ന്യൂഡൽഹി: മനുഷ്യ വികസന സൂചികയിൽ തുടർച്ചയായ പുരോഗതി കൈവരിച്ച് ഭാരതം. ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടി ഇന്ന് പുറത്തിറക്കിയ 2025 ലെ മനുഷ്യ വികസന റിപ്പോർട്ടിൽ (HDR) 193 രാജ്യങ്ങളിൽ 130-ാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് രാജ്യം. 2022 ൽ 0.676 ആയിരുന്ന HDI മൂല്യം 2023 ൽ 0.685 ആയി വർദ്ധിച്ചു. നിലവിൽ ഇടത്തരം മനുഷ്യ വികസന വിഭാഗത്തിൽ തന്നെ തുടരുകയാണ് ഇന്ത്യയെങ്കിലും ഉയർന്ന മനുഷ്യ വികസനത്തിനുള്ള (HDI >= 0.700) പരിധിയിലേക്ക് വളരെ വേഗത്തിൽ തന്നെ അടുത്ത് കൊണ്ടിരിക്കുകയാണ് നമ്മുടെ രാജ്യം എന്നാണ് ഐക്യരാഷ്ട്ര സഭ പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നത്.
“എ മേറ്റർ ഓഫ് ചോയ്‌സ്: പീപ്പിൾ ആൻഡ് പോസിബിലിറ്റീസ് ഇൻ ദി ഏജ് ഓഫ് എഐ” എന്ന തലക്കെട്ടിലാണ് 2025 ലെ എച്ച്ഡിആർ പുറത്ത് വന്നിരിക്കുന്നത്. ഇതിൽ മനുഷ്യവികസനത്തിന്റെ അടുത്ത അധ്യായം രൂപപ്പെടുത്തുന്നതിൽ കൃത്രിമബുദ്ധിയുടെ നിർണായക പങ്ക് എടുത്തുകാണിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഇന്ത്യ പോലുള്ള അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിൽ നിർമ്മിത ബുദ്ധി വളരെ പ്രധാനമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
“മാനവ വികസന സൂചികയിൽ ഇന്ത്യയുടെ ശ്രദ്ധേയമായ പുരോഗതിക്ക് ഞങ്ങൾ അഭിനന്ദനം അറിയിക്കുന്നു. 2022 ലെ 133-ാം റാങ്കിൽ നിന്ന് മാനവ വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 2023 ആകുമ്പോഴേക്കും 130 ആയി ഉയർന്നിട്ടുണ്ട് . മനുഷ്യവികസനത്തിന്റെ പ്രധാന മാനങ്ങളിലെ, പ്രത്യേകിച്ച് ശരാശരി സ്കൂൾ വിദ്യാഭ്യാസ വർഷങ്ങളിലും ദേശീയ പ്രതിശീർഷ വരുമാനത്തിലും, സുസ്ഥിരമായ പുരോഗതി ഇന്ത്യയുടെ പുതിയ റാങ്ക് പ്രതിഫലിപ്പിക്കുന്നു.” യുഎൻഡിപി ഇന്ത്യയുടെ റസിഡന്റ് പ്രതിനിധി ആഞ്ചല ലുസിഗി പറഞ്ഞു.
സൂചിക ആരംഭിച്ചതിനുശേഷം ഇന്ത്യയുടെ ആയുർദൈർഘ്യം അതിന്റെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരിക്കുകയാണ്. മഹാമാരിയിൽ നിന്ന് രാജ്യം ശക്തമായി കരകയറിയതിന്റെയും ദീർഘകാല മനുഷ്യക്ഷേമത്തിനായുള്ള നിക്ഷേപങ്ങളുടെയും പ്രതിബദ്ധതയുടെയും തെളിവാണ് ഇത്. സ്ത്രീകൾ നയിക്കുന്ന വികസനം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, എല്ലാവർക്കും ആരോഗ്യ സംരക്ഷണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, സമഗ്രമായ വളർച്ചയും മനുഷ്യവികസനത്തിൽ തുടർച്ചയായ പുരോഗതിയും കൈവരിക്കാൻ ഇന്ത്യയുടെ സാധ്യത വളരെ വലുതാണ് ആഞ്ചല ലുസിഗി കൂട്ടിച്ചേർത്തു.









Discussion about this post