ന്യൂഡൽഹി : പാകിസ്താൻ പതാക വഹിക്കുന്ന ഒരു കപ്പലിനെയും ഇന്ത്യൻ തുറമുഖങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന്റെ ഉത്തരവ്. ഇന്ത്യൻ കപ്പലുകൾ പാകിസ്താൻ തുറമുഖങ്ങളിലേക്കും പോകാൻ പാടില്ല എന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താനെതിരായ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാരിന്റെ ഈ പുതിയ ഉത്തരവ്.
പാകിസ്താനിൽ നിന്ന് വ്യോമ, ഉപരിതല റൂട്ടുകൾ വഴിയുള്ള എല്ലാ വിഭാഗം ഇൻബൗണ്ട് മെയിലുകളുടെയും പാഴ്‌സലുകളുടെയും കൈമാറ്റം താൽക്കാലികമായി നിർത്തിവയ്ക്കാനും കേന്ദ്രസർക്കാർ ശനിയാഴ്ച തീരുമാനമെടുത്തിട്ടുണ്ട്. പാകിസ്താനുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ആശയവിനിമയ മന്ത്രാലയം ആണ് ഈ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
ആശയവിനിമയ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന തപാൽ വകുപ്പാണ് സേവനങ്ങൾ നിർത്തിവച്ച കാര്യം ഔദ്യോഗികമായി അറിയിച്ചത്. സിന്ധു നദീജല ഉടമ്പടി താൽക്കാലികമായി നിർത്തിവയ്ക്കൽ, അട്ടാരിയിലെ ഏക കര അതിർത്തി അടച്ചുപൂട്ടൽ, നയതന്ത്ര ബന്ധങ്ങൾ തരംതാഴ്ത്തൽ എന്നീ നടപടികൾക്ക് ശേഷമാണ് ഇന്ത്യ ഈ സുപ്രധാന തീരുമാനങ്ങൾ സ്വീകരിച്ചിരിക്കുന്നത്.
Discussion about this post