ന്യൂഡൽഹി; ജമ്മു കശ്മീരിലെ പഹൽഗാമ് ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സൌദി സന്ദർശനം വെട്ടിക്കുറച്ച് ഇന്ത്യയിലേക്ക് തിരിച്ചെത്തി.സൗദി അറേബ്യയിൽ നിന്ന് എത്തിയ ഉടൻ വിമാനത്താവളത്തിൽ വെച്ച് തന്നെ പ്രധാനമന്ത്രി മോദി ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമായി അടിയന്തര യോഗം ചേര്‍ന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി തുടങ്ങിയവർ പ്രധാനമന്ത്രിക്ക് സാഹചര്യങ്ങൾ വിവരിച്ചു.
പഹല്‍ഗാം ആക്രമണം നടത്തിയത് മൂന്ന് പാക് ഭീകരര്‍ ആണെന്നാണ് ഒടുവിലത്തെ സ്ഥിരീകരണം . നാട്ടുകാരന്റെ സഹായവും ഇവര്‍ക്ക് ലഭിച്ചതായി രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ഭീകരര്‍ ഒന്നിലധികം ബൈക്കുകള്‍ ഉപയോഗിച്ചു. നമ്പര്‍ പ്ലേറ്റില്ലാതെ ഒരു ബൈക്ക് കണ്ടെത്തിയിട്ടുണ്ട്.
രണ്ടു സംഘമായി തിരിഞ്ഞ് എ.കെ. 47 ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്. പഹല്‍ഗാമിലെ സുരക്ഷയും തിരച്ചിലും നേരിട്ട് നിയന്ത്രിച്ച് കരസേന. രാഷ്ട്രീയ റൈഫിള്‍സും പാരാ കമാന്‍ഡോകളും തിരച്ചില്‍ നടത്തുന്നു. ചെക്പോസ്റ്റിലും വനത്തിലും തിരയാന്‍ ജമ്മു കശ്മീര്‍ പോലീസും സിആര്‍പിഎഫും രംഗത്തുണ്ട്. കാക്കി വസ്ത്രം ധരിച്ചവരാണ് വെടിവച്ചതെന്നാണ് ഒരു ദൃക്സാക്ഷിയുടെ മൊഴി.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് കശ്മീരിലെ പഹൽഗാം പ്രദേശത്ത് വിനോദസഞ്ചാരികൾക്ക് നേരേ ഭീകരർ വെടിയുതിർത്തത്. ആക്രമണത്തിൽ 26 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. അവധിക്കാല വിനോദസഞ്ചാരികളായി പഹൽഗാമിലെത്തിയവരാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും.
Discussion about this post