പനാജി : ഗോവയിലെ ഷിർഗാവോ ഗ്രാമത്തിലെ ലൈരായ് ദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അപകടം. ദാരുണമായ അപകടത്തിൽ ഏഴുപേർ മരിച്ചു. 30ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ 10ലേറെ ആളുകൾ ഗുരുതരാവസ്ഥയിലാണ്. ശനിയാഴ്ച പുലർച്ചെ ആണ് ദുരന്തം ഉണ്ടായത്.
പരിക്കേറ്റവരുടെ അവസ്ഥ വിലയിരുത്താൻ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നേരിട്ട് ആശുപത്രി സന്ദർശിച്ചു.
പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ വൈദ്യസഹായവും നൽകുന്നുണ്ടെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. ഒരു ചരിഞ്ഞ പ്രദേശത്ത് ജനക്കൂട്ടം വേഗത്തിൽ നീങ്ങാൻ തുടങ്ങിയപ്പോഴാണ് തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടായത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
എല്ലാ വർഷവും വടക്കൻ ഗോവയിൽ നടക്കുന്ന ശ്രീ ലൈരായ് യാത്രയിൽ 50,000-ത്തിലധികം പേരാണ് പങ്കെടുക്കാറുള്ളത്. ഗോവയിലെ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനങ്ങൾ അറിയിച്ചു. പരിക്കേറ്റവർക്ക് എല്ലാ വിദഗ്ധ ചികിത്സയും ലഭ്യമാക്കാനും അദ്ദേഹം നിർദ്ദേശിച്ചു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായും അദ്ദേഹം സംസാരിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.
Discussion about this post