി. ഇതാണ് അമേരിക്കയെ ചൊടിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അമേരിക്കൻ വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനും വിതരണ ശൃംഖലകൾ സുരക്ഷിതമാക്കുന്നതിനുമുള്ള തൻ്റെ പ്രതിബദ്ധതയുടെ തുടർച്ചയായാണ് ട്രംപ് ഈ നീക്കത്തെ വിശേഷിപ്പിക്കുന്നത്.
245% വരെയുള്ള നികുതികൾ ബാധിക്കുന്നത് ഏതൊക്കെ ഉൽപ്പന്നങ്ങളെയാണെന്നുള്ള കൃത്യമായ പട്ടിക ഇതുവരെ അമേരിക്ക വെളിപ്പെടുത്തിയിട്ടില്ല.









Discussion about this post