ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്ക് സുപ്രീംകോടതിയുടെ ശാസന. വീർ സവർക്കറിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനാണ് സുപ്രീംകോടതി രാഹുൽ ഗാന്ധിയെ ശാസിച്ചത്. സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കുകയും കളിയാക്കുകയും ചെയ്യുന്ന നിരുത്തരവാദപരമായ സമീപനം രാഹുൽഗാന്ധി അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
വി ഡി സവർക്കറിനെതിരെയോ മറ്റേതെങ്കിലും സ്വാതന്ത്ര്യസമര സേനാനിക്ക് എതിരായോ ഭാവിയിൽ മോശം പരാമർശങ്ങൾ ഉണ്ടാകരുതെന്ന് സുപ്രീംകോടതി രാഹുൽഗാന്ധിക്ക് മുന്നറിയിപ്പ് നൽകി. ബ്രിട്ടീഷുകാരുമായുള്ള ആശയവിനിമയത്തിൽ മഹാത്മാഗാന്ധി ‘നിങ്ങളുടെ വിശ്വസ്ത ദാസൻ’ എന്ന വാക്കുകൾ ആയിരുന്നു ഉപയോഗിച്ചിരുന്നത് എന്ന് രാഹുൽ ഗാന്ധിക്ക് അറിയാമോ എന്ന് സുപ്രീം കോടതി രാഹുലിന്റെ അഭിഭാഷകനായ മനു അഭിഷേക് സിംഗ്വിയോട് ചോദിച്ചു. വീർ സവർക്കറിനെതിരായ രാഹുൽ ഗാന്ധിയുടെ മോശം പരാമർശത്തിൽ സ്വമേധയാ നടപടിയെടുക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ക്രിമിനൽ കേസിൽ സമൻസ് റദ്ദാക്കാൻ വിസമ്മതിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ ആണ് രാഹുൽഗാന്ധി സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. 2022 നവംബർ 17 ന് മഹാരാഷ്ട്രയിലെ അകോള ജില്ലയിൽ നടന്ന ഭാരത് ജോഡോ യാത്രയിൽ ഗാന്ധിജി സവർക്കറിനെതിരെ നടത്തിയ പരാമർശമാണ് മാനനഷ്ടക്കേസിന് കാരണമായത്. സവർക്കറെ “ബ്രിട്ടീഷ് സേവകൻ” എന്നായിരുന്നു രാഹുൽ ഗാന്ധി ഈ പ്രസംഗത്തിൽ വിശേഷിപ്പിച്ചിരുന്നത്. ജനങ്ങളെ പ്രകോപിപ്പിക്കാൻ അല്ലെങ്കിൽ എന്തിനാണ് രാഹുൽ ഗാന്ധി ഇത്തരം പരാമർശങ്ങൾ നടത്തുന്നത് എന്ന് സുപ്രീംകോടതി ചോദ്യം ഉന്നയിച്ചു. രാഹുൽ ഗാന്ധിയുടെ മുത്തശ്ശി ഇന്ദിരാഗാന്ധി പോലും വീർ സവർക്കറിന് ബഹുമാനത്തോടെ കത്തുകൾ അയച്ചിരുന്ന വ്യക്തിയാണെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.
Discussion about this post