ഗുജറാത്ത് സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റു മരിച്ച മുഹമ്മദ് ജാവേദ് ഗുലാം ഷെയ്ഖ് എന്ന പ്രാണേഷ് കുമാര്‍ പിള്ള ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയുടെ രഹസ്യ വിഭാഗം അംഗമായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ദുബായ് സര്‍ക്കാരിന്റെ രേഖകളിലാണ് ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്.
2003 ഫെബ്രുവരി എട്ടിനാണ് പ്രാണേഷ് പിള്ളയ്‌ക്കെതിരെ ദുബായ് രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാരിന് ഇക്കാര്യം വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മലയാളിയായ പ്രാണേഷ് ഭീകരസംഘടനയുടെ ഷാഡോ സംഘത്തില്‍പ്പെട്ടയാളാണെന്ന് ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ദുബായ് സര്‍ക്കാരിന്റെ ദേവ എന്ന വൈദ്യുതി കമ്പനിയിലായിരുന്നു പ്രാണേഷിന് ജോലി. 2001 മേയില്‍ ജോലിയ്ക്ക് കയറിയ പ്രാണേഷ് പിള്ള പിന്നീട് ലഷ്‌കര്‍ ഇ ത്വയ്ബയുടെ സംഘത്തിലാവുകയും മതം മാറി ജാവേദ് ഷെയ്ഖ് എന്ന പേര് സ്വീകരിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സഹപ്രവര്‍ത്തകനായ പാക്ക് അധീന കശ്മീര്‍ സ്വദേശിയായ സുഹ്രാബ് ബഹാദൂര്‍ ഷേര്‍ ഹൈദര്‍ എന്നയാളാണ് പ്രാണേഷിനെ ലഷ്‌കറുമായി അടുപ്പിച്ചത്. ഇവരെക്കൂടാതെ പാക്കിസ്ഥാനില്‍ നിന്നുള്ള മൂന്ന് പേര്‍കൂടി കമ്പനിയില്‍ ലഷ്‌കര്‍ ഷാഡോ സംഘത്തിലുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് സുഹ്രാബ് ഷേര്‍ ഹൈദര്‍ ഉള്‍പ്പെടെ നാലുപേരെയും ദുബായ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ ഈ സമയത്ത് പ്രാണേഷ് കേരളത്തിലായിരുന്നു. കൂട്ടാളികള്‍ അറസ്റ്റിലായതറിഞ്ഞ ഇയാള്‍ പിന്നീട് ദുബായിലേക്ക് തിരിച്ച് പോകാതെ ഒളിവില്‍ പോവുകയായിരുന്നു. ദുബായ് പോലീസ് ഇയാളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇന്ത്യന്‍ എംബസി വഴി കേരള പോലീസിന് കൈമാറിയിരുന്നു. എന്നാല്‍ കേരള പോലീസ് ഇത് അവഗണിച്ചു. അതേ സമയം പ്രാണേഷ് കുമാര്‍ ഖത്തറിലാണ് ജോലി ചെയ്തിരുന്നതെന്നാണ് പിതാവ് ഗോപിനാഥ പിള്ള പോലീസിന് നല്‍കിയ മൊഴിയിലുള്ളത്.
Discussion about this post