ലഖ്‌നൗ : പത്മശ്രീ പുരസ്കാര ജേതാവ് ആത്മീയ ഗുരു ബാബ ശിവാനന്ദ വാരണാസിയിൽ അന്തരിച്ചു. 128 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്നായിരുന്നു അന്ത്യം. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അറിയിച്ചു.

യോഗയ്ക്കും ആത്മീയതയ്ക്കും നൽകിയ സംഭാവനകൾക്ക് ബാബ ശിവാനന്ദയ്ക്ക് 2022 ൽ ആണ് രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നത്. ബാബ ശിവാനന്ദയുടെ വിയോഗം പരിഹരിക്കാനാവാത്ത നഷ്ടമാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. “യോഗാ പരിശീലകനും കാശി നിവാസിയുമായ ശിവാനന്ദ ബാബ ജിയുടെ വിയോഗത്തെക്കുറിച്ച് കേൾക്കുന്നത് അങ്ങേയറ്റം ദുഃഖകരമാണ്. യോഗയ്ക്കും സാധനയ്ക്കും വേണ്ടി സമർപ്പിച്ച അദ്ദേഹത്തിന്റെ ജീവിതം രാജ്യത്തെ എല്ലാ തലമുറകൾക്കും പ്രചോദനം നൽകും. യോഗയിലൂടെ സമൂഹത്തെ സേവിച്ചതിന് അദ്ദേഹത്തിന് പത്മശ്രീയും ലഭിച്ചു. ശിവാനന്ദ ബാബയുടെ ശിവലോകത്തിലേക്കുള്ള വേർപാട് നമുക്കെല്ലാവർക്കും, അദ്ദേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ദശലക്ഷക്കണക്കിന് ആളുകൾക്കും നികത്താനാവാത്ത നഷ്ടമാണ്. ദുഃഖത്തിന്റെ ഈ മണിക്കൂറിൽ ഞാൻ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കുന്നു” എന്ന് മോദി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.
കൃത്യതയും അച്ചടക്കവുമുള്ള ജീവിതശൈലിയിലൂടെയും യോഗയിലൂടെയും ആണ് ബാബ ശിവാനന്ദ 128 വയസ്സ് പൂർത്തിയാക്കിയത്. 1896 ഓഗസ്റ്റ് 8 ന് ഇന്നത്തെ ബംഗ്ലാദേശിലെ സിൽഹെറ്റ് ജില്ലയിൽ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. കടുത്ത പട്ടിണി മൂലം മാതാപിതാക്കൾ മരിച്ചത് അദ്ദേഹത്തിന്റെ ജീവിതത്തിലെ എക്കാലത്തെയും വലിയ വേദനയായിരുന്നു. ഈ ഓർമ്മ മൂലം ജീവിതകാലം മുഴുവൻ ദിവസം ഒരു തവണ മാത്രം അരവയർ ഭക്ഷണം കഴിച്ചു കൊണ്ടായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. ദിവസവും പുലർച്ചെ മൂന്നുമണിക്ക് എണീറ്റ് യോഗ പരിശീലിക്കുകയും നിലത്ത് പായയിൽ ഉറങ്ങുകയും അടക്കമുള്ള കൃത്യനിഷ്ഠമായ ജീവിതം ആയിരുന്നു അദ്ദേഹം തന്റെ ആയുഷ്കാലം മുഴുവൻ നിലനിർത്തിയിരുന്നത്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബാബ ശിവാനന്ദയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. “സാധനയും യോഗയും നിറഞ്ഞ നിങ്ങളുടെ ജീവിതം മുഴുവൻ സമൂഹത്തിനും ഒരു വലിയ പ്രചോദനമാണ്. നിങ്ങളുടെ ജീവിതം മുഴുവൻ യോഗയുടെ വികാസത്തിനായി സമർപ്പിച്ചു. പരേതനായ ആത്മാവിന് മോക്ഷം നൽകാനും, അദ്ദേഹത്തിന്റെ ദുഃഖിതരായ അനുയായികൾക്ക് ഈ വലിയ ദുഃഖം താങ്ങാനുള്ള ശക്തി നൽകാനും ഞാൻ ബാബ വിശ്വനാഥിനോട് പ്രാർത്ഥിക്കുന്നു” എന്ന് യോഗി എക്സിൽ കുറിച്ചു.









Discussion about this post