ലണ്ടൻ : പാകിസ്താൻ വ്യോമാതിർത്തി ഒഴിവാക്കാൻ തീരുമാനിച്ച് യൂറോപ്യൻ വിമാന കമ്പനികൾ. എയർ ഫ്രാൻസ്, ബ്രിട്ടീഷ് എയർവേയ്‌സ്, ഐടിഎ എയർവേയ്‌സ്, ലോട്ട് പോളിഷ് എയർലൈൻസ്, സ്വിസ് വിമാനങ്ങൾ ഉൾപ്പെടെയുള്ള യൂറോപ്യൻ വിമാനക്കമ്പനികൾ ആണ് ഈ സുപ്രധാന തീരുമാനം സ്വീകരിച്ചിട്ടുള്ളത്. ഏപ്രിൽ 30 മുതൽ ഈ തീരുമാനം നടപ്പിലാക്കിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തങ്ങളുടെ യാത്രക്കാരുടെ സുരക്ഷയെ കരുതിയാണ് ഇത്തരം ഒരു തീരുമാനം സ്വീകരിച്ചത് എന്നാണ് വിമാന കമ്പനികൾ അറിയിക്കുന്നത്. പാകിസ്താൻ വ്യോമാതിർത്തി ഒഴിവാക്കിയുള്ള യാത്രയിലൂടെ യാത്രാദൂരം വർദ്ധിക്കുമെങ്കിലും യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനം എന്ന് യൂറോപ്യൻ വിമാന കമ്പനികൾ വ്യക്തമാക്കുന്നു. യൂറോപ്പ്യൻ വിമാന കമ്പനികൾ പാക് വ്യോമാതിർത്തി ഒഴിവാക്കി മറ്റു റൂട്ടുകൾ സ്വീകരിച്ചതായി ഫ്ലൈറ്റ് ട്രാക്കിംഗ് സൈറ്റായ ഫ്ലൈറ്റ്റാഡാർ 24 സ്ഥിരീകരിച്ചു.
പാക് വ്യോമാതിർത്തി നിലവിൽ അപകട സാധ്യതയുള്ള മേഖല ആയി വിലയിരുത്തിയാണ് യൂറോപ്യൻ വിമാന കമ്പനികളുടെ ഈ തീരുമാനം. പറക്കലിന് സുരക്ഷിതമല്ലാത്ത സ്ഥലങ്ങളെ ഇത്തരത്തിൽ ഒഴിവാക്കുന്നത് സാധാരണമാണ്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിൽ നിലനിൽക്കുന്ന സംഘർഷമാണ് പാകിസ്താൻ വ്യോമാതിർത്തി ഒഴിവാക്കാനുള്ള തീരുമാനത്തിലേക്ക് യൂറോപ്യൻ വിമാനകമ്പനികളെ എത്തിച്ചിരിക്കുന്നത്. പാക് വ്യോമാതിർത്തി ഒഴിവാക്കുന്നതിലൂടെ ഒരു മണിക്കൂർ അധികം സമയം ഈ വിമാനങ്ങൾക്ക് കൂടുതൽ പറക്കേണ്ടതായി വരും. എങ്കിലും തങ്ങളുടെ യാത്രക്കാരുടെ സുരക്ഷയാണ് ദൂരത്തേക്കാൾ പ്രധാനം എന്നാണ് യൂറോപ്പ്യൻ വിമാന കമ്പനികൾ വ്യക്തമാക്കുന്നത്.
Discussion about this post