ഡല്‍ഹി: ഇന്ത്യ സന്ദര്‍ശിയ്ക്കുന്നത് ഏത് രാജ്യത്ത് നിന്നുള്ളവരായാലും സുരക്ഷ ഉറപ്പു വരുത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ട്വന്റി 20 ക്രിക്കറ്റില്‍ ടീമിനെ അയയ്ക്കണമെങ്കില്‍ സുരക്ഷ സംബന്ധിച്ച് ഇന്ത്യ രേഖാമൂലം ഉറപ്പ് നല്‍കണമെന്ന് പാക്കിസ്ഥാന് ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
പാക്ക് ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ അലി ഖാനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതിന് മറുപടിയായിട്ടാണ് രാജ്നാഥ് സിങ് സുരക്ഷ ഉറപ്പു നല്‍കുമെന്ന് വ്യക്തമാക്കിയത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ മാധ്യമങ്ങളോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
ടീമുകള്‍ക്ക് സുരക്ഷ ഉറപ്പു വരുത്തുന്ന കാര്യത്തില്‍ മുഴുവന്‍ ഉത്തരവാദിത്തം ബി.സി.സി.ഐ ഏറ്റുടുക്കുന്നതായി മുതിര്‍ന്ന ബി.സി.സി.ഐ ഭരണസമിതി അംഗം രാജീവ് ശുക്ലയും വ്യക്തമാക്കി. ഓരോ മത്സരവേദിയിലേയും സുരക്ഷാക്രമീകരണങ്ങള്‍ സംബന്ധിച്ച് ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളോടും ജില്ലാ ഭരണകൂടങ്ങളോടും സംസാരിയ്ക്കും. രേഖാമൂലമുള്ള ഉറപ്പുകള്‍ സംബന്ധിച്ച് പാക്കിസ്ഥാന് നിര്‍ബന്ധം പിടിച്ചാല്‍ അതില്‍ ബി.സി.സി.ഐയ്ക്ക് ഒന്നും ചെയ്യാനില്ല. അത് സര്‍ക്കാരുകള്‍ തമ്മില്‍ ആലോചിയ്ക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷയൊരുക്കാനാവില്ലെന്ന് ഹിമാചല്‍ മുഖ്യമന്ത്രി വീരഭദ്ര സിങ് അറിയിച്ചതിനെത്തുടര്‍ന്ന് ഇന്ത്യ-പാക്ക് മത്സരം ധരംശാലയില്‍ നിന്ന് കൊല്‍ക്കത്തയിലേയ്ക്ക് മാറ്റിയിരുന്നു.
Discussion about this post