ന്യൂഡൽഹി : ശത്രു ആക്രമണത്തിൽ ജാഗ്രത പുലർത്തുന്നതിന്റെ ഭാഗമായി മെയ് 7 ന് സിവിൽ ഡിഫൻസ് മോക്ക് ഡ്രില്ലുകൾ നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവിധ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ഒരു യുദ്ധസാഹചര്യമുണ്ടെങ്കിൽ, സിവിൽ ഡിഫൻസ് സിസ്റ്റത്തിന് കീഴിൽ നിങ്ങൾ പാലിക്കേണ്ട പ്രോട്ടോക്കോളുകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുന്നതിനാണ് ഈ മോക്ക് ഡ്രിൽ. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള സാധാരണക്കാർക്ക് അവശ്യ സിവിൽ ഡിഫൻസ് സാങ്കേതിക വിദ്യകളിൽ പരിശീലനം നൽകണമെന്നും ആഭ്യന്തരമന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.
വ്യോമാക്രമണ സൈറണുകൾ പരീക്ഷിക്കുക, സാധാരണക്കാർക്കും വിദ്യാർത്ഥികൾക്കും പരിശീലനം നൽകുക, ബ്ലാക്ക്ഔട്ട് നടപടികൾ നടപ്പിലാക്കുക തുടങ്ങിയവയാണ് മോക്ക് ഡ്രില്ലിൽ ഉണ്ടായിരിക്കുക. അടിയന്തര സാഹചര്യങ്ങളിൽ സ്വയം പരിരക്ഷിക്കാനുള്ള അറിവ് പൊതുജനങ്ങൾക്ക് നൽകുന്നതിനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഈ നിർദ്ദേശം. വ്യോമാക്രമണ സമയത്ത് ദൃശ്യപരത കുറയ്ക്കുന്നതിന് വൈദ്യുതി തടസ്സം സൃഷ്ടിക്കുന്ന ക്രാഷ് ബ്ലാക്കൗട്ട് നടപടികൾ നടപ്പിലാക്കുന്നതും ഈ അഭ്യാസത്തിൽ ഉൾപ്പെടും.
രാജ്യവ്യാപകമായുള്ള അഭ്യാസത്തിന്റെ ഫലപ്രാപ്തി ഉറപ്പാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ എന്നിവരുടെ ഏകോപിത പങ്കാളിത്തമുണ്ടാവണമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഏപ്രിൽ 22 ന് പഹൽഗാമിൽ 25 വിനോദസഞ്ചാരികളും ഒരു തദ്ദേശീയ കശ്മീരിയും കൊല്ലപ്പെട്ട ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് ഈ നിർദ്ദേശം.
Discussion about this post