വാഷിങ്ടൺ: കശ്മീർ പ്രശ്നം പരിഹരിച്ചുതരണമെന്ന് ആഗോളസമൂഹത്തോട് ആവശ്യപ്പെട്ട് പാകിസ്താൻ .പഹൽഗാം ആക്രമണത്തെത്തുടർന്ന് ഇന്ത്യയുമായുള്ള ബന്ധം പൂർണ്ണമായും തകർന്നതിന്റെ പ്രധാന പ്രശ്നം കശ്മീർ തർക്കമാണെന്നാണ് പാകിസ്താൻ വ്യക്തമാക്കുന്നത്. അമേരിക്കയിലുള്ള പാകിസ്താൻ പ്രതിനിധിയാണ് കശ്മീർ തർക്കം പരിഹരിക്കണമെന്ന് ആഗോള സമൂഹത്തോട് ആവശ്യപ്പെട്ടത്.
ഇന്ത്യാ പാക് വിഷയത്തിൽ ഇടപടണം. കാശ്മീർ തർക്കം എന്ന പ്രധാന പ്രശ്‌നം അഭിസംബോധന ചെയ്തുകൊണ്ട് പ്രശ്നം പരിഹരിക്കണമെന്നാണ് യുഎസിലെ പാകിസ്താൻ അംബാസഡർ റിസ്വാൻ സയീദ് ഷെയ്ഖ് ഒരു അഭിമുഖത്തിൽ സംസാരിച്ചത്. വിഷയത്തിൽ ട്രംപ് ഇടപടണമെന്ന സൂചനയാണ് അദ്ദേഹത്തിൻറെ പ്രസ്താവനയിലൂടെ പ്രതിഫലിക്കുന്നതെന്ന് ആഗോളമാദ്ധ്യമങ്ങൾ വ്യക്തമാക്കുന്നു.
ട്രംപ് സ്ഥാനമേറ്റതിനെ തുടർന്ന് ഇസ്രായേലിനും ഹമാസിനുമിടയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നു .ഉക്രെയ്‌നും റഷ്യയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ അദ്ദേഹം ഇരുകൂട്ടരുമായി ചർച്ച നടത്തി. കശ്മീർ പ്രശ്നത്തിന് ശാശ്വതമായ ഒരു പരിഹാരത്തിന് ലോകമെമ്പാടുമുള്ള രാജ്യങ്ങൾ സഹായിക്കണമെന്നും ഫോക്സ് ന്യൂസുമായുള്ള അഭിമുഖത്തിനിടെ , ഷെയ്ഖ് ആഹ്വാനം ചെയ്തു.
ഈ ഭരണകാലത്ത് ലോകസമാധാനത്തിനായി നിലകൊള്ളുക എന്നത് ഒരു പ്രഖ്യാപിത ലക്ഷ്യമാണെന്ന് അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തപ്പോൾ ട്രംപ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ കശ്മീർ പ്രശ്നത്തേക്കാൾ വലിയതോ ചെറിയതോ ആയ മറ്റൊരു പൊട്ടിത്തെറി ഇല്ലെന്നാണ് സയീദ് ഷെയ്ഖ് നൽകുന്ന സൂചന.
ഏതെങ്കിലും ചെറിയ രീതിയിലുള്ള പരിഹാരമല്ല, മറിച്ച് വിശാലമായ അർത്ഥത്തിൽ തന്നെ ഇന്ത്യ പാക് പ്രശ്നം പരിഹരിക്കപ്പെടണം എന്നാണ് ഷെയ്ഖ് ആവശ്യപ്പെട്ടിരിക്കുന്നത്. തെറ്റായ ധാരണകളും , സാഹസികതയും ആണവ സ്ഫോടനത്തിലേക്ക് നയിച്ചേക്കാം. ഇത്രയും ജനസാന്ദ്രതയുള്ള പ്രദേശത്ത് അത് തീർച്ചയായും അഭികാമ്യമല്ല, എന്ന ഭീഷണിയുടെ സ്വരവും ഷെയ്ഖിൻറെ അഭിമുഖത്തിൽ പ്രതിഫലിച്ചു. സമാധാനപരമായ ഒരു അയൽപക്കമാണ് പാകിസ്താൻ ആഗ്രഹിക്കുന്നത്. മേഖലയിൽ ഒരു അസ്ഥിരതയും പാകിസ്താന് താത്പര്യമില്ലെന്നും ഷെയ്ഖ് പറഞ്ഞു.
പഹൽഗാം ആക്രമണത്തോടുള്ള ഇന്ത്യയുടെ പ്രതികരണം പ്രകോപനപരവുമാണെന്നാണ് ഷെയ്ഖ് വിശേഷിപ്പിച്ചത്. പഹൽഗാം ആക്രമണത്തെക്കുറിച്ച് നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം നടത്താമെന്ന് ഷെയ്ഖ് ആവർത്തിച്ചു. ആക്രമണം നടന്ന് മിനിറ്റുകൾക്കുള്ളിൽ ഇന്ത്യ പാകിസ്ഥാനെതിരെ ആരോപണങ്ങൾ ഉന്നയിക്കാൻ തുടങ്ങിയെന്നാണ് ഷെയ്ഖിൻറെ മറ്റൊരു പ്രസ്താവന.സിന്ധു നദീജല കരാർ നിർത്തിവെച്ച ഇന്ത്യയുടെ ഏകപക്ഷീയമായ തീരുമാനം നിയമവിരുദ്ധമാണെന്നാണ് ഷെയ്ഖിൻറെ രോദനം.
പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേരുടെ ജീവനാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്കർ ഇ യൊയ്ബയാണ് ആക്രമണത്തിന് പിന്നിലെന്ന നിലപാടിൽ ഇന്ത്യ ഉറച്ചു നിൽക്കുകയാണ്. ഇതിന് പാക് സൈന്യത്തിൻറെ പിന്തുണയും ലഭിച്ചിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് സൂചനയുണ്ട്.









Discussion about this post