ന്യൂഡൽഹി: പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ വെച്ച് നടന്ന ചർച്ചയിൽ, കശ്മീരിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും ഭീകരാക്രമണത്തിന് ശേഷമുള്ള സ്ഥിതിഗതികളും പ്രധാന വിഷയങ്ങളായി. ഭീകരാക്രമണത്തിനു ശേഷം ജമ്മു കാശ്മീർ മുഖ്യമന്ത്രി ആദ്യമായാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്.
കഴിഞ്ഞ ആഴ്ച നടന്ന പഹൽഗാം ഭീകരാക്രമണം ഉൾപ്പെടെ വിവിധ വിഷയങ്ങൾ മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തതായി ഒമർ അബ്ദുള്ളയുടെ പാർട്ടിയായ നാഷണൽ കോൺഫറൻസ് സാമൂഹ്യമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. വിനോദസഞ്ചാരികളടക്കം 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിനു ശേഷം ജമ്മു കാശ്മീരിലെ സമാധാനാന്തരീക്ഷം തകരാറിലായിരുന്നു. ഇതോടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധവും കൂടുതൽ വഷളായി. ആക്രമണത്തിന് മറുപടിയായി ഇന്ത്യ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവെക്കുകയും, അട്ടാരിയിലെ ഇൻ്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് അടയ്ക്കുകയും, പാകിസ്ഥാനുള്ള വിസ റദ്ദാക്കുകയും, പാക് വിമാനങ്ങൾക്ക് വ്യോമപാത നിഷേധിക്കുകയും ചെയ്തിരുന്നു.
ഇതിന് പ്രതികരണമായി പാകിസ്ഥാൻ ഇന്ത്യയുമായുള്ള വ്യാപാരം നിർത്തിവെക്കുകയും ഇന്ത്യൻ വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപാതയിൽ വിലക്കേർപ്പെടുത്തുകയും ചെയ്തു. ഈ സംഘർഷഭരിതമായ സാഹചര്യത്തിലാണ് ഒമർ അബ്ദുള്ളയും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. ഭീകരാക്രമണത്തോട് ശക്തമായി പ്രതികരിക്കാൻ സായുധ സേനയ്ക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും, ഭീകരവാദത്തെ ശക്തമായി അടിച്ചമർത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി മോദി ചർച്ചയിൽ വ്യക്തമാക്കി.
കശ്മീരിലെ സാധാരണ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള നടപടികളും ചർച്ചയിൽ വിഷയമായതായാണ് വിവരം.









Discussion about this post