ബെംഗളൂരു : കർണാടക മുൻ ഡിജിപിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ എച്ച്എസ്ആർ ലേഔട്ടിലുള്ള വസതിയിൽ ആണ് മുൻ ഡിജിപി ഓംപ്രകാശിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓംപ്രകാശിന്റെ മരണം കൊലപാതകം ആണെന്ന് പോലീസ് വ്യക്തമാക്കി.
മുൻ ഡിജിപിയുടെ മരണത്തിൽ അദ്ദേഹത്തിന്റെ ഭാര്യക്ക് പങ്കുള്ളതായി സംശയിക്കുന്നതായി കർണാടക പോലീസ് അറിയിച്ചു. സംഭവം നടക്കുന്ന സമയം ഓം പ്രകാശും ഭാര്യയും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഓംപ്രകാശ് മരിച്ചു കിടക്കുന്നതായി പോലീസിനെ വിളിച്ച് അറിയിച്ചത് അദ്ദേഹത്തിന്റെ ഭാര്യയാണ്. എന്നാൽ പോലീസ് വീട്ടിലെത്തിയപ്പോൾ കതക് തുറക്കാൻ ഇവർ വിസമ്മതിച്ചിരുന്നു.
സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കർണാടക പോലീസ് വ്യക്തമാക്കി. കർണാടക കേഡർ 1981 ബാച്ച് ഐപിഎസ് ഓഫീസർ ആണ് ഓം പ്രകാശ്. സംസ്ഥാന ഡിജിയും ഐജിപിയുമായി സേവനമനുഷ്ഠിച്ച ശേഷം 2015 ൽ ആണ് അദ്ദേഹം വിരമിച്ചത്. ബെംഗളൂരുവിലെ എച്ച്എസ്ആർ ലേഔട്ടിലാണ് അദ്ദേഹം താമസിച്ചിരുന്നത്.
Discussion about this post