കായംകുളം മണ്ഡലത്തില്‍ ജെഎസ്എസ്മുതിര്‍ന്ന നേതാവ് രാജന്‍ ബാബു എന്‍ഡിഎ പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയായേക്കും. എസ്്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ശക്തമായ പിന്തുണയോടെയാണ് രാജന്‍ ബാബു എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുന്നത്. ഈഴവ നായര്‍ വോട്ടുകള്‍ നിര്‍ണായകമായ കായംകുളത്ത് ഇതോടെ ശക്തമായ ത്രീകോണമത്സരത്തിന് അരങ്ങൊരുങ്ങും. 20 വര്‍ഷത്തോളം യുഡിഎഫില്‍ നിന്ന തനിക്ക് വേണ്ടത്ര പരിഗണന കിട്ടിയില്ലെന്നും എന്‍ഡിഎയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനം എന്നും മണലൂര്‍ രാജന്‍ ബാബു ഇന്നലെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ വെള്ളാപ്പള്ളി ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിയത്. സുഭാഷ് വാസുവിന്റെ വസതിയില്‍ കുമ്മനം രാജശേഖരനും, വെള്ളാപ്പള്ളിയും നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ ഏതാണ്ട് തീരുമാനമായെന്നാണ് സൂചനയ ഇനി രാജന്‍ ബാബുവിന്റെ സാന്നിധ്യത്തില്‍ വീണ്ടും ചര്‍ച്ച നടത്തും.
കായംകുളത്ത് രാജന്‍ ബാബു മത്സരിച്ചാല്‍ ജയസാധ്യത ഏറെയാണെന്നാണ് എന്‍ഡിഎയുടെ വിലയിരുത്തല്‍. ബിജെപിയ്ക്ക് നിലവില്‍ മുപ്പതിനായിരത്തിലധികം വോട്ടുകളുള്ള മണ്ഡലത്തില്‍ ബിഡിജെഎസ് പിന്തുണ കൂടി ലഭിക്കുന്നതോടെ അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവെക്കാനാവുമെന്നാണ് രാജന്‍ ബാബുവിന്റെയും കണക്ക് കൂട്ടല്‍. നായര്‍ വോട്ടുകളില്‍ നിര്‍ണായക സ്വാധീനം ബിജെപിയ്ക്ക് ഉള്ള മണ്ഡലമാണ് കായംകുളം.
നിലവില്‍ സിപിഎമ്മിന്റെ മണ്ഡലമാണ് കായംകുളം. കഴിഞ്ഞ 10 വര്‍ഷമായി സി.പി.എമ്മിലെ സി.കെ. സദാശിവനാണ് മണ്ഡലത്തെ പ്രതിനിധികരിക്കുന്നത്. ഇത്തവണയും സദാശിവന് തന്നെയാണ് എല്‍ഡിഎഫ് പരിഗണന നല്‍കുന്നത്. ഇടത് മുന്നണിയ്ക്ക് മണ്ഡലത്തില്‍ കാര്യമായ സ്വാധീനം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെറും 1500നടുത്ത് വോട്ടിന്റെ ഭൂരിപക്ഷമാണ് സിപിഎം സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിച്ചത്.
സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം സി.എസ്. സുജാത, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.എ. അലിയാര്‍, ഏരിയ സെക്രട്ടറി അഡ്വ. കെ.എച്ച്. ബാബുജാന്‍ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. കോണ്‍ഗ്രസിനകത്താകട്ടെ സ്ഥാനാര്‍ത്ഥി നിര്‍ണയം തന്നെ വലിയ പൊല്ലാപ്പായി മാറിയിട്ടുണ്ട്. കായംകുളം സീറ്റ് മോഹിച്ച് കോണ്‍ഗ്രസില്‍നിന്ന് 10 പേരാണ് രംഗത്തുള്ളത്.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സി.ആര്‍. ജയപ്രകാശ്, സെക്രട്ടറി അഡ്വ. ത്രിവിക്രമന്‍ തമ്പി, നിര്‍വാഹക സമിതിയംഗം അഡ്വ. ഇ. സമീര്‍, ഡി.സി.സി വൈസ് പ്രസിഡന്റുമാരായ അഡ്വ. യു. മുഹമ്മദ്, അഡ്വ. പി.എസ്. ബാബുരാജ്, വേലഞ്ചിറ സുകുമാരന്‍ എന്നിവരാണ് മണ്ഡലത്തില്‍നിന്ന് സ്ഥാനാര്‍ഥി ലിസ്റ്റില്‍ ഇടംപിടിച്ചവര്‍.കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എം. ലിജു, സെക്രട്ടറിമാരായ അഡ്വ. കെ.പി. ശ്രീകുമാര്‍, മാന്നാര്‍ അബ്ദുല്‍ ലത്തീഫ്, നിര്‍വാഹക സമിതിയംഗം എ.കെ. രാജന്‍ എന്നിവരാണ് മണ്ഡലത്തിന് പുറത്തുള്ളവര്‍.
കായംകുളം നഗരസഭയും കാര്‍ത്തികപ്പളളി താലൂക്കിലെ ദേവികുളങ്ങര, കണ്ടല്ലൂര്‍, കൃഷ്ണപുരം, പത്തിയൂര്‍ പഞ്ചായത്തുകളും മാവേലിക്കര താലൂക്കിലെ ഭരണിക്കാവ്, ചെട്ടികുളങ്ങര പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് കായംകുളം നഗരസഭ മണ്ഡലം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി മണ്ഡലത്തില്‍ വലിയ മുന്നേറ്റം കാഴ്ച വെച്ചിരുന്നു.
രാജന്‍ബാബു വിഭാഗം എന്‍ഡിഎയില്‍ എത്തുന്നത് വലിയ ഗുണം ചെയ്യുമെന്ന കണക്ക് കൂട്ടലാണ് ബിജെപിയ്ക്കുള്ളത. അരൂര്‍ ആലപ്പുഴ മണ്ഡലങ്ങളില്‍ കാര്യമായ സ്വാധീനം ജെഎസ്എസ് രാജന്‍ ബാബു വിഭാഗത്തിനുണ്ട്.
Discussion about this post