ന്യൂഡൽഹി : ഇന്ത്യയിലെ തങ്ങളുടെ ആദ്യത്തെ തീം പാർക്ക് സ്ഥാപിക്കാൻ തയ്യാറെടുക്കുകയാണ് ലോകപ്രശസ്തമായ യൂണിവേഴ്സൽ സ്റ്റുഡിയോസ്. 3 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഉള്ള ഒരു ഇൻഡോർ തീം പാർക്ക് ആണ് യൂണിവേഴ്സൽ സ്റ്റുഡിയോസ് ഇന്ത്യയിൽ സ്ഥാപിക്കുക. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാളിൽ ആയിരിക്കും സ്ഥാപിക്കപ്പെടുന്നത്.
സുനിൽ മിത്തലിന്റെ ഭാരതി എന്റർപ്രൈസസിന്റെ ഭാഗമായ ഭാരതി റിയൽ എസ്റ്റേറ്റ് ഡൽഹി വിമാനത്താവളത്തിനടുത്തായി ആരംഭിക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാളിൽ ആണ് ഇന്ത്യയിലെ ആദ്യത്തെ യൂണിവേഴ്സൽ സ്റ്റുഡിയോസ് തീം പാർക്ക് ഒരുങ്ങുന്നത്. അമ്യൂസ്‌മെന്റ് പാർക്ക് സ്ഥാപിക്കുന്നതിനായി ഭാരതി എന്റർപ്രൈസസ് പുതിയ മാളിന്റെ മൂന്ന് ലക്ഷം ചതുരശ്ര അടി പാട്ടത്തിന് നൽകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2027 പകുതിയോടെ തീം പാർക്ക് പ്രവർത്തനം ആരംഭിക്കാൻ കഴിയും എന്നാണ് യൂണിവേഴ്സൽ സ്റ്റുഡിയോസ് പ്രതീക്ഷിക്കുന്നത്.
ഡൽഹി എയ്റോ സിറ്റിയിൽ 28 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് ഭാരതി റിയൽ എസ്റ്റേറ്റ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാൾ ആരംഭിക്കുന്നത്. ഈ മാളിന്റെ 10 ശതമാനത്തോളം വരുന്ന ഏരിയയാണ് യൂണിവേഴ്സൽ സ്റ്റുഡിയോസിന് പാട്ടത്തിന് നൽകാൻ തീരുമാനിച്ചിട്ടുള്ളത്. ഡൽഹിയുടെ വലിയ വികസനത്തിനും ഇന്ത്യയുടെ നൈറ്റ് ലൈഫ് ആകർഷകമാക്കാനും ഈ മാൾ വലിയ മുന്നേറ്റം ഉണ്ടാക്കും എന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ നവംബറിൽ എയ്‌റോസിറ്റിയിലെ റെസ്റ്റോറന്റുകൾക്കും ബാറുകൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്നതിനുള്ള അനുമതി ഡൽഹി സർക്കാർ നൽകിയിരുന്നു. ഇന്ത്യയുടെ ടൂറിസം രംഗത്ത് വലിയ സാധ്യതകളാണ് ഈ മാൾ യാഥാർത്ഥ്യമാകുന്നതോടെ ഉണ്ടാകുക.









Discussion about this post