ജമ്മു കശ്മീർ; ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച പ്രധാന ഭീകരരുടെ ചിത്രങ്ങൾ സൈന്യം പുറത്തുവിട്ടിരുന്നു. കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ പ്രധാന ഭീകരൻ ഹാഷിം മൂസ എന്ന സുലൈമാൻ പാകിസ്താൻ സൈന്യത്തിന്റെ പ്രത്യേക സേനയിലെ മുൻ പാരാ കമാൻഡോയാണെന്ന് റിപ്പോർട്ട്.
പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ സംഘത്തിന് ഇതു സംബന്ധിച്ച പൂർണ്ണ വിവരം ലഭിച്ചതായാണ് സൂചന. ചില പ്രത്യേക ലക്ഷ്യം നിറവേറ്റുന്നതിനായി സൈന്യത്തിൻറ അനുമതിയോടെ അയാളെ ഭീകരസംഘടനകൾ ചുമതല ഏൽപ്പിച്ചതാവാം എന്നാണ് അന്വേഷണം സംഘത്തിൻറെ അനുമാനം.
കശ്മീരി ഭൂഗർഭ തൊഴിലാളികളെ ചോദ്യം ചെയ്തതിൽ നിന്നാണ് മൂസയുടെ സൈനിക പശ്ചാത്തലം സ്ഥിരീകരിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വർഷമായി മൂസ ജമ്മു കശ്മീരിൽ സജീവമായിരുന്നുവെന്നും സുരക്ഷാ സേനയ്ക്കും ബിസിനസ് ആവശ്യത്തിനായി കശ്മരീലെത്തുന്ന മറ്റ് സംസ്ഥാനത്തുള്ളവർക്കും നേരെ നടന്ന പല ആക്രമണങ്ങളിലും മൂസയ്ക്ക് പങ്കുള്ളതായാണ് സൂചന.
ലഷ്‌കർ-ഇ-തൊയ്ബയ്ക്ക് പുറമെ പാകിസ്താൻ പിന്തുണയുള്ള മറ്റ് ഭീകരസംഘടനകളുമായും മൂസയ്ക്ക് വലിയ ബന്ധമുണ്ടാതാം എന്നാണ് അന്വേഷണ സംഘത്തിൻറെ നിഗമനം. മൂസയെ കൂടാതെ, ആസിഫ് ഫൗജി, അബു തൽഹ, ആദിൽ ഹുസൈൻ തോക്കർ, അഹ്സാൻ എന്നീ ഭീകരരുടെ ചിത്രങ്ങളും സൈന്യം പുറത്തുവിട്ടിരുന്നു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെ സഹായത്തോടെയാണ് പ്രതികളുടെ രേഖാ ചിത്രം സൈന്യം തയ്യാറാക്കിയത്.
പഹൽഗാം ആക്രമണത്തിന് പിന്നിൽ പാക് സൈന്യത്തിന് കൃത്യമായ പങ്കുണ്ടെന്ന് ജമ്മു കശ്മീർ മുൻ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) ശേഷ് പോൾ വൈദ് പഹൽഗാം പ്രസ്താവന നടത്തിയിരുന്നു. ഇക്കാര്യങ്ങൾ ശരിവെക്കുന്നതാണ് മൂസയെ സംബന്ധിച്ച് അന്വേഷണ സംഘത്തിന് കിട്ടുന്ന വിവരങ്ങൾ . പാക് സൈന്യം വളരെ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ആക്രമണം എന്നാണ് വൈദ് പഹൽഗാം ആക്രമണത്തെ വിശേഷിപ്പിച്ചത്.
ഭീകരരെയും അവരുടെ സഹായികളെയും പിടികൂടുന്നതിനായി സുരക്ഷാ സേന താഴ്‌വരയിൽ തിരച്ചിൽ തുടരുകയാണ്. നൂറുകണക്കിന് ഭൂഗർഭ തൊഴിലാളികളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ പൊതു സുരക്ഷാ നിയമം (പിഎസ്എ) പ്രകാരം രണ്ട് ഭൂഗർഭ തൊഴിലാളികളെ കൂടി സൈന്യം കസ്റ്റഡിയിലെടുത്തിരുന്നു. ബുദ്ഗാമിലെ പഖേർപോര പ്രദേശത്തെ താമസക്കാരായ ഇരുവരും ഭീകര പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കുന്നതിൽ നിർണായക പങ്കുവഹിച്ചുവെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
തീവ്രവാദികളുടെ നീക്കങ്ങളെ സഹായിച്ചു, അവർക്ക് അഭയം നൽകി, ആയുധങ്ങൾ എത്തിക്കാൻ സഹായിച്ചു. നിരോധിത ഭീകര സംഘടനകളിൽ ചേരാൻ പ്രാദേശിക യുവാക്കളെ പ്രേരിപ്പിച്ചു എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.









Discussion about this post