ഹൈദരാബാദ് : ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ മുൻ പ്രസിഡണ്ട് മുഹമ്മദ് അസ്ഹറുദ്ദീനെതിരെ ക്രിക്കറ്റ് അസോസിയേഷൻ ഓംബുഡ്സ്മാൻ. രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ നോർത്ത് സ്റ്റാൻഡിന് അസ്ഹറുദ്ദീൻ തന്റെ പ്രസിഡന്റ് പദവി ദുരുപയോഗം ചെയ്തുകൊണ്ട് സ്വന്തം പേര് നൽകി എന്ന് ഓംബുഡ്സ്മാൻ വിമർശിച്ചു. നോർത്ത് സ്റ്റാൻഡിൽ നിന്നും അസ്ഹറുദ്ദീന്റെ പേര് നീക്കം ചെയ്യാനും ഓംബുഡ്സ്മാൻ ഉത്തരവിട്ടിട്ടുണ്ട്.
ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ അംഗ യൂണിറ്റായ ലോർഡ്‌സ് ക്രിക്കറ്റ് ക്ലബ് സമർപ്പിച്ച ഹർജിയിലാണ് ഓംബുഡ്സ്മാന്റെ ഈ സുപ്രധാന നിരീക്ഷണം. എച്ച്‌സിഎയുടെ എത്തിക്‌സ് ഓഫീസറായി സേവനമനുഷ്ഠിക്കുന്ന ജസ്റ്റിസ് (റിട്ട.) വി ഈശ്വരയ്യ ആണ് അസ്ഹറുദ്ദീന്റെ പേര് നീക്കം ചെയ്യണമെന്നുള്ള വിധി പുറപ്പെടുവിച്ചത്. എച്ച്‌സിഎയുടെ മുൻ പ്രസിഡണ്ട് ആയിരുന്ന മുഹമ്മദ് അസ്ഹറുദ്ദീൻ ഈ കാലഘട്ടത്തിൽ തന്റെ പദവി ദുരുപയോഗം ചെയ്ത് നോർത്ത് സ്റ്റാൻഡിന് സ്വന്തം പേര് നൽകി എന്ന ഹർജിയാണ് ഓംബുഡ്സ്മാൻ ശരി വെച്ചത്.
അതേസമയം സ്റ്റേഡിയത്തിലെ നോർത്ത് സ്റ്റാൻഡിൽ നിന്ന് തന്റെ പേര് നീക്കം ചെയ്യാനുള്ള ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ ഓംബുഡ്‌സ്മാന്റെ ഉത്തരവിനെതിരെ തെലങ്കാന ഹൈക്കോടതിയെ സമീപിക്കുമെന്ന് മുഹമ്മദ് അസ്ഹറുദ്ദീൻ പറഞ്ഞു. 2019 ഡിസംബറിൽ ആണ് അസ്ഹറുദ്ദീൻ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡണ്ടായി ചുമതലയേറ്റിരുന്നത്. പ്രസിഡന്റ് പദവിയിൽ എത്തി ഒരു മാസത്തിന് ശേഷമാണ് നിയമങ്ങൾ ലംഘിച്ചുകൊണ്ട് അപെക്സ് കൗൺസിൽ യോഗത്തിൽ നോർത്ത് സ്റ്റാൻഡിന് തന്റെ പേര് നൽകാനുള്ള പ്രമേയം അദ്ദേഹം പാസാക്കിയിരുന്നത്.
Discussion about this post